മറയൂർ. കേരളത്തിന്റെ കശ്മീർ എന്നറിയപ്പെടുന്ന കാന്തല്ലൂരിൽ സഞ്ചാരികൾക്ക് വർണക്കാഴ്ചകളൊരുക്കുന്ന കാന്തല്ലൂർ ടൂറിസം ഫെസ്റ്റിന് തുടക്കമായി. ഏപ്രിൽ 29വരെയാണ് ഫെസ്റ്റ്. പയസ്നഗര്‍ പയസ് ടെന്‍ത് സ്‌കൂള്‍ മൈതാനിയിലും ഭ്രമരം വ്യൂ പോയിന്റിലുമാണ് പരിപാടികള്‍ നടക്കുന്നത്. കാന്തല്ലൂര്‍ പഞ്ചായത്തും കാന്തല്ലൂര്‍ ഹോം സ്റ്റേ ആന്‍ഡ് റിസോര്‍ട്ട് അസോസിയേഷനും ചേര്‍ന്നാണ് ഫെസ്റ്റ് നടത്തുന്നത്. 52 ടൂറിസം കേന്ദ്രങ്ങൾ, ശിലായുഗ കാഴ്ചകൾ, മുനിയറകൾ, വെള്ളച്ചാട്ടങ്ങൾ, ഭൗമ സൂചിക പദവി നേടിയ മറയൂർ ശർക്കര, കാന്തല്ലൂർ, വട്ടവട വെളുത്തുള്ളി, ശിതകാല പച്ചക്കറി പാടങ്ങൾ, ആപ്പിൾ, സ്ട്രോബറി, റാഗി, സ്പൈസസ്, തേൻ ഉത്പന്നങ്ങൾ എന്നിവ വാങ്ങുന്നതിനും തോട്ടങ്ങൾ സന്ദർശിക്കുന്നതിനും അവസരമുണ്ട്.
സഞ്ചാരികൾക്ക് താമസിക്കുവാൻ വ്യത്യസ്തമായ കോട്ടേജുകൾ, വുഡ് ഹൗസ്, മഡ് ഹൗസ്, ട്രീ ഹൗസ്, ഹോം സ്റ്റേ എന്നിവ മിതമായ നിരക്കിൽ ലഭിക്കുന്നു. ലോകത്തിലെ ഏറ്റവും മികച്ച ചന്ദനക്കാടുകളിലൂടെയുള്ള യാത്ര. ഓഫ് റോഡ് സവാരി, നൈറ്റ് സവാരി, മോണിങ് സവാരി,കുതിരവണ്ടി സവാരി, ക്യാമ്പ് ഫയർ, ട്രൈബൽ ഡാൻസ് എന്നിവയും ഉണ്ടാകും. കൂടാതെ കാർണിവൽ, അമ്യൂസ്ഡമെന്റ് പാർക്ക്, ചലചിത്ര താരങ്ങളുടെ മെഗാഷോ, ഫ്ലവർ ഷോ തുടങ്ങിയവയും ഒരുക്കുന്നു.
മന്ത്രിമാർ, സിനിമ താരങ്ങൾ തുടങ്ങിയവർ വിവിധ ചടങ്ങുകളിൽ പങ്കെടുക്കും. ഏപ്രിൽ 25ന് കാന്തല്ലൂർ വില്ല് നടക്കും. അന്ന് എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും വിളക്കുകൾ തെളിയും. ആദ്യമായിട്ടാണ് കാന്തല്ലൂരിൽ ടൂറിസം ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.