കൊച്ചി. ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ ആഭ്യന്തര വ്യോമയാന വിപണിയായി (Domestic Aviation Market) ഇന്ത്യയുടെ മുന്നേറ്റം. രാജ്യത്തിനകത്ത് ആഭ്യന്തര സര്‍വീസുകള്‍ നടത്തുന്ന വിമാനങ്ങളിലെ ആകെ സീറ്റുകളുടെ എണ്ണത്തില്‍ ഒരു പതിറ്റാണ്ടിനിടെ ഉണ്ടായ ഇരട്ടി വര്‍ധനയാണ് ഈ നേട്ടത്തിനു പിന്നിലെന്ന് വ്യോമയാന വിപണി വിശകലന ഏജന്‍സിയായ എഒജി (ഒഫീഷ്യല്‍ എയര്‍ലൈന്‍ ഗൈഡ്) പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ റിപോര്‍ട്ട് പറയുന്നു. 2014ല്‍ 80 ലക്ഷം സീറ്റുകളാണ് ഡൊമസ്റ്റിക് എയര്‍ലൈനുകളില്‍ ഇന്ത്യയില്‍ ലഭ്യമായിരുന്നത്. 2024ല്‍ ഇത് 1.56 കോടി ആയി കുതിച്ചുയര്‍ന്നു. ഈ എണ്ണത്തില്‍ യുഎസിനും ചൈനയ്ക്കും പിന്നില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ഇന്തൊനീസ്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളും ആദ്യ അഞ്ചില്‍ ഉണ്ട്.
6.9 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെയാണ് ഒരു പതിറ്റാണ്ടിനിടെ ഇന്ത്യന്‍ വ്യോമയാന വിപണി മുന്നേറിയത്. ലോകത്തെ ഏറ്റവും വലിയ വ്യോമയാന വിപണികളില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന വിപണിയും ഇന്ത്യയാണെന്ന് എഒജി റിപോര്‍ട്ട് വ്യക്തമാക്കുന്നു. താരതമ്യേന ചെലവ് കുറഞ്ഞ ബജറ്റ് എയര്‍ലൈനുകളാണ് ഈ വളര്‍ച്ചയ്ക്ക് ആക്കം കുട്ടിയത്. ഏപ്രില്‍ വരെയുള്ള കണക്കുകള്‍ പ്രകാരം ആഭ്യന്തര വിമാന ശേഷിയുടെ 78.4 ശതമാനവും ബജറ്റ് എയര്‍ലൈനുകളുടേതാണ്. മറ്റൊരു രാജ്യത്തും ബജറ്റ് വിമാനങ്ങൾക്ക് ഇത്ര ശേഷിയില്ല. വിമാന യാത്രക്കാരുടെ എണ്ണവും കോവിഡിനു മുമ്പുണ്ടായിരുന്ന സ്ഥിതിയേക്കാള്‍ മെച്ചപ്പെട്ടു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇത്തവണ 13 ശതമാനം വര്‍ധിക്കുകയും ചെയ്തു.
കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ഇന്ത്യയിലെ വിമാനത്താവളങ്ങളുടെ എണ്ണത്തിലും വലിയ വര്‍ധനയുണ്ടായി. 2014ല്‍ വെറും 74 വിമാനത്താവളങ്ങളാണ് രാജ്യത്തുണ്ടായിരുന്നത്. 2024ല്‍ ഇത് 149 എയര്‍പോര്‍ട്ടുകളായി ഉയര്‍ന്നു. ദൽഹിക്കടുത്ത നോയിഡ രാജ്യാന്തര വിമാനത്താവളം ഉൾപ്പെടെ പുതിയ വിമാനത്താവളങ്ങളുടെ നിർമാണം പുരോഗമിക്കുന്നുമുണ്ട്. എന്നിരുന്നാലും ഇന്ത്യയിലെ ഏവിയേഷന്‍ വ്യവസായ മേഖല ഇപ്പോഴും പൂര്‍ണ തോതിലെത്തിയിട്ടില്ലെന്നാണ് പഠനം. സമീപ ഭാവിയിൽ യാത്രാ ശേഷിയില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ ആറ് കോടി സീറ്റുകളിലെത്തുമെന്നാണ് പ്രവചനം.
ഇന്ത്യയുടെ വ്യോമയാന വിപണിയുടെ 62 ശതമാനവും ബജറ്റ് വിമാന കമ്പനിയായ ഇന്‍ഡിഗോ (IndiGo)യുടേതാണ്. രണ്ടാം സ്ഥാനത്തുള്ള എയര്‍ ഇന്ത്യ (Air India) ഗ്രൂപ്പിന്റെ വിപണി വിഹിതം 28 ശതമാനവും. കൂടുതല്‍ പുതിയ വിമാനങ്ങള്‍ ഉള്‍പ്പെടുത്തി ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും സര്‍വീസുകള്‍ വിപുലീകരിക്കാനുള്ള ശ്രമത്തിലാണ്. കഴിഞ്ഞ വര്‍ഷം മുതല്‍ ഇന്‍ഡിഗോ 500 വിമാനങ്ങളും എയര്‍ ഇന്ത്യ 470 വിമാനങ്ങളുമാണ് പുതുതായി വാങ്ങുന്നത്. സമീപ വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ പുതിയ വിമാന കമ്പനികളും രംഗത്തു വന്നു. ഏറ്റവുമൊടുവില്‍ വന്ന ആകാശ എയര്‍ മാര്‍ച്ച് മുതല്‍ രാജ്യാന്തര സര്‍വീസുകളും ആരംഭിച്ചു വളര്‍ച്ചയുടെ പാതയിലാണ്. ഫ്‌ളൈ91 ആണ് ഏറ്റവും ഒടുവില്‍ സര്‍വീസ് ആരംഭിച്ച കമ്പനി. രാജ്യത്തെ ചെറിയ നഗരങ്ങളെ ബന്ധിപ്പിച്ച് ബജറ്റ് സര്‍വീസുകളാണ് ഈ കമ്പനി നടത്തുന്നത്.