Dudhsagar തുറന്നു; ട്രെക്കിങ്ങിനും ജീപ്പ് സഫാരിക്കും തുടക്കമായി; അറിയേണ്ടതെല്ലാം

പനജി. മണ്‍സൂണ്‍ സീസണില്‍ വിനോദ സഞ്ചാരികളുടെ സുരക്ഷ കണക്കിലെടുത്ത് നിര്‍ത്തിവച്ചിരുന്ന ദൂധ്‌സാഗര്‍ വെള്ളച്ചാട്ടത്തിലേക്കുള്ള (Dudhsagar waterfalls) പ്രവേശനവും ട്രെക്കിങും ജീപ്പ് സഫാരിയും പുനരാരംഭിച്ചു. ജീപ്പ് സഫാരിക്കുള്ള ബുക്കിങ് ഗോവ ടൂറിസം ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ (Goa Tourism Development Corporation) ആരംഭിച്ചിട്ടുണ്ട്. പുതിയ സീസണ്‍ ഒക്ടോബര്‍ രണ്ടിനാണ് ആരംഭിക്കാറുള്ളത്. ഇത്തവണ 10 ദിവസം വൈകിയാണ് തുടക്കമായത്.

ദിവസവും സഫാരി നടത്താന്‍ 170 ജീപ്പുകള്‍ക്കാണ് ഇവിടെ അനുമതി നല്‍കിയിരിക്കുന്നത്. വാരാന്ത്യ ദിവസങ്ങളില്‍ 225 ജീപ്പുകളും സഞ്ചാരികള്‍ക്കായി ഉണ്ടാകും. ജീപ്പ് സഫാരി ബുക്കിങ്ങിന് ഓണ്‍ലൈന്‍ സംവിധാനവും സ്വകാര്യ ഏജന്‍സിയുമായി ചേര്‍ന്ന് ഇത്തവണ ഒരുക്കിയിട്ടുണ്ട്. ഒരാള്‍ക്ക് 500 രൂപയാണ് നിരക്ക്. ഒരു ജീപ്പില്‍ പരമാവധി ഏഴു പേര്‍ക്ക് യാത്ര ചെയ്യാം. ഒരു മണിക്കൂറോളം ദൂധ്‌സാഗറില്‍ സമയം ചെലവഴിച്ച് തിരിച്ചു പോരും. പരമാവധി ഒന്നര മണിക്കൂറാണ് അനുവദിക്കപ്പെട്ട സമയം. രജിസ്റ്റര്‍ ചെയ്ത ജീപ്പുകള്‍ക്ക് മാത്രമെ സഫാരി അനുമതിയുള്ളൂ. കൊടും വനത്തിലൂടേയും കാട്ടരുവികളിലൂടേയുമുള്ള 14 കിലോമീറ്റര്‍ ജീപ്പ് സഫാരി ഒരു മണിക്കൂറോളം നീളുന്ന ഗംഭീര വനയാത്രയാണ്.

ട്രെക്കിങും കാല്‍നട യാത്രയും ഗോവ ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ നിരീക്ഷണത്തിലായിരിക്കും. വന്യജീവികള്‍ക്ക് ശല്യമുണ്ടാകാതിരിക്കാന്‍ സഫാരി നടത്തുന്ന ജീപ്പുകളുടെ എണ്ണത്തില്‍ വനംവകുപ്പ് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

സാഹസികപ്രിയരായ നിരവധി സഞ്ചാരികള്‍ കാല്‍നടയായി ദൂധ്‌സാഗറിലേക്ക് ട്രെക്ക് ചെയ്യാറുണ്ട്. റെയില്‍വേ ട്രാക്കിനോട് ചേര്‍ന്നുള്ള 14 കിലോമീറ്റര്‍ കാസില്‍ റോക്ക് റൂട്ടിലൂടെയുള്ള ട്രെക്കാണ് കൂടുതല്‍ സഞ്ചാരികളും തിരഞ്ഞെടുക്കാറുള്ളത്. ആറ് മണിക്കൂറെടുക്കും ഈ ട്രെക്ക് പൂര്‍ത്തിയാക്കാന്‍. കുല്ലെം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 11 കിലോമീറ്റര്‍ നടന്നും ദൂധ്‌സാഗറിലെത്താം. ഈ വഴി തിരഞ്ഞെടുക്കുന്നവര്‍ കുറവാണ്.

ഗോവയുടെ തലസ്ഥാനമായ പനജിയില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയാണ് ദൂധ്‌സാഗര്‍ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. മണ്‍സൂണില്‍ ശക്തിപ്രാപിക്കുന്ന ഈ വെള്ളച്ചാട്ടം കൂടുതല്‍ അപകടകാരിയാകുന്നതിനാല്‍ വിനോദ സഞ്ചാരികള്‍ക്കുള്ള പ്രവേശനത്തിന് പൂര്‍ണ വിലക്കേര്‍പ്പെടുത്താറുണ്ട്. എങ്കിലും നിയമം ലംഘിച്ച് ജീവന്‍ അപകപ്പെടുത്തി പലരും ദൂധ്‌സാഗറിലേക്ക് യാത്ര ചെയ്യാറുണ്ട്.

സമുദ്രനിരപ്പില്‍ നിന്നും 1017 അടി ഉയരത്തിലുള്ള ദൂധ്‌സാഗര്‍ വെള്ളച്ചാട്ടം മാണ്ഡവി നദിയുടെ ഭാഗമാണ്. ഗോവയിലെ കുല്ലെം വന്യജീവി സങ്കേതത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഗോവയിലെ മഡ്ഗാവിനേയും കര്‍ണാടകയിലെ ബെല്‍ഗാമിനേയും ബന്ധിപ്പിക്കുന്ന റെയില്‍പ്പാത കടന്നു പോകുന്നത് ദൂധ്‌സാഗര്‍ വെള്ളച്ചാട്ടത്തിനു സമീപത്തുകൂടിയാണ്. ഈ പാതയിലൂടെയുള്ള യാത്രയും ഒരു മനോഹര അനുഭവമായിരിക്കും. കുല്ലെം റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് 11 കിലോമീറ്ററാണ് ദൂധ്‌സാഗറിലേക്കുള്ള ദൂരം.

Legal permission needed