പാലക്കാട്. ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കാഞ്ഞിരപ്പുഴ ഉദ്യാനത്തിലേക്ക് സന്ദർശകരുടെ ഒഴുക്കാണിപ്പോൾ. പെരുന്നാൾ ദിനം ആഘോഷിക്കാൻ ശനിയാഴ്ച എത്തിയവരിൽ നിന്ന് മാത്രമുള്ള വരുമാനം 1.40 ലക്ഷം രൂപ കവിയും. ഞായറാഴ്ചയും നല്ല തിരക്കായിരുന്നു. രണ്ടു ദിവസം മാത്രം മൂന്ന് ലക്ഷത്തോളമാണ് വരുമാനം. നവീകരണം പൂർത്തിയാക്കി അണിഞ്ഞൊരുങ്ങിയതോടെ കാഞ്ഞിരപ്പുഴ ഉദ്യാനം ഇപ്പോൾ സന്ദർശകരുടെ പ്രിയപ്പെട്ട ഇടമാണ്. പാലക്കാടിന്റെ വിവിധ ഭാഗങ്ങളിൽനിന്നും മലപ്പുറം ജില്ലയിൽനിന്നുമാണ് സന്ദർശകർ ഏറെയും എത്തുന്നത്. കടുത്ത വേനൽച്ചൂടിലും വാക്കോടൻ മലയുടെ പ്രകൃതി രമണീയതയും കാഞ്ഞിരപ്പുഴ ഡാമും സന്ദർശകരുടെ മനം കുളിർപ്പിക്കും. മുതിർന്നവർക്ക് 30 രൂപയും കുട്ടികൾക്ക് 15 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
ഉദ്യാനത്തിന് പശ്ചാതലമൊരുക്കുന്നത് ആകാശത്തേക്ക് കുത്തനെ ഉയർന്നു നിൽക്കുന്ന മനോഹരമായ വാക്കോടന്‍ മലയാണ്. ഉദ്യാനത്തിലെ കുട്ടികളുടെ പാർക്കിൽ ഊഞ്ഞാൽ, സ്ലൈഡർ, സീസോ തുടങ്ങി വിധ വിനോദ ഉപകരണങ്ങളുണ്ട്. ചെറിയ നീർച്ചാലുകളും ജലധാരാ സംവിധാനമുള്ള തടാകവും ഇവിടെയുണ്ട്. അവധി ദിവസങ്ങളിൽ നല്ല തിരക്കുണ്ട്. മനോഹരമായ പുൽത്തകിടിയും തണലിടുന്ന മരങ്ങളും നടപ്പാതകളും പാർക്ക് ബെഞ്ചുകളും എല്ലാം മനോഹരമാണ്.
പശ്ചിമഘട്ട മലനിരകളുടെ താഴ്വരയില്‍ കാഞ്ഞിരപ്പുഴ അണക്കെട്ടിനോട് ചേർന്നാണ് ഈ ഉദ്യാനം. പാലക്കാട് നിന്നും 45 കീ.മീ. ദൂരമുണ്ട് ഇവിടേക്ക്. പാലക്കോട്-കോഴിക്കോട് റൂട്ടിൽ ചിറക്കൽപ്പടിയിൽ നിന്ന് കാഞ്ഞിരപ്പുഴയിലേക്ക് വഴി തിരിയാം. കാഞ്ഞിരപ്പുഴ വരെയുള്ള ഈ റോഡ് ഇപ്പോൾ പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. ഇത് ഏറെ പ്രയാസമുണ്ടാക്കുന്നതായി സഞ്ചാരികൾ പറയുന്നു.