കൊച്ചി. മാലിദ്വീപ് സര്‍ക്കാരിന്റെ ഇന്ത്യാ വിരുദ്ധ നിലപാടു കാരണം ഇന്ത്യൻ ടൂറിസ്റ്റുകൾ മാലിദ്വീപ് സന്ദർശനം ഗണ്യമായി കുറച്ചു. കഴിഞ്ഞ വര്‍ഷം മാലിദ്വീപിലെത്തിയ വിദേശ വിനോദ സഞ്ചാരികളില്‍ ഇന്ത്യക്കാരായിരുന്നു ഒന്നാം സ്ഥാനത്ത്. ജനുവരിയില്‍ ഇന്ത്യക്കാരുടെ എണ്ണം അഞ്ചാം സ്ഥാനത്തേക്ക് താഴ്ന്നു. നേരത്തെ മൂന്നാം സ്ഥാനത്തായിരുന്ന ചൈനീസ് വിനോദ സഞ്ചാരികളാണ് ഇപ്പോള്‍ മുന്നില്‍. മാലിദ്വീപിനു പകരം ഇപ്പോള്‍ ശ്രീലങ്കയാണ് ഇന്ത്യന്‍ ടൂറിസ്റ്റുകളുടെ ഇഷ്ട കേന്ദ്രമായി മാറിയിരിക്കുന്നത്.
ജനുവരിയില്‍ ശ്രീലങ്കയിലെത്തിയ വിദേശികളില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യക്കാര്‍. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ 13,759 ഇന്ത്യക്കാരാണ് ശ്രീലങ്ക സന്ദര്‍ശിച്ചതെങ്കില്‍ ഈ വര്‍ഷം ജനുവരിയില്‍ ഇത് 34,399 ആയി കുതിച്ചുയര്‍ന്നു. അതേസമയം ഇക്കാലയളവിലെ മാലദ്വീപിലെത്തിയ ഇന്ത്യന്‍ ടൂറിസ്റ്റുകളുടെ എണ്ണം 17,029ല്‍ നിന്ന് 15,006 ആയി ഇടിയുകയും ചെയ്തു.
മാലിദ്വീപില്‍ മനോഹര കടലോരങ്ങളും ജലസാഹസിക വിനോദങ്ങളും മാത്രമാണ് കാര്യമായി ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതെങ്കില്‍ ശ്രീലങ്കയില്‍ അതിലേറെ വിഭവങ്ങളുണ്ടെന്നതാണ് ഇവിടേക്ക് ടൂറിസ്റ്റുകളെ കൂടുതലായി എത്തിക്കുന്നത്. മനോഹര ബീച്ചുകള്‍ക്കു പുറമെ വന്യജീവി സങ്കേതങ്ങളും അതിമനോഹര മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളും സാംസ്‌കാരിക പൈതൃക കേന്ദ്രങ്ങളും ശ്രീലങ്കയിലുണ്ട്.