CHINESE VISA: ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് ഇളവ്; നിരക്കുകളും അപേക്ഷാ രീതിയും ഇങ്ങനെ

ന്യൂ ദല്‍ഹി. ചൈന സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യയില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ക്ക് സന്തോഷ വാര്‍ത്ത. ഇന്ത്യക്കാര്‍ക്ക് വിസ (Chinese Visa) അനുവദിക്കുന്നതില്‍ താല്‍ക്കാലികമായി ഇളവുകള്‍ നല്‍കുമെന്ന് ഇന്ത്യയിലെ ചൈനീസ് എംബസി അറിയിച്ചു.

വിനോദ സഞ്ചാരം, ബിസിനസ്, ഹ്രസ്വകാല കുടുംബ സന്ദര്‍ശനം, ട്രാന്‍സിറ്റ് എന്നീ ആവശ്യങ്ങള്‍ക്കുള്ള വിസകള്‍ക്ക് പരിമിത കാലത്തേക്ക് ബയോമെട്രിക് വിവരങ്ങള്‍ നല്‍കേണ്ടതില്ല. അതായത് ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് വിസ അപേക്ഷാ നടപടിക്രമങ്ങളുടെ ഭാഗമായുള്ള ഫിംഗര്‍പ്രിന്റ് നല്‍കേണ്ടതില്ല. ഇത് വിസ നടപടിക്രമങ്ങള്‍ ലഘൂകരിക്കും. ബയോമെട്രിക് വിവരങ്ങള്‍ നല്‍കാന്‍ കഴിയാത്തത് കൊണ്ട് നേരത്തെ ചൈനീസ് വിസ ലഭിക്കാതെ പോയവര്‍ക്ക് ഇപ്പോള്‍ മികച്ച അവസരമാണ് ലഭിച്ചിരിക്കുന്നത്. കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ഇത് പ്രയോജനം ചെയ്യും.

ഈ വര്‍ഷം ഡിസംബര്‍ 31 വരെയാണ് ഈ ഇളവ് അനുവദിച്ചിരിക്കുന്നത്. ചൈനീസ് വിസ എടുക്കുന്നവര്‍ ന്യൂ ദല്‍ഹിയിലെ ചൈനീസ് വിസ അപ്ലിക്കേഷന്‍ സര്‍വീസ് സെന്ററുമായി ബന്ധപ്പെടണമെന്നും എംബസി അറിയിക്കുന്നു. അപേക്ഷകര്‍ ഓണ്‍ലൈന്‍ അപേക്ഷ രീതിയാണ് പിന്തുടരേണ്ടത്. പാസ്‌പോര്‍ട്ടിന് ചുരുങ്ങിയത് ആറു മാസം കാലാവധിയെങ്കിലും ഉണ്ടായിരിക്കണം. രണ്ട് ബ്ലാങ്ക് വിസ പേജുകളും പാസ്‌പോര്‍ട്ടിലുണ്ടായിരിക്കണം. പാസ്‌പോര്‍ട്ടിലെ പ്രസക്തമായ പേജുകളുടെ പകര്‍പ്പും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും, മേല്‍വിലാസവും ജോലിയും തെളിയിക്കുന്ന രേഖകളും സമര്‍പ്പിക്കണം.

ചൈനീസ് വിസ അപേക്ഷാ നിരക്കുകള്‍ വിവിധ കാറ്റഗറികളെ ആശ്രയിച്ച് വ്യത്യാസപ്പെട്ടിരിക്കും. 3800 രൂപ മുതല്‍ 7800 രൂപ വരെയാണ് നിരക്ക്. വിസയുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്കായി ഇന്ത്യക്കാര്‍ക്ക് പ്രത്യേക അന്വേഷണ കേന്ദ്രവും ചൈനീസ് എംബസി ഒരുക്കിയിട്ടുണ്ട്. വിസ അപേക്ഷാ നടപടികളുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണങ്ങള്‍ക്കും ഇതുവഴി എംബസിയില്‍ നിന്ന് മറുപടി ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക്:

Chinese Visa Application Service Centre, New Delhi
Tel:91-9999036735
പ്രവർത്തന സമയം: 9:00 am – 14:00 pm, 15:00 pm – 17:00 pm.
E-mail:delhicentre@visaforchina.org

Legal permission needed