റിയാദ്. ഹജ് യാത്രയ്ക്കു മുന്നോടിയായി, വിദേശ രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്ക് സൗദി ഹജ് മന്ത്രാലയം നിരന്തരം മാർഗനിർദേശങ്ങൾ നൽകിവരുന്നുണ്ട്. പ്രധാനമായും യാത്ര സംബന്ധിച്ച നിർദേശങ്ങളും മുന്നറിയിപ്പുകളുമാണിവ. സൗദിയിലേക്ക് വരുമ്പോൾ പ്ലാസ്റ്റിക് ബാഗുകളും വെള്ളക്കുപ്പികളും ദ്രാവക വസ്തുക്കളുമായി യാത്ര ചെയ്യരുതെന്നാണ് പുതിയ നിർദേശം. കയർ ഉപയോഗിച്ച് വരിഞ്ഞ് കെട്ടിയതോ തുണികളില്‍ പൊതിഞ്ഞതോ ആയ ലഗേജുകള്‍, റാപ് ചെയ്യാത്ത ലഗേജുകൾ, അമിത ഭാരമുള്ള ലഗേജുകൾ എന്നിവ വിമാനത്തില്‍ അനുവദിക്കില്ലെന്ന് ഹജ് മന്ത്രാലയം വ്യക്തമാക്കുന്നു.
വലിയ തുക വരുന്ന പണമോ വിലപിടിപ്പുള്ള വസ്തുക്കളോ യാത്രയിൽ കൈവശം കരുതുന്നതിനും വ്യക്തമായ മാർഗനിർദേശങ്ങളുണ്ട്. 60,000 സൗദി റിയാലിനു മുകളിൽ മൂല്യമുള്ള വിദേശ കറൻസിയോ ആഭരണങ്ങൾ അടക്കമുള്ള വിലകൂടിയ വസ്തുക്കളോ കൈവശം ഉണ്ടെങ്കിൽ ഇക്കാര്യം കസ്റ്റംസിനെ അറിയിച്ചിരിക്കണം. വിമാനത്താവളത്തിൽ ഇറങ്ങിയാൽ കസ്റ്റംസ് ഡിക്ലറേഷൻ ഫോം പൂരിപ്പിച്ച് ഈ വിവരങ്ങൾ നൽകുകയാണ് ചെയ്യേണ്ടത്.
Also Read ഹജ് ആദ്യ വിമാനം ജൂൺ നാലിന്
60000നു മുകളിൽ മൂല്യം വരുന്ന സൗദി റിയാൽ അല്ലെങ്കിൽ വിദേശ കറൻസി, ഗോൾഡ് ബാർ, ആഭരണങ്ങൾ, സമ്മാനങ്ങൾ, മറ്റു വിലപിടിപ്പുള്ള വസ്തുക്കൾ, 3000 സൗദി റിയാലിനു മുകളിൽ മൂല്യമുള്ള വാണിജ്യ അളവിലുള്ള ചരക്കുകൾ, ഇറക്കുമതി/കയറ്റുമതി വിലക്കുള്ള വസ്തുക്കൾ, എക്സൈസ് തീരുവ നൽകേണ്ട വസ്തുക്കൾ എന്നിവ കൈവശം ഉള്ളവർ നിർബന്ധമായും കസ്റ്റംസ് ഡിക്ലറേഷൻ ഫോമിൽ ഈ വിവരങ്ങൾ നൽകണം.
ഈ വിവരങ്ങൾ മറച്ചുവച്ചാൽ നിയമപ്രകാരം നടപടികൾ നേരിടേണ്ടി വരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു.