പാലക്കാട്. മലമ്പുഴ ഡാമിനോട് ചേര്‍ന്നുള്ള ഉദ്യാനത്തില്‍ ഡിസംബര്‍ 23 മുതല്‍ 2024 ജനുവരി രണ്ടു വരെ പുഷ്പ മേള (FLOWER SHOW) സംഘടിപ്പിക്കും. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും (DTPC Palakkad) ജലസേചന വകുപ്പും ചേര്‍ന്നാണ് ഫ്‌ളവര്‍ഷോ. മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു. 11 ദിവസം നീണ്ടു നില്‍ക്കുള്ള മേളയോടനുബന്ധിച്ച് കലാ, സാംസ്‌കാരിക പരിപാടികളും ഭക്ഷ്യ മേളയും സംഘടിപ്പിക്കും.
പാലക്കാട് നഗരത്തില്‍ നിന്ന് 10 കീ.മീ. അകലെയാണ് മലമ്പുഴ ഉദ്യാനം. പശ്ചിമഘട്ട മലനിരകളുടെ താഴ്വരയില്‍ മലമ്പുഴ അണക്കെട്ടിനോട് ചേർന്ന് അതിവിശാലമായി സ്ഥിതി ചെയ്യുന്നു. കേരളത്തിന്റെ വൃന്ദാവനം എന്നറിയപ്പെടുന്ന ഉദ്യാനം മനോഹരങ്ങളായ റോസാപ്പൂക്കളാലും ജലധാരായന്ത്രങ്ങളാലും അതിമോഹനമായ പുൽത്തകിടികളാലും സമൃദ്ധമാണ്. കാനായി കുഞ്ഞിരാമന്റെ വളരെ പ്രശസ്തമായ ശിലാശില്പം ‘യക്ഷി’ ഈ ഉദ്യാനത്തിലാണ്. തൂക്കുപാലം, ബോട്ടു സവാരി , മിനി ജലവൈദ്യുതി നിലയം എന്നിവ ഉദ്യാനത്തിന്റെ പ്രത്യേകതകളാണ്.
ഉദ്യാനത്തോട് ചേര്ന്ന് സ്നേക്ക് പാര്ക്ക്, ശിലാ ഉദ്യാനം, റോപ് വേ, ശുദ്ധജല അക്വാറിയം എന്നിവയും ഉണ്ട്. രാവിലെ 10.00 മുതൽ വൈകിട്ട് 07.30 മണി വരെയാണ് പ്രവർത്തനം. ഉദ്യാനത്തിനകത്ത് ബോട്ടിംഗ് നടത്തുന്നതിനുളള സൗകര്യവുമുണ്ട്.
റോപ്പ് വേ: മലമ്പുഴ ഉദ്യാനത്തിനു കുറുകെ 20 മിനിറ്റു നേരം സാഹസികവും ആനന്ദകരവുമായ ആകാശയാത്ര ഒരുക്കുന്നു. സ്വര്ഗ്ഗ സമാനമായ ഉദ്യാന ദൃശ്യവും വിസ്തൃതമായ ജലസംഭരണിയും അംബര ചുംബികളായ മലകളുടെയും അഭൗമ സൗന്ദര്യവും റോപ്പ് വേ റൈഡിൽ ആസ്വദിക്കാം. തെക്കേ ഇന്ത്യയിലെ ആദ്യ റോപ്പ് വേയാണിത്. രാവിലെ 10.00 മുതല്‍ 01.00 മണിവരെയും ഉച്ച തിരിഞ്ഞ് 02.30 മുതല്‍ വൈകീട്ട് 08.00 മണിവരെയുമാണ് ആണ് പ്രവർത്തന സമയം.