മൂന്ന് കോടി തൊഴിലവസരങ്ങളുമായി ഇന്ത്യയിലെ ടൂറിസം മേഖല വന്‍ കുതിപ്പിലേക്ക്

ന്യൂദല്‍ഹി. കോവിഡ് പ്രതിസന്ധിക്കു ശേഷമുള്ള ഏറ്റവും വലിയ കുതിപ്പിനൊരുങ്ങുകയാണ് ഇന്ത്യയിലെ ടൂറിസം മേഖലയെന്ന് റിപോര്‍ട്ട്. വന്‍തോതില്‍ യാത്രകള്‍ വര്‍ധിച്ചതും ഇന്ത്യയ്ക്ക് ജി20 അധ്യക്ഷ പദവി ലഭിച്ച പശ്ചാത്തലവും ടൂറിസം മേഖലയ്ക്ക് മുതല്‍ക്കൂട്ടാകുമെന്നും വന്‍തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും രാജ്യാന്തര ഡിജിറ്റല്‍ പേമെന്റ് കമ്പനിയായ വീസയും കണ്‍സല്‍ട്ടന്‍സിയായ ഇവൈയും ചേര്‍ന്ന് ഇന്ത്യയിലെ ടൂറിസം രംഗത്തെ ട്രെന്‍ഡുകളെ കുറിച്ച് പഠിച്ച് തയാറാക്കിയ റിപോര്‍ട്ടില്‍ പറയുന്നു.

2047ഓടെ ഇന്ത്യയിലെ ടൂറിസം വ്യവസായം ഒരു ട്രില്യന്‍ ഡോളറിലെത്തും. ആത്മീയ ടൂറിസം, മെഡിക്കല്‍-വെല്‍നെസ് ടൂറിസം, സാഹസിക ടൂറിസം, ബിസിനസ് യാത്രകളും മീറ്റിങ്ങുകള്‍ എക്‌സിബിഷന്‍ കോണ്‍ഫറന്‍സുകള്‍ (MICE) എന്നിവയുടെ പ്രധാന കേന്ദ്രമായി ഇന്ത്യ മാറുമെന്നും ഈ റിപോര്‍ട്ട് പ്രവചിക്കുന്നു. അസോചാം ഈയിടെ സംഘടിപ്പിച്ച ഇന്ത്യാ ടൂറിസം കോണ്‍ഫറന്‍സിലാണ് റിപോര്‍ട്ട് പ്രകാശനം ചെയ്തത്.

2028ഓടെ ആത്മീയത തേടി ഇന്ത്യയിലെത്തുന്ന സഞ്ചാരികളുടെ എണ്ണം 3.05 കോടിയിലെത്തും. 2032ഓടെ 2.4 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന തലത്തിലേക്ക് മെഡിക്കല്‍, വെല്‍നെസ് ടൂറിസം വികസിക്കും. 2021ല്‍ ഇന്ത്യയിലെത്തിയ വിദേശ സഞ്ചാരികളില്‍ 21 ശതമാനവും ഇന്ത്യയില്‍ ചികിത്സ തേടിയിരുന്നു.

സാഹസിക, കായിക ടൂറിസമാണ് വലിയ വളര്‍ച്ചാ സാധ്യതയുള്ള മറ്റൊരു ടൂറിസം വിഭാഗമായി റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. 2032ഓടെ 60 ലക്ഷം തൊഴിലവസരങ്ങള്‍ സാഹസിക ടൂറിസം വ്യവസായ രംഗത്ത് സൃഷ്ടിക്കപ്പെടും. ഇന്ത്യയിലെ MICE (മീറ്റിങ്, ഇന്‍സെന്റീവ്‌സ്, കോണ്‍ഫറന്‍സ്, എക്‌സിബിഷന്‍) വിപണി 2015ഓടെ ഇരട്ടിയിലേറെ വര്‍ധിക്കുമെന്നും റിപോര്‍ട്ട് പറയുന്നു.

വിദേശ ടൂറിസ്റ്റുകള്‍ ഇന്ത്യയിലേക്കുള്ള ഒരു ട്രിപ്പിന് 2134 ഡോളര്‍ (ഏകദേശം 1.75 ലക്ഷം രൂപ) ചെലവിടുമ്പോള്‍ ആഭ്യന്തര ടൂറിസ്റ്റുകള്‍ വെറും 56 (ഏകദേശം 4600 രൂപ) ഡോളറാണ് ചെലവാക്കുന്നത്. നിലവില്‍ കോവിഡിനു മുമ്പുണ്ടായിരുന്ന നിലയിലേക്ക് ടൂറിസം മേഖല പൂര്‍ണമായും തിരിച്ചെത്തിയിട്ടില്ല. എങ്കിലും 2022ല്‍ 60.19 ലക്ഷം വിദേശ ടൂറിസ്റ്റുകള്‍ ഇന്ത്യയിലെത്തി. ഇത് 2019ലെത്തിയ വിദേശികളുടെ 55 ശതമാനം മാത്രമെ വരൂ. ഈ 60 ലക്ഷത്തില്‍ 30 ശതമാനം പേര്‍ മാത്രമാണ് വിനോദ സഞ്ചാരത്തിനായി മാത്രം വന്നവര്‍. അതുപോലെ വിദേശ വിനിമയ വരുമാനവും 2019ലെ 2,10,981 കോടി രൂപയില്‍ നിന്ന് 2022ല്‍ 1,34,543 കോടി രൂപയായി കുറഞ്ഞിരുന്നു.

അതേസമയം ആഗോളതലത്തില്‍ 2023ല്‍ ടൂറിസം മേഖല കോവിഡ് പൂര്‍വ സ്ഥിതിയിലേക്ക് 95 ശതമാനവും തിരിച്ചെത്തുമെന്ന് റിപോര്‍ട്ട് പ്രവചിക്കുന്നു. ഇതില്‍ ഇന്ത്യയുടെ പങ്കും വലുതാണ്. ഇന്ത്യക്കാര്‍ വിദേശ യാത്രകള്‍ക്ക് ചെലവിടുന്ന തുകയും വര്‍ധിച്ചിട്ടുണ്ട്. 2022ലെ ഓരോ മാസവും ഒരു ശതകോടി ഡോളറാണ് വിദേശങ്ങളില്‍ ഇന്ത്യക്കാര്‍ ചെലവിട്ടതെന്ന് റിസര്‍വ് ബാങ്ക് കണക്കുകള്‍ ഉദ്ധരിച്ച് റിപോര്‍ട്ട് പറയുന്നു. യൂറോപ്, ബാലി, വിയറ്റ്‌നാം, ദുബായ്, തായ്‌ലന്‍ഡ് എന്നിവിടങ്ങളിലേക്കാണ് കൂടുതലും ഇന്ത്യക്കാരുടെ യാത്രകള്‍.

Leave a Reply

Your email address will not be published. Required fields are marked *

Legal permission needed