Fly 91: മലയാളിയുടെ നേതൃത്വത്തില്‍ പുതിയ വിമാന കമ്പനി വരുന്നു

air kerala trip updates

കൊച്ചി. ഇന്ത്യന്‍ വ്യോമയാന രംഗത്ത് മലയാളിയുടെ നേതൃത്വത്തില്‍ പുതിയൊരു വിമാന കമ്പനി കൂടി വരുന്നു. ഫ്‌ളൈ 91 എയര്‍ലൈന്‍സ് (Fly 91 Airlines) എന്നു പേരിട്ടിരിക്കുന്ന കമ്പനിയുടെ ആസ്ഥാനം ഗോവയിലെ പനജിയാണ്. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നിരാക്ഷേപ പത്രം (NOC) രണ്ടു ദിവസം മുമ്പ് കമ്പനിക്ക് ലഭിച്ചു. ഇനി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (DGCA) അനുമതി ലഭിക്കാനുണ്ട്. മദ്യ രാജാവ് വിജയ് മല്യയുടെ പൂട്ടിപ്പോയ വിമാന കമ്പനിയായ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായിരുന്ന തൃശൂര്‍ സ്വദേശി മനോജ് ചാക്കോയാണ് പുതിയ കമ്പനിയുടെ മേധാവി.

ചെറു പട്ടണങ്ങളെ ബന്ധിപ്പിച്ച് ചെറിയ സര്‍വീസുകളുമായി ഈ വര്‍ഷം ഒക്ടോബറില്‍ തന്നെ പറന്നു തുടങ്ങാനാണ് കമ്പനിയുടെ ശ്രമങ്ങളെന്ന് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. രാജ്യത്തെ ഏറ്റവും പുതിയ വിമാനത്താവളമായ നോര്‍ത്ത് ഗോവ എയര്‍പോര്‍ട്ടില്‍ നിന്നാകും സര്‍വീസ് ആരംഭം. കേന്ദ്ര സര്‍ക്കാരിന്റെ ഉഡാന്‍ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്തിയാകും സര്‍വീസ്.

70 യാത്രക്കാരെ വഹിക്കാവുന്ന എടിആര്‍ 72 എന്ന ചെറിയ വിമാനങ്ങളായിരിക്കും കമ്പനി ആദ്യ ഘട്ടത്തില്‍ വിന്യസിക്കുക. ഒരു വര്‍ഷം ആറു മുതല്‍ എട്ടു വരെ എടിആര്‍ 72 വിമാനങ്ങള്‍ പാട്ടത്തിനെടുത്ത് സര്‍വീസ് വിപുലപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. പ്രമുഖ നിക്ഷേപ സ്ഥാപനങ്ങളില്‍ നിന്ന് കമ്പനി 200 കോടി രൂപയുടെ ഫണ്ട് സമാഹരിച്ചിട്ടുണ്ട്. ഇന്ത്യയുടെ ടെലിഫോണ്‍ കോഡായ 91 ആണ് ആണ് കമ്പനിയുടെ പേരിലെ 91.

Legal permission needed