കുമളി. ഏറെ ജനശ്രദ്ധ നേടിയ കുമളിയിലെ തേക്കടി പുഷ്പമേള 21 വരെ നീട്ടി. മേള കഴിഞ്ഞ ദിവസം സമാപിക്കേണ്ടതായിരുന്നു. എന്നാൽ സഞ്ചാരികളുടെ തിരക്ക് പരിഗണിച്ച് കൂടുതൽ ആളുകൾക്ക് മേള കാണാനുള്ള സൗകര്യം കണക്കിലെടുത്താണ് ഒരാഴ്ച കൂടി നീട്ടുന്നതെന്ന് സംഘാടകർ പറഞ്ഞു. കുമളി പഞ്ചായത്ത്, തേക്കടി അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റി, വ്യാപാരി വ്യവസായി ഏകോപന സമിതി എന്നിവർ ചേർന്നാണ് കുമളി കല്ലറയ്ക്കൽ ഗ്രൗണ്ടിൽ മേള സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 9.30 മുതൽ രാത്രി 10 വരെയാണ് മേള പ്രവർത്തിക്കുക.
അതേസമയം മൂന്നാറിലും സഞ്ചാരികളുടെ വൻതിരക്കാണ് അനുഭവപ്പെടുന്നത്. തിരക്ക് കൂടിയതോടെ പ്രധാന കേന്ദ്രങ്ങളിൽ ഗതാഗതക്കുരുക്കും രൂക്ഷമായി. കഴിഞ്ഞ മൂന്ന് ദിവസം സഞ്ചാരികളുടെ കനത്ത തിരക്കായിരുന്നു. പ്രളയം, കൊവിഡ് എന്നിവക്ക് ശേഷം ഇതാദ്യമായാണ് മൂന്നാറിൽ വിനോദസഞ്ചാരികളുടെ ഇത്രയും വലിയ തിരക്ക് അനുഭവപ്പെടുന്നത്. പ്രധാന വിനോദസഞ്ചാര കേന്ദ്രമായ രാജമലയിൽ ഇന്നലെ 3333 പേരും മാട്ടുപ്പെട്ടിയിൽ 2500 പേരും സന്ദർശനം നടത്തി. മറ്റു കേന്ദ്രങ്ങളായ ഫ്ലവർ ഗാർഡൻ, ബൊട്ടാണിക്കൽ ഗാർഡൻ, ഹൈഡൽ പാർക്ക്, ടോപ് സ്റ്റേഷൻ, ഇക്കോ പോയിന്റ്, കുണ്ടള എന്നിവിടങ്ങളിലും വൻ സന്ദർശകത്തിരക്കാണ് അനുഭവപ്പെടുന്നത്.
സഞ്ചാരികളുടെ തിരക്ക് വർധിച്ചതോടെ പ്രധാന സന്ദർശന കേന്ദ്രങ്ങളിലും ടൗൺ, ഇക്കാ നഗർ, പോസ്റ്റ് ഓഫിസ് കവല എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി മൂന്നാറിൽ മുറികൾ കിട്ടാനില്ലാത്ത അവസ്ഥയാണ്.
മൂന്നാറിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഗതാഗതം നിയന്ത്രിക്കുന്നതിനായി പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ചു. മാട്ടുപ്പെട്ടി, ഇക്കോ പോയിന്റ്, കുണ്ടള എന്നിവിടങ്ങളിലാണ് മൂന്നാർ സബ് ഡിവിഷന് കീഴിലുള്ള മറ്റു പൊലീസ് സ്റ്റേഷനുകളിൽ നിന്ന് ഉദ്യോഗസ്ഥരെ ഗതാഗത നിയന്ത്രണത്തിനായി നിയമിച്ചത്. ഒരാഴ്ച മുൻപു കൊച്ചി റേഞ്ച് ഐ ജി ജി സ്പർജൻകുമാർ മാട്ടുപ്പെട്ടി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ ഗതാഗതക്കുരുക്ക് ഉൾപ്പെടെയുളള പ്രശ്നങ്ങൾ നേരിട്ടു കണ്ട് മനസ്സിലാക്കിയിരുന്നു. ഗതാഗതം നിയന്ത്രിക്കാൻ ഉദ്യോഗസ്ഥരില്ലാത്തതിനെത്തുടർന്നു പ്രധാന കേന്ദ്രങ്ങളിൽ ഗതാഗതസ്തംഭനം ഉണ്ടാകുന്നത് ഒഴിവാക്കുന്നതിനായി എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും പോലീസിനെ നിയമിക്കാൻ ജില്ലാ പോലീസ് മേധാവിക്ക് ഐജി നിർദേശം നൽകിയതിനെത്തുടർന്നാണ് നടപടി. തുടർച്ചയായി ഗതാഗതതടസ്സമുണ്ടാകുന്ന പ്രധാന പാതകളായ അടിമാലി, മറയൂർ, ടോപ് സ്റ്റേഷൻ, ദേവികുളം റോഡുകളിൽ ബൈക്കിൽ പോലീസിന്റെ മൊബൈൽ പട്രോളിംഗ് സംവിധാനം ആരംഭിക്കാനും സാധ്യതയുണ്ട്.