അഹമദാബാദ്. Submarine Tourism രംഗത്ത് പുതിയ സാധ്യതകള്‍ തുറന്ന് ഗുജറാത്ത് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ അന്തര്‍വാഹിനി ടൂറിസം പദ്ധതി വരുന്നു. അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ ആഴങ്ങളില്‍ മുങ്ങിക്കിടക്കുന്ന ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ വിനോദ യാത്ര പോയി ദുരന്തമായി മാറിയ ടൈറ്റന്‍ (Titan) എന്ന കുഞ്ഞന്‍ മുങ്ങിക്കപ്പലിന്റെ മാതൃകയിലാണ് ഈ യാത്രയും ഒരുങ്ങുന്നത്. ഗുജറാത്തിലെ ദ്വാരക തീരത്തിനു സമീപത്തെ ബെറ്റ് ദ്വാരക എന്ന കൊച്ചു ദ്വീപിനു ചുറ്റുമുള്ള സമുദ്രാന്തര്‍ വിസ്മയങ്ങള്‍ കാണാന്‍ സാഹസിക പ്രേമികളായ വിനോദ സഞ്ചാരികള്‍ക്ക് അവസരമൊരുക്കുന്നതാണ് ഈ പദ്ധതി.
ഇതിനായി ഗുജറാത്ത് സര്‍ക്കാര്‍ പൊതുമേഖലാ കപ്പല്‍നിര്‍മാണശാലയായ മുംബൈയിലെ മസഗാവ് ഡോക്ക് ഷിപ്ബില്‍ഡേഴ്‌സ് ലിമിറ്റഡുമായി ധാരണയിലെത്തി. ഈ വര്‍ഷം ദിപാവലിക്കു മുമ്പായി പദ്ധതി യാഥാര്‍ത്ഥ്യമാകുമെന്നാണ് റിപോര്‍ട്ട്. പ്രത്യേകം നിര്‍മ്മിച്ച ജലപേടകത്തില്‍ കടലിന് അടിയിലേക്ക് 100 മീറ്റര്‍ താഴെ വരെ മുങ്ങാനും ബെറ്റ് ദ്വീപിനു ചുറ്റുമുള്ള വൈവിധ്യമാര്‍ന്ന സമുദ്രാന്തര്‍ കാഴ്ചകള്‍ നേരിട്ട് ആസ്വദിക്കാനും അവസരമൊരുങ്ങും. ഈ യാത്രയ്ക്കായി 35 ടണ്‍ ഭാരമുള്ള ചെറിയ മുങ്ങിക്കപ്പലാണ് മസഗാവ് കപ്പല്‍ശാല പ്രത്യേകമായി നിര്‍മ്മിക്കുക. രണ്ടു വരികളിലായി 24 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ടാകുമെന്നും റിപോര്‍ട്ടുകള്‍ സൂചന നല്‍കുന്നു.
രണ്ടു കപ്പിത്താന്‍മാരും ഒരു പ്രൊഫഷനല്‍ ജീവനക്കാരനും ഉണ്ടാകും. ഈ ജലപേടകത്തിനുള്ളിലുള്ള എല്ലാവര്‍ക്കും കടലിനടിയിലെ കാഴ്ചകള്‍ വ്യക്തമായി കാണാവുന്ന രീതിയിലാണ് ക്രമീകരണം. ടൂറിസം രംഗത്തെ ഈ വേറിട്ട പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. വരാനിരിക്കുന്ന വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടിയില്‍ പ്രഖ്യാപനമുണ്ടാകുമെന്ന് കരുതപ്പെടുന്നു.