ഇനി VISA FREE ENTRY; ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ക്കായി വാതില്‍ തുറന്ന് ഇറാനും

tripupdates.in

ന്യൂ ദല്‍ഹി. വിസ ഇല്ലാതെ (Visa Free entry) ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കുന്ന രാജ്യങ്ങളുടെ എണ്ണം വര്‍ധിക്കുന്നു. ഏറ്റവുമൊടുവില്‍ ഇതാ ഇറാനും ഇന്ത്യക്കാര്‍ക്ക് ഇനി വിസയില്ലാതെ വരാമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. രാജ്യത്തേക്ക് കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി 33 രാജ്യക്കാര്‍ക്കാണ് ഇറാന്‍ വിസ ഇളവ് നല്‍കുന്നത്. യുഎഇ, സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത്, മലേഷ്യ, ഇന്തൊനേഷ്യ എന്നീ രാജ്യക്കാരും ഇതിലുള്‍പ്പെടും.

ഒട്ടേറെ പൈതൃകങ്ങളും ചരിത്ര ശേഷിപ്പുകളും മനോഹര വിനോദ സഞ്ചാര കേന്ദ്രങ്ങളുമുള്ള നാടാണ് ഇറാന്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കൂടുതല്‍ പേരെ രാജ്യത്തേക്ക് ആകര്‍ഷിക്കുകയും നേരിട്ട് ഇടപഴകുന്നതിലൂടെ ഇറാനെ അടുത്തറിയാന്‍ സൗകര്യമൊരുക്കുകയുമാണ് വിസ ഇളവിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇറാന്റെ സാംസ്‌കാരി പൈതൃക, ടൂറിസം മന്ത്രി ഇസ്സതുല്ല സര്‍ഗാമി പറഞ്ഞു. ഈ ഇറാനിയന്‍ വര്‍ഷത്തിന്റെ (മാര്‍ച്ച് 21ന് ആരംഭിക്കുന്നു) ആദ്യ എട്ടു മാസം 44 ലക്ഷം വിനോദ സഞ്ചാരികളാണ് ഇറാന്‍ സന്ദര്‍ശിച്ചത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 48.5 ശതമാനം വര്‍ധന. 27 യുനെസ്കോ ലോക പൈതൃക സ്ഥലങ്ങളുള്ള ഇറാൻ, യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഏറ്റവും കൂടുതൽ സാംസ്കാരിക പൈതൃക സ്ഥലങ്ങളുള്ള 10 രാജ്യങ്ങളിൽ ഒന്നാണ്.

വിദേശ രാജ്യങ്ങളിലേക്ക് വിനോദ യാത്ര പോകുന്നവരുടെ ഇന്ത്യക്കാരുടെ എണ്ണം അതിവേഗം വളരുകയാണെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്. 2022ല്‍ 1.3 കോടി ഇന്ത്യക്കാരാണ് വിദേശ രാജ്യങ്ങളിലേക്ക് വിനോദ യാത്രികരായി പോയത്. യുഎഇ, യുഎസ്എ, സൗദി അറേബ്യ, സിംഗപൂര്‍, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളിലേക്കാണ് ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ പോയതെന്ന് ടൂറിസം മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു.

മലേഷ്യ, തായ്‌ലന്‍ഡ്, ശ്രീലങ്ക, വിയറ്റ്‌നാം, കെനിയ എന്നീ രാജ്യങ്ങളും ഈയിടെ ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ പ്രവേശനം അനുവദിച്ചിട്ടുണ്ട്. ഇതോടെ വിദേശത്തേക്ക് പോകുന്ന ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ ഇനിയും വര്‍ധനവുണ്ടാകും.

Legal permission needed