Jim Corbett ദേശീയോദ്യാനം തുറന്നു; കടുവ സഫാരിക്കു തുടക്കമായി

ഉത്തരാഖണ്ഡിലെ നൈനിറ്റാളില്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ കടുവാ സങ്കേതമായ ജിം കോര്‍ബറ്റ് ദേശീയോദ്യാനം (Jim Corbett National Park) സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു. ശൈത്യകാല വിനോദസഞ്ചാര സീസണ്‍ (Winter Tourism season) തുടങ്ങിയതോടെ നിരവധി സന്ദര്‍ശകരാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ എത്തിയത്. വിശാലമായി ഈ വനത്തിലൂടെ ജിപ്‌സിയിലുള്ള സഫാരി ടൂറിസ്റ്റുകള്‍ക്കും വന്യജീവി പ്രേമികള്‍ക്കും വളരെ മികച്ച അനുഭവം നല്‍കും. ജിപ്‌സി സഫാരി ഞായറാഴ്ച മുതല്‍ ആരംഭിച്ചു. ആദ്യ ദിവസം തന്നെ 400 ടൂറിസ്റ്റുകളാണ് എത്തിയത്.

കോര്‍ബറ്റ് കടുവാ സങ്കേതത്തിലെ (Corbett Tiger Reserve) ബിജ്‌റാനി, ജിര്‍, ധേല, ഗര്‍ജിയ സോണുകളാണ് ഇപ്പോള്‍ വിനോദ സഞ്ചാരികള്‍ക്കായി തുറന്നിട്ടുള്ളത്. ഇവിടങ്ങളില്‍ സഫാരി നടത്താം. രാവിലേയും ഉച്ചയ്ക്കു ശേഷവും തുടങ്ങുന്ന രണ്ടു സഫാരികളാണ് ഉള്ളത്. സോനാനദി, പഖ്‌റോ, ധികല, ദുര്‍ഗ ദേവി സോണുകള്‍ പകല്‍ സഫാരിക്കായി അടുത്ത മാസം തുറക്കും.

കോര്‍ബറ്റ് വനത്തിനുള്ളിലെ ഫോറസ്റ്റ് റസ്റ്റ് ഹൗസുകളില്‍ ടൂറിസ്റ്റുകള്‍ക്ക് താമസിക്കാനുള്ള സൗകര്യവുമുണ്ട്. ബുക്കിങ് ഇതിനകം ആരംഭിച്ചു. നവംബര്‍ 15 മുതലാണ് ഇവ തുറക്കുക. സഫാരി ബുക്കിങ്ങിനും റസ്റ്റ് ഹൗസ് ബുക്കിങ്ങിനും പുതിയ വെബ്‌സൈറ്റ് തുറന്നിട്ടുണ്ട്. പരമാവധി മൂന്ന് രാത്രികൾക്കു മാത്രമെ ബുക്കിങ് അനുവദിക്കൂ. ഇതിൽ രണ്ട് ജിപ്സി സഫാരികളും ഉൾപ്പെടും. നൈറ്റ് പാക്കേജിനൊപ്പം ഗ്രൂപ്പുകൾക്കുള്ള കാന്റർ സഫാരി ഉൾപ്പെടില്ല. ഇതിന് പ്രത്യേകം ബുക്ക് ചെയ്യണം. കോര്‍ബറ്റ് ടൈഗര്‍ റിസര്‍വില്‍ സഫാരിക്കായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് 360 ജിപ്‌സികളാണ്. സഫാരിക്കായി ടൂറിസ്റ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടതുണ്ട്.

ഒരു ജിപ്സി സഫാരിയിൽ പരമാവധി 6 പേർക്കാണ് അവസരം. കാന്റർ സഫാരി തുറന്ന ട്രക്കിൽ 16 പേരെ വരെ ഉൾക്കൊള്ളും. യാത്രാ സംഘങ്ങൾക്ക് ഏറ്റവും അനുയോജ്യം കൂടുതൽ സ്ഥലങ്ങൾ കവർ ചെയ്യുന്ന കാന്റർ സഫാരിയാണ്. ഇത് നിശ്ചിത റൂട്ടുകളിലൂടെയാണ് പോകുക. ജിപ്സി സഫാരിയും കാന്റർ സഫാരിയും നാലു മണിക്കൂറോളം നീളും. വനത്തിന്റെ ജൈവ വൈവിധ്യവും വന്യ ജീവികളേയും അടുത്തറിയാം.

1288 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്ന കോര്‍ബറ്റ് ടൈഗര്‍ റിസര്‍വ് ഇന്ത്യയിലെ ആദ്യ നാഷനല്‍ പാര്‍ക്കും ഏറ്റവും വലിയ കടുവാ സങ്കേതവുമാണ്. സാധാരണ എല്ലാ വര്‍ഷവും നവംബര്‍ 15നാണ് വിന്റര്‍ സീസണില്‍ ടൂറിസ്റ്റുകള്‍ക്കായി ഈ ദേശീയോദ്യാനം തുറക്കുന്നത്. മണ്‍സൂണ്‍ സീസണ്‍ ആരംഭിക്കുന്ന ജൂണ്‍ വരെ സന്ദര്‍ശകര്‍ക്ക് പ്രവേശനമുണ്ട്. ഒരു വര്‍ഷം മൂന്ന് ലക്ഷത്തോളം സന്ദര്‍ശകരാണ് ഇവിടെ എത്തുന്നത്.

Legal permission needed