ന്യൂദല്‍ഹി. നഗരങ്ങളില്‍ 2027ഓടെ നാലു ചക്ര ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കണമെന്ന് കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം നിയോഗിച്ച എനര്‍ജി ട്രാന്‍സിഷന്‍ അഡൈ്വസറി കമ്മിറ്റി കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കിയതോടെ ഇന്ത്യയില്‍ ഡീസല്‍ കാറുകള്‍ക്ക് മരണമണി മുഴങ്ങുകയാണെന്ന ആശങ്ക ശക്തമായി. 10 ലക്ഷത്തിലേറെ ജനങ്ങള്‍ വസിക്കുന്ന നഗരങ്ങളില്‍ ഡീസല്‍ കാറുകളുടെ ഉപയോഗം അടുത്ത നാലു വര്‍ഷത്തിനകം നിരോധിക്കണമെന്നാണ് സമിതിയുടെ നിര്‍ദേശം. ഇതോടൊപ്പെം 2030ഓടെ നഗര ഗതാഗത സൗകര്യങ്ങള്‍ക്കായി മെട്രോ ട്രെയ്‌നുകളും ഇലക്ട്രിക് ബസുകളുമായിരിക്കണം കൂടുതല്‍ പ്രയോജനപ്പെടുത്തേണ്ടതെന്നും സമിതി മന്ത്രാലയത്തിനു സമര്‍പ്പിച്ച ശുപാര്‍ശകളില്‍ പറയുന്നു.
ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ കുറച്ച് പരിസ്ഥിതി മലിനീകരണ തോത് കാര്യമായി കുറച്ചു കൊണ്ടുവരിക എന്ന പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായാണ് പുതിയ നിര്‍ദേശങ്ങള്‍. ഡീസല്‍ കാറുകളുടെ നിരോധനം നിലവില്‍ വന്നാല്‍ അത് ഇന്ത്യയിലെ മെട്രോ നഗരങ്ങളെ മാത്രമല്ല, മറ്റ് ഒട്ടേറെ ചെറിയ നഗരങ്ങളേയും ബാധിക്കും. മാത്രമല്ല, ഡീസല്‍ വാഹന നിര്‍മാതാക്കളേയും ബാധിക്കും. ഇത്തരമൊരു ഭാവി മുന്നില്‍ കണ്ടു കൊണ്ടാകണം, ഇന്ത്യയിലെ ഏറ്റവും ജനപ്രിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി 2020 ഏപ്രില്‍ മുതല്‍ ഡീസല്‍ കാര്‍ നിര്‍മാണം അവസാനിപ്പിച്ചിരുന്നു. ഡീസല്‍ വാഹനങ്ങള്‍ ഇനി ഇറക്കില്ലെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ മഹീന്ദ്രയും ടാറ്റയുമാണ് കൂടുതല്‍ ഡീസല്‍ മോഡലുകള്‍ വിപണിയിലിറക്കുന്നത്. വിദേശ കമ്പനികളായ ഹുണ്ടേയ്, കിയ എന്നിവരും ഡീസല്‍ മോഡലുകള്‍ ഇറക്കുന്നുണ്ട്. ടൊയോട്ട ഇന്നൊവ ക്രിസ്റ്റ മാത്രമാണിപ്പോല്‍ ഡീസല്‍ വാഹനമായി ഇന്ത്യയില്‍ ഇറക്കുന്നത്. എല്ലാ കാര്‍ കമ്പനികളും 2020 മുതല്‍ ഡീസല്‍ മോഡലുകളില്‍ നിന്ന് കാര്യമായി തന്നെ പിന്‍വാങ്ങിത്തുടങ്ങിയിട്ടുണ്ട്.
ഡീസല്‍ കാറുകള്‍ നിരോധിച്ചാല്‍ സംഭവിക്കുന്നത്
ഇത്തരമൊരു നിരോധനം നിലവില്‍ വന്നാല്‍ പ്രായോഗിക തലത്തില്‍ അത് എത്രത്തോളം നടപ്പിലാകുമെന്നത് സംശയത്തിലാണ്. ചരക്കു ഗതാഗതത്തിന് ഉപയോഗിക്കുന്ന ഇടത്തരം, ഹെവി വാണിജ്യ വാഹനങ്ങളും യാത്രാ ബസുകളും ഡീസലില്‍ തന്നെ തുടരുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. മാത്രവുമല്ല, പരിസ്ഥിതി ചട്ടങ്ങള്‍ പാലിക്കുന്നവയാണ് നിലവില്‍ വിപണിയിലിറങ്ങുന്ന ഡീസല്‍ കാറുകളെന്ന് കാർ നിർമാതാക്കൾ പറയുന്നു. ഡീസല്‍ എഞ്ചിനുകള്‍ ഏറ്റവും പുതിയ മലിനീകരണ നിയന്ത്രണ ചട്ടങ്ങൾ അനുസരിച്ച് പരിഷ്ക്കരിക്കുന്നതിന് വലിയ നിക്ഷേപങ്ങൾ നടത്തിയിട്ടുമുണ്ട്.
പെട്രോളിനെ അപേക്ഷിച്ച് ഇന്ധനക്ഷമത കൂടുതല്‍ ഡീസല്‍ എഞ്ചിനുകള്‍ക്കാണ് എന്നതാണ് പ്രധാന ആകര്‍ഷണം. കൂടിയ ഊര്‍ജ്ജോല്‍പ്പാദന ശേഷിയും ഡീസലിനെ ജനപ്രിയമാക്കി. എന്നാല്‍ ഡീസല്‍ എഞ്ചിനുകളാണ് പരിസ്ഥിതി മലീകരണ കാരണമാകുന്ന വാതകങ്ങള്‍ പുറന്തള്ളുന്നതില്‍ മുന്നിലുള്ളത്. സര്‍ക്കാര്‍ വിലനിയന്ത്രണം നീക്കിയതോടെ ഡീസല്‍ വിലയും കുത്തനെ ഉയര്‍ന്ന് ഏതാണ്ട് പെട്രോള്‍ വിലയ്ക്ക് അടുത്തെത്തിയിട്ടുണ്ട്. ഇതും ഡീസല്‍ വാഹനങ്ങളോടുള്ള ആളുകളുടെ പഴയ അഭിനിവേശം കുറച്ചിട്ടുണ്ടിപ്പോള്‍.
ഇന്നേറ്റവും കൂടുതല്‍ ഡീസല്‍ വാഹനങ്ങളുള്ളത് വാണിജ്യ മേഖലയിലും ചരക്കു ഗതാഗത രംഗത്തുമാണ്. അതു കൊണ്ട് തന്നെ പുതിയ മലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ക്കനുസരിച്ച് ഡീസല്‍ എഞ്ചിനുകള്‍ പരിഷ്‌ക്കരിക്കാനും പുതിയ സാങ്കേതികവിദ്യകള്‍ അവതരിപ്പിക്കാനും ഡീസല്‍ വാഹന നിര്‍മാതാക്കള്‍ വന്‍തോതില്‍ നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ട്. സമീപ ഭാവിയില്‍ തന്നെ ഡീസല്‍ വാഹനങ്ങളെ പൂര്‍ണമായും നിരോധിച്ചാല്‍ അത് വാഹന വ്യവസായ രംഗത്ത് വലിയ ആഘാതമുണ്ടാക്കും. മാത്രവുമല്ല, വാണിജ്യ വാഹനങ്ങളില്‍ ബദല്‍ ഇന്ധനങ്ങളായ ഇലക്ട്രിക്, സിഎന്‍ജി, എല്‍എന്‍ജി, ഹൈഡ്രജന്‍ എന്നിവ ഉപയോഗിക്കാവുന്നതിന്റെ സാധ്യതകള്‍ ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണ്. പെട്ടെന്നൊരു പൂര്‍ണ ഇന്ധന മാറ്റം ഇപ്പോള്‍ പ്രായോഗികവുമല്ല. പൂര്‍ണമായ നിരോധനം ഏര്‍പ്പെടുത്തുന്നതിനു പകരം പുതിയ സാങ്കേതിക വിദ്യകള്‍ അവതരിപ്പിച്ച് ഘട്ടംഘട്ടമായി നിരത്തുകളില്‍ നിന്ന് ഡീസല്‍ വാഹനങ്ങളെ ഒഴിവാക്കുകയായിരിക്കും പ്രായോഗിക വഴി.