കൊച്ചി. സംസ്ഥാനത്ത് വനം വകുപ്പിനു കീഴിലുള്ള ഇക്കോ ടൂറിസം (Eco Tourism) കേന്ദ്രങ്ങളിലെത്തുന്ന വിനോദ സഞ്ചാരികളെ വ്യാപകമായി ചൂഷണം ചെയ്യുന്നതായും ഈ ടൂറിസം കേന്ദ്രങ്ങളിലെ ജീവനക്കാരും ബന്ധപ്പെട്ടവരും ചേര്‍ന്ന് പണം വെട്ടിക്കുന്നതായും കണ്ടെത്തി. കേരളത്തിലൂടനീളം വനം വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ടൂറിസം കേന്ദ്രങ്ങളില്‍ ഓപറേഷന്‍ ജംഗിള്‍ സഫാരി എന്ന പേരില്‍ വിജിലന്‍സ് നടത്തിയ റൈഡിലാണ് സഞ്ചാരികളോടുള്ള കടുത്ത വഞ്ചനയും പൊതുമുതല്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ചൂഷണം ചെയ്യുന്നതിന്റെ വിവരങ്ങള്‍ പുറത്തു വന്നത്.
വിനോദ സഞ്ചാരികളില്‍ നിന്ന് പ്രവേശന ഫീസ്, പാര്‍ക്കിങ് ഫീസ് എന്നിവ പിരിച്ചെടുക്കുന്നതിലും ഡിവിഷന്‍ ഫോറസ്റ്റ് ഓഫീസര്‍ക്ക് അനുവദിക്കുന്ന നിര്‍മ്മാണ പദ്ധതികളില്‍ നടക്കുന്ന ക്രമക്കേടുകളുമാണ് കണ്ടെത്തിയത്. വ്യാപകമായി തട്ടിപ്പ് നടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ഒരേസമയം സംസ്ഥാനത്തുടനീളം വ്യാപക റെയ്ഡ് നടന്നത്. വനം വികസന ഏജന്‍സികള്‍, ഇക്കോ ടൂറിസം വികസന കമ്മിറ്റികള്‍, വനം സംരക്ഷണ സമിതികള്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങളാണ് മിന്നല്‍ പരിശോധന നടത്തിയത്.
സഞ്ചാരികളില്‍ നിന്ന് പിരിച്ചെടുക്കുന്ന ഫീസുകളില്‍ നിന്ന് ഒരു വിഹിതം കണക്കുകളിലൊന്നും കാണിക്കാതെ വനം വികസന ഏജന്‍സികളിലേയും ഇക്കോ ടൂറിസം വികസന കമ്മിറ്റികളിലേയും ഭാരവാഹികള്‍ വീതംവച്ചെടുക്കുന്നതായി രഹസ്യം വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഓപറേഷന്‍ ജംഗിള്‍ സഫാരി (Operation Jungle Safari) എന്ന പേരില്‍ റെയ്ഡ് നടന്നത്.
മിന്നല്‍ പരിശോധനയില്‍ വലിയ വെട്ടിപ്പുകള്‍ കണ്ടെത്തി. പ്രവേശന ഫീസ്, പാര്‍ക്കിങ് ഫീസ് എന്നിവ യുപിഐ ആപ്പുകള്‍ വഴി ഓണ്‍ലൈനായി സ്വീകരിക്കുന്നതില്‍ വെട്ടിപ്പു നടത്തുന്നതായാണ് കണ്ടെത്തിയത്. ഇടുക്കിയിലെ തേക്കടി ബോട്ടിങിനുള്ള പ്രവേശന ഫീസ് കൗണ്ടറിലെ ജീവക്കാരുടെ ഓണ്‍ലൈന്‍ പണമിടപാടുകളില്‍ അസ്വാഭാവികത കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ തേക്കടിയിലുള്ള ടൂറിസം രംഗത്തെ ആളുകളുമായി നിരന്തരം ഗൂഗ്ള്‍ പേ ഇടപാടുകള്‍ നടത്തുന്നതായും ഓരോരുത്തരും 40000 രൂപയോളം കൈപ്പറ്റുന്നതായും വിവരം ലഭിച്ചു. ഇത് വിശദമായി അന്വേഷിച്ചു വരികയാണ്.
തേക്കടി പെരിയാല്‍ ടൈഗര്‍ റിസര്‍വിലെ കൗണ്ടറുകളില്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക്‌സ് ടിക്കറ്റിങ് മെഷീനുകളിലെ ഡേറ്റ അതാത് ദിവസം തന്നെ ഡിലീറ്റ് ചെയ്യുന്നതായി കണ്ടെത്തി. ഇത് സംശയത്തിന് ഇടവരുത്തുന്നു.
തേക്കടി ആനച്ചാലിലുള്ള പെരിയാര്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷന്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ വാഹനങ്ങളില്‍ നിന്ന് ഫീസ് പിരിക്കുന്ന ജോലിക്കാര്‍ അവരുടെ സ്വന്തം യുപിഐ ഐഡി ഉപയോഗിച്ച് പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുന്നതായും കണ്ടെത്തി. ബോട്ടിങ് ഫീസ് കൗണ്ടറിലെ ജീവനക്കാരുടെ ഗൂഗ്ള്‍ പേ ഇടപാടുകളും സംശയാസ്പദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
കോട്ടയം ജില്ലയിലെ ഫോറസ്റ്റ് ഡെവലപ്‌മെന്റ് ഏജന്‍സി കൈകാര്യം ചെയ്യുന്ന സെക്ഷന്‍ ഫോറസ്റ്റ് ഓഫിസറുടെ ഗൂഗ്ള്‍ പേ അക്കൗണ്ട് വഴി ആറു മാസത്തിനിടെ നിരവധി അസ്വാഭാവിക പണമിടപാടുകള്‍ നടന്നതായും കണ്ടെത്തി. വിജിലന്‍സ് ഈ കണ്ടെത്തുലകള്‍ വിശദമായി പരിശോധിച്ച് വരികയാണ്.
ഇടുക്കി ആനമുടി വനം സംരക്ഷണ സമിതി സഞ്ചാരികളില്‍ നിന്നും പിരിച്ചെടുക്കുന്ന പ്രവേശന ഫീസിന് നല്‍കുന്ന രസീതില്‍ നമ്പറും സീലും ഇല്ല. ഇരവികുളം നാഷനല്‍ പാര്‍ക്കിലെ ഇക്കോ ഡെവലപ്‌മെന്റ് കമ്മിറ്റി നടത്തുന്ന ഷോപ്പുകളില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് ബില്ലുകള്‍ നല്‍കാതെ വന ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതായും കണ്ടെത്തി.
തൃശൂര്‍ ജില്ലയിലെ അതിരപ്പള്ളി വനം വികസന സമിതി വനശ്രീ കൗണ്ടറുകള്‍ വഴി വില്‍ക്കുന്ന സാധനങ്ങള്‍ക്കും ബില്ല് നല്‍കുന്നില്ലെന്ന് കണ്ടെത്തി. പാലക്കാട് അനങ്ങാമല ഇക്കോ ഷോപ്പിലും സമാന വെട്ടിപ്പ് നടക്കുന്നു. വയനാട് ബാണാസുര മീന്‍മുട്ടി വെള്ളച്ചാട്ടത്തിലെ വന സംരക്ഷണ സമിതി 2022ല്‍ ഉല്‍പ്പന്നങ്ങല്‍ല്‍ വിറ്റ വകയിലുള്ള തുക ഇതുവരെ സമിതിക്കു ലഭിച്ചിട്ടില്ല. തോല്‍പ്പെട്ടി ഇക്കോ ഡെവലപ്‌മെന്റ് കമ്മിറ്റിയുടെ വന സംരക്ഷണ സമിതിയുടെ ഇന്നലത്തെ കണക്കുകളില്‍ മാത്രം 14000 രൂപയുടെ കുറവ് കാണപ്പെട്ടു. ഇത് ഗൂഗ്ള്‍ പേ വഴി ഉദ്യോഗസ്ഥര്‍ വാങ്ങിയതായി സംശയിക്കുന്നു. കോഴിക്കോട് തുശാരഗിരി വനം സംരക്ഷണ സമിതിയുടെ പാര്‍ക്കിങ് ഫീസ് പിരിവില്‍ വെട്ടിപ്പുണ്ട്. എല്ലാവര്‍ക്കും രസീത് നല്‍കുന്നില്ലെന്ന് കണ്ടെത്തി.
കണ്ടെത്തലുകളില്‍ വിജിസന്‍സ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകാതകള്‍ സംബന്ധിച്ച് വിശദമായ റിപോര്‍ട്ട് തുടര്‍ നടപടികള്‍ക്കായി സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ടി.കെ വിനോദ് കുമാര്‍ ഐപിഎസ് അറിയിച്ചിട്ടുണ്ട്.