പാലക്കാട്. ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ (IRCTC) ഒരുക്കുന്ന ടൂർ പാക്കേജായ ഭാരത് ഗൗരവ് ട്രെയിൻ ഈ മാസം 19ന് കേരളത്തിൽ നിന്ന് പുറപ്പെടും. ഗോൾഡൻ ട്രയാംഗിൾ ടൂറിസ്റ്റ് സർക്യൂട്ടിൽ ഹൈദരാബാദും ഗോവയും കൂടി ഉൾപ്പെടുത്തിയാണ് കേരളത്തിൽ നിന്നുള്ള ഭാരത് ഗൗരവ് ട്രെയ്ൻ ടൂർ പാക്കേജ് സംവിധാനിച്ചിരിക്കുന്നത്. 12 ദിവസം നീളുന്നതാണ് ഈ വിനോദ യാത്ര. കൊച്ചുവേളിയിൽ നിന്നാരംഭിച്ച് ഹൈദരാബാദ്, ആഗ്ര, ഡൽഹി, ജയ്‌പുർ, ഗോവ എന്നിവിടങ്ങൾ സന്ദർശിച്ച് 30ന് തിരിച്ചെത്തും. ദൽഹി, ആഗ്ര, ജയ്പൂർ നഗരങ്ങളെ ബന്ധിപ്പിച്ചുള്ള ഇന്ത്യയിലെ പ്രധാന ടൂറിസം ഇടനാഴിയാണ് ഗോൾഡൻ ട്രയാംഗിൾ.
എസി ത്രീ ടിയർ, സ്ലീപ്പർ ക്ലാസുകളിലായി 750 വിനോദ സഞ്ചാരികൾക്കാണ് അവസരം. ബുക്കിങ് 60 ശതമാനം പൂർത്തിയായി. സ്ലീപർ ക്ലാസിൽ 22,900 രൂപയും എസി ക്ലാസിൽ 36,050 രൂപയുമാണ് നിരക്ക്. യാത്രാ ടിക്കറ്റ്, ഹോട്ടലുകളിലെ താമസം, ഭക്ഷണം (വെജിറ്റേറിയൻ) എന്നിവ ഈ പാക്കേജിൽ ഉൾപ്പെടും. എന്നാൽ ടൂറിസ്റ്റേ കേന്ദ്രങ്ങളിലെ പ്രവേശന ഫീസ് യാത്രക്കാർ വഹിക്കണം. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റ് ബുക്കിങ്ങിനും റെയിൽവേ സ്റ്റേഷനുകളിലെ ഐ.ആർ.സി.ടി.സി കൌണ്ടറുകളിലും ഐ.ആർ.സി.ടി.സി വെബ്സൈറ്റും സന്ദർശിക്കാം. ഫോൺ: കോഴിക്കോട്- 8287932098, എറണാകുളം- 8287932082, തിരുവനന്തപുരം- 8287932095, കോയമ്പത്തൂർ- 9003140655.
കൊച്ചുവേളി, കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശ്ശൂർ, ഒറ്റപ്പാലം, പാലക്കാട് ജങ്ഷൻ, പോത്തനൂർ, ഈറോഡ്, സേലം സ്റ്റേഷനുകളിൽ നിന്ന് കയറാം. മടക്കയാത്രയിൽ കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, തൃശ്ശൂർ, എറണാകുളം ടൗൺ, കോട്ടയം, കൊല്ലം, കൊച്ചുവേളി എന്നിവിടങ്ങളിൽ ഇറങ്ങുകയും ചെയ്യാം.
ഓരോ മാസവും ഇന്ത്യയിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് കേരളത്തിൽ നിന്ന് ഭാരത് ഗൗരവ് ട്രെയിൻ ടൂർ പാക്കേജുണ്ടാകുമെന്ന് ഐ.ആർ.സി.ടി.സി. അറിയിച്ചു.