ശ്രീനഗര്‍. ജമ്മു കശ്മീരില്‍ ഈ വിന്ററിലെ കൊടും തണുപ്പിന്റെ (Chilla-i-Kalan) നാളുകള്‍ക്ക് തുടക്കമായി. ശൈത്യകാലത്ത് ഏറ്റവും കൂടിയ തണുപ്പുള്ള നാളുകളാണിത്. മഞ്ഞു വര്‍ഷവും ഉണ്ടാകും. 40 ദിവസം വരെ നീളുന്ന ഈ സീസണ് ചില്ലായെ കലാന് എന്നാണ് അറിയപ്പെടുന്നത്. കശ്മീരുടനീളം ചില്ലായെ കലാന് ശക്തിപ്രാപിച്ചു. തലസ്ഥാനമായ ശ്രീനഗറില്‍ മൈന്‍ 3.3 ഡിഗ്രിയായിരുന്നു വെള്ളിയാഴ്ച ഏറ്റവും താഴ്ന്ന താപനില. കശ്മീരന്റെ കവാടമെന്നറിയപ്പെടുന്ന ഖാസിഗുണ്ഡിലും ഇതേ താപനിലയായിരുന്നു. വിനോദ സഞ്ചാര കേന്ദ്രമായ പഹല്‍ഗാമില്‍ മൈനസ് 4.8 ഡിഗ്രി വരെ താഴ്ന്നു. വരും ദിവസങ്ങളിലും തണുപ്പിന് ഒട്ടും കുറവുണ്ടാകില്ല. ഗുല്‍മര്‍ഗില്‍ മൈനസ് 3 ഡിഗ്രി ആയിരുന്നത് മൈനസ് 1 ഡിഗ്രിയായി അല്‍പ്പം മെച്ചപ്പെട്ടിട്ടുണ്ട്. ജമ്മുവില്‍ താപലനില 8.5 ഡിഗ്രിയാണ്.
ചില്ലായെ കലാന് ജനുവരി 30 വരെ നീണ്ടു നില്ക്കും. കശ്മീരിലെ ശൈത്യ കാലത്തിന്റെ തുടക്കമാണിത്. ഈ 40 നാളുകള്‍ കഴിഞ്ഞാലും അതി ശൈത്യം ഫെബ്രുവരി 19 വരെ തുടരും. ശേഷം മാര്‍ച്ച് ഒന്നു വരേയുള്ള 10 ദിവസങ്ങളെ ചില്ലായെ ബച്ഛ എന്നാണ് വിശേഷിപ്പിക്കുന്നത്.
അതി ശൈത്യമാണെങ്കിലും ഡിസംബര്‍ 28 വരെ പൊതുവെ വരണ്ട കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. അടുത്ത ദിവസങ്ങളില്‍ മൂടല്‍ മഞ്ഞും നേരിയ മഞ്ഞു മഴയും ഉണ്ടാകാം. പുറത്ത് നിന്നെത്തുന്ന വിനോദ സഞ്ചാരികള്‍ വളരെ സൂക്ഷിക്കേണ്ട കാലാവസ്ഥയാണിത്. കടുത്ത പ്രതികൂല കാലാവസ്ഥയോട് പൊരുത്തപ്പെടാന്‍ പ്രദേശ വാസികള്‍ക്ക് വേഗത്തില്‍ കഴിയുമെങ്കിലും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കേണ്ടതുണ്ട്.