ഗിഗ് ഇക്കോണമിയുടെ വന്‍വളര്‍ച്ചയോടെ ലോകത്തൊട്ടാകെ വര്‍ധിച്ചു വരുന്ന ഒരു പ്രത്യേക തൊഴില്‍ വിഭാഗമാണ് ഡിജിറ്റല്‍ നൊമാഡുകള്‍. കോവിഡ് കാലത്തിനു ശേഷം തൊഴില്‍ സംസ്‌കാരം അടിമുടി മാറിയതോടെ ഒരിടത്ത്, അല്ലെങ്കില്‍ ഒരു ഒഫീസില്‍ മാത്രം ഒതുങ്ങിയിരുന്ന് ജോലി ചെയ്യുക എന്ന സങ്കല്‍പ്പം തന്നെ പൊളിച്ചെഴുതപ്പെട്ടു. വര്‍ക്ക് ഫ്രം ഹോ, വര്‍ക്ക് നിയര്‍ ഹോം തുടങ്ങിയ രീതികളെല്ലാം വ്യാപകമായതോടെയാണ് ഡിജിറ്റല്‍ നൊമാഡുകള്‍ എന്ന പുതിയൊരു വിഭാഗം ഉടലെടുത്തത്. ലോകത്ത് എവിടെയിരുന്നും ജോലി ചെയ്യാം, യാത്രകള്‍ ചെയ്യാം. ഇതാണ് ഡിജിറ്റല്‍ നൊമാഡുകളുടെ സവിശേഷത. എവിടെ ആണെങ്കിലും ഏറ്റെടുത്ത ജോലി, അല്ലെങ്കില്‍ ഏല്‍പ്പിക്കപ്പെട്ട ജോലി വൃത്തിയായി കൃത്യസമയത്ത് ചെയ്തു കൊടുത്താല്‍ മാത്രം മതി.
ഇത് യാത്രകള്‍ക്ക് പുതിയ അവസരങ്ങളാണ് തുറന്നിട്ടത്. പല രാജ്യങ്ങലും ടൂറിസം ബോര്‍ഡുകളും ഇത്തരം യാത്രികര്‍ക്കായി പ്രത്യേക പാക്കേജുകളും വിസകളും ആനൂകൂല്യങ്ങളുമെല്ലാം ഇപ്പോള്‍ നല്‍കി വരുന്നുണ്ട്. ഇപ്പോഴിതാ യുറോപ്യന്‍ രാജ്യമായ എസ്‌തോനിയയും ഡിജിറ്റല്‍ നൊമാഡുകള്‍ക്കായി പ്രത്യേകളുകള്‍ നല്‍കി വരുന്നു. റിമോട്ട് വര്‍ക്ക് ചെയ്യുന്നവര്‍ക്ക് രാജ്യത്ത് ജീവിക്കാനും ജോലി ചെയ്യാനും സൗകര്യമൊരുക്കുന്നതാണ് ഈ പദ്ധതി. ഫ്രീലാന്‍സര്‍മാര്‍, വര്‍ക്ക് ഫ്രം ഹോം ചെയ്യുന്നവര്‍, സംരംഭകര്‍ തുടങ്ങിയവര്‍ക്ക് ഒരു വര്‍ഷം വരെ എസ്‌തോനിയയില്‍ ഈ പുതിയ വിസയില്‍ ജീവിക്കാം.

Digital Nomad Visa (DNV)യ്ക്ക് ചില മാനദണ്ഡങ്ങളുണ്ട്. ആദ്യമായി വേണ്ടത് ഒരു റിമോട്ട് എംപ്ലോയി അല്ലെങ്കില്‍ എസ്‌തോനിയയ്ക്ക് പുറത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ട ബിസിനസിന്റെ സംരംകന്‍ ആയിരിക്കുക എന്നതാണ്. ഇന്റര്‍നാഷനല്‍ ക്ലയന്റ്‌സ് ഉള്ള ഒരു ഫ്രീലാന്‍സര്‍ ആയാലും മതി. എന്നാല്‍ പ്രതിമാസം ചുരുങ്ങിയത് 4.57 ലക്ഷം രൂപയോളം (4500 യൂറോ) വരുമാനം കാണിക്കണം. വിസയ്ക്ക് അപേക്ഷിക്കുന്നതിന് തൊട്ടുമുമ്പുള്ള ആറു മാസത്തെ വരുമാനമാണ് കാണിക്കേണ്ടത്.
ആവശ്യമായ രേഖകള്‍
- കാലാവധിയുള്ള പാസ്‌പോര്‍ട്ട്
- പൂര്‍ണമായ, ഒപ്പിച്ച വിസ അപേക്ഷ
- ജോലിയുടെ, ബിസിനസിന്റെ രേഖമൂലമുള്ള തെളിവ് (തൊഴില്‍ കരാര്‍, ബിസിനസ് രജിസ്‌ട്രേഷന്‍ മുതലവായവ)
- വരുമാനം തെളിയിക്കുന്ന, ആറു മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റ്
- എസ്‌തോനിയയില്‍ വരുന്നതിനുള്ള കാരണങ്ങളും ഇവിടുത്തെ യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്നത് സംബന്ധിച്ച് വിവരങ്ങളും ഉള്‍ക്കൊള്ളിച്ചുള്ള വിശദമായി എഴുതിയ ഉദ്ദേശ പത്രം.
- ചുരുങ്ങിയത് 30,000 യൂറോ കവറേജുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ് ഉണ്ടെന്നതിനുള്ള തെളിവ്
- ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം
- എസ്‌തോനിയയിലെ താമസ സ്ഥലത്തിന്റെ രേഖ.
- ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ
എസ്‌തോനിയയില്‍ 12 മാസം വരെ ജീവിക്കാനും റിമോട്ട് ജോലി ചെയ്യാനും ആഗ്രഹിക്കുന്ന യുറോപ്പുകാരല്ലാത്തവര്‍ക്ക് മാത്രമെ ഈ വിസ ലഭിക്കൂ. എസ്‌തോനിയയില്‍ മറ്റൊരു വിസയില്‍ താമസിച്ചു വരുന്നവര്‍ക്കും ഈ വിസയ്ക്ക് അപേക്ഷിക്കാം.