ഇടുക്കി: കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികളെത്തുന്ന ഇടുക്കി ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന നിരക്ക് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡി ടി പി സി) വർധിപ്പിച്ചു. കുട്ടികളുടെ ടിക്കറ്റ് നിരക്കിൽ ഉൾപ്പെടെയാണ് വർധന. ജിഎസ് ടി കൂടി ഉൾപ്പെടുത്തിയതാണ് വർധനയ്ക്ക് കാരണമായതെന്ന് ഡിടിപിസി അധികൃതർ അറിയിച്ചു.
ഡി ടി പിസിയുടെ നിയന്ത്രണത്തിൽ ഇടുക്കിയിൽ പ്രവർത്തിക്കുന്ന വാഗമൺ, രാമക്കല്‍മേട്, ശ്രീനാരായണപുരം തുടങ്ങിയ എല്ലാ കേന്ദ്രങ്ങളിലും, പ്രവേശന നിരക്ക് വർധിപ്പിച്ചിട്ടുണ്ട്. രാമക്കല്‍മേട്ടില്‍, മുതിർന്നവർക്ക് 25, കുട്ടികൾക്കും സീനിയർ സിറ്റിസണ്‍സിനും 15 എന്നിങ്ങനെയാണ് പുതിയ നിരക്ക്. ഓരോ ടിക്കറ്റിലും അഞ്ച് രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. മറ്റ് കേന്ദ്രങ്ങളിലും സമാനമായ രീതിയിൽ നിരക്ക് പുതുക്കിയിട്ടുണ്ട്.
നിരക്ക് വർധന വിനോദ സഞ്ചാര മേഖയെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയിലാണ് ടൂറിസം സംരംഭകര്‍. മുൻപ്, സഞ്ചാരികളിൽ നിന്നും പ്രത്യേകം നികുതി ഈടാക്കാതെ, ആകെ വരുമാനത്തിൽ നിന്നുമായിരുന്നു ജി എസ് ടി നൽകിയിരുന്നത്. ഇതാണ് ഇപ്പോൾ സഞ്ചാരികളിൽ നിന്നും ഈടാക്കുന്നത്. വേനൽ അവധി തുടങ്ങിയതോടെ മൂന്നാർ, വാഗമൺ, കാന്തല്ലൂർ, മറയൂർ, ഇടുക്കി ഡാം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് ഒട്ടേറെ സഞ്ചാരികളാണ് എത്തുന്നത്. റമസാൻ മാസം കഴിയുന്നതോടെ കൂടുതൽ സഞ്ചാരികൾ ഇടുക്കിയിലെ കാഴ്ചകൾ കാണാനെത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
ഈ ഫോട്ടോയിൽ കാണുന്ന സ്ഥലം ഏതാണ്?
vagamon