ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ട്രെയിൻ (Hydrogen Train) അടുത്ത വർഷം ഒടിത്തുടങ്ങുമെന്ന് പ്രതീക്ഷ. ഹരിയാനയിലെ ജിന്ദിൽ ഇതിനായുള്ള പ്രാരംഭ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് നോർത്തേൺ റെയിൽവെ ജനറൽ മാനേജർ ശോഭൻ ചൗധരി അറിയിച്ചു. ജിന്ദിലെ ഹൈഡ്രജൻ പ്ലാന്റ് വികസനത്തിന്റെ അവസാന ഘട്ടത്തിലാണ്. ഈ വർഷം ഡിസംബറോടെ ഇത് പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നു. ഹൈഡ്രജൻ ട്രെയിനിന്റെ ആദ്യ പ്രോട്ടോടൈപ്പ് 2024ൽ ട്രാക്കിൽ ഓടുമെന്നും പ്രതീക്ഷിക്കുന്നു. യാഥാർത്ഥ്യമായാൽ ഏറ്റവും പരിസ്ഥിതി സൌഹൃദവും സുസ്ഥിരവുമായ പൊതുഗതാഗത സംവിധാനമായിരിക്കുമിത്. നോർത്തേൺ റെയിൽവേയുടെ ജിന്ദ്-സോനിപത് സെക്ഷനിലായിരിക്കും ആദ്യം ഓട്ടം. ഈ റൂട്ടിൽ എട്ട് ബോഗികളുള്ള ഹൈഡ്രജനാണ് ആദ്യ ഘട്ടത്തിൽ ഓടിക്കുക.
ഡീസൽ എഞ്ചിനുകളിൽ പ്രവർത്തിക്കുന്ന ട്രെയ്നുകളിൽ നിന്ന് വ്യത്യസ്തമായി ഈ ട്രെയിനുകൾക്ക് കരുത്ത് പകരുന്നത് ഹൈഡ്രജൻ ഇന്ധന സെല്ലുകളാണ് (Hydrogen Fuel Cell). ഹൈഡ്രജൻ ഇന്ധന സെല്ലുകൾ ഓക്സിജനും ഹൈഡ്രജനും സംയോജിപ്പിച്ച് വൈദ്യുതി ഉണ്ടാക്കുന്നു, ഈ വൈദ്യുതി ട്രെയിനിന്റെ മോട്ടോറുകൾ പ്രവർത്തിപ്പിക്കുന്നു.
ഹൈഡ്രജൻ ട്രെയിനുകൾ നൈട്രജൻ ഓക്സൈഡുകൾ, കാർബൺ ഡൈ ഓക്സൈഡ്, കണികാവസ്തുക്കൾ തുടങ്ങിയ അപകടകരമായ മലിന വാതകങ്ങൾ പുറന്തള്ളുന്നില്ല. കാറ്റ്, സൗരോർജ്ജം അല്ലെങ്കിൽ ജലവൈദ്യുത സ്രോതസ്സുകൾ പോലെയുള്ള ശുദ്ധവും പുനരുപയോഗിക്കാവുന്നതുമായ ഊർജ്ജ സ്രോതസ്സുകൾ ഉപയോഗിച്ച് ഉൽപ്പാദിപ്പിക്കുന്നതിനാൽ ഹൈഡ്രജൻ ഒരു സുസ്ഥിര ഇന്ധനമാണ് എന്നതാണ് ഇതിന്റെ സവിശേഷത. ഈ സാങ്കേതികവിദ്യ വലിയ തോതിൽ ഉപയോഗിക്കുന്നതിന് മുമ്പ് സുരക്ഷിതത്വം ഉറപ്പാക്കേണ്ടതുണ്ട് എന്നാണ് വിദഗ്ധർ പറയുന്നത്.
ലോകത്ത് ആദ്യമായി ഹൈഡ്രജൻ ട്രെയിൻ സർവീസ് ആരംഭിച്ചത് 2018ൽ ജർമനിയിലാണ്. ഏഷ്യയിൽ ആദ്യമായി 2021ൽ ചൈനയിലും. ജർമനിയിൽ 14 ഹൈഡ്രജൻ ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്. ഇറ്റലിക്ക് ഈ വർഷം തന്നെ ഈ ട്രെയ്നുകൾ അവതരിപ്പിക്കാൻ പദ്ധതിയുണ്ട്. ഇറ്റലിയും ഫ്രാൻസും കാനഡയും അടുത്ത വർഷവും തുടങ്ങാൻ പദ്ധതിയിടുന്നു.