✍🏻 ആബിദ് അടിവാരം
MALAYSIA സഞ്ചാരികളെ മോഹിപ്പിക്കുന്ന നാടാണ്. കുറഞ്ഞ ബജറ്റിൽ ഒറ്റയ്ക്ക് ഒരു വിദേശ യാത്ര പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ തീർച്ചയായും ഏറ്റവും മികച്ച ഒരിടമാണ് മലേഷ്യ. യാത്രികരെ ആകർഷിക്കുന്ന ഒട്ടേറെ സവിശേഷതകൾ ഇവിടെയുണ്ട്. നാട്ടിലോ ദുബായിലോ മറ്റു നഗരങ്ങളിലോ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസിക്കാൻ ചെലവാകുന്നതിന്റെ നാലിലൊന്ന് ചെലവിൽ മലേഷ്യയിൽ ഫൈവ് സ്റ്റാർ ഹോട്ടലുകൾ കിട്ടും. ഗൾഫിലെ റോഡുകളും കെട്ടിടങ്ങളും നാട്ടിലെ കാറ്റും മഴയും വാഴയും തെങ്ങും എല്ലാം ഒന്നിച്ചു കൂടുന്ന സ്ഥലമാണ് മലേഷ്യ.
കാലാവസ്ഥ കേരളത്തേക്കാൾ നല്ലതാണ്, മഴക്കാലവും വേനൽകാലവും ഇല്ല. കൊല്ലം മുഴുവനും മഴയുണ്ടാകും. കടുത്ത ചൂടോ തണുപ്പോ ഇല്ല, ശരാശരി താപനില 25 ഡിഗ്രിയാണ്. എണ്ണപ്പണം കൊണ്ട് ഗൾഫ് ഉണ്ടാക്കിയ പുരോഗതി, എണ്ണപ്പണമില്ലാതെ മലേഷ്യ ഉണ്ടാക്കിയിട്ടുണ്ട്, അവരുടെയും കാൽ നൂറ്റാണ്ടു മുമ്പ്. പബ്ലിക് ട്രാൻസ്‌പോർട്ടേഷൻ, വെയിസ്റ്റ് മാനേജ്‌മെന്റ്, പൊതു ജീവിതം തുടങ്ങി പല വിഷയങ്ങളിലും നമുക്ക് കാണാനും പഠിക്കാനുള്ള പലതുമുണ്ട്. കേരളത്തിൽ നിന്ന് ഡൽഹിയിലേക്കോ ഗോവയിലേക്കോ ടൂർ പോകുന്ന ചെലവിൽ മലേഷ്യയിൽ വന്നു പോകാം. ഓട്ടക്കാലണയുമായി നാട് ചുറ്റാൻ ഇറങ്ങുന്ന ബാക്ക് പാക്കേഴ്സ്നുള്ള നിർദ്ദേശങ്ങളാണ് ആദ്യം.
സോളോ ട്രിപ്പ് പ്ലാൻ ചെയ്യുന്നവർ അറിയാൻ
യാത്രക്കുള്ള തീയതി നിശ്ചയിക്കുക, ഒരാഴ്ചയിൽ കുറഞ്ഞ യാത്രയാണെങ്കിൽ ശനിയും ഞായറും ഒഴിവാക്കിയാൽ ടിക്കറ്റ്, ഹോട്ടൽ ചിലവുകളിൽ കുറവ് കിട്ടും. ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ തിരക്ക് കുറയും. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എയർപോർട്ടുകളിൽ നിന്ന് നേരിട്ട് സർവീസുകളുണ്ട്. നേരത്തെ പ്ലാൻ ചെയ്‌താൽ എയർ ഏഷ്യയിൽ 15,000 രൂപക്ക് മടക്ക ടിക്കറ്റ് ഉൾപ്പെടെ കിട്ടും. skyscanner ഡോട്ട് കോമിൽ ഏത് എയർപോർട്ടിൽ നിന്നാണ് ഏറ്റവും കുറഞ്ഞ ടിക്കറ്റ് എന്ന് കണ്ടു പിടിക്കാം.
500 രൂപയ്ക്ക് താമസം
ബാക് പാക്കുകാർക്ക് താങ്ങാവുന്ന ചെലവിൽ നിരവധി ഹോസ്റ്റലുകളുണ്ട്. ഒരു മുറിയിൽ നാലു മുതൽ എട്ട് പേർ വരെ ഷെയറിങ്, 400-500 രൂപക്ക് ഡോർമെറ്ററി സൗകര്യം കിട്ടും. ഹോസ്‌റ്റലിൽ താമസിക്കുന്നത് കൊണ്ട് മറ്റൊരു ഗുണമുണ്ട്, കോമൺ കിച്ചനുണ്ടാവും, മുട്ടയും ബ്രെഡും നൂഡിൽസും അടുത്ത കടയിൽ വാങ്ങാൻ കിട്ടും, സ്വന്തമായി ബ്രെക്ക് ഫാസ്റ്റ് ഉണ്ടാക്കി കഴിക്കാം, ലഞ്ച് ഉണ്ടാക്കി കയ്യിൽ വെക്കാം ഡിന്നർ മാത്രം പുറത്ത് നിന്ന് കഴിച്ചാൽ മതി. ഹോട്ടൽ ബുക്ക് ചെയ്യുമ്പോൾ ട്വിൻ ടവറുമായി 2-3 കിലോമീറ്റർ ദൂരത്തിലുള്ള ഹോട്ടൽ തെരഞ്ഞെടുക്കുക, booking. comൽ കിട്ടും. bukit bintang ഏരിയയിൽ ധാരാളം ഹോസ്റ്റലുകളുണ്ട് അവിടെയായാൽ ബെസ്റ്റ്.
വീസ വേണ്ട, അറൈവൽ കാർഡ് എടുക്കാം
മലേഷ്യയിലേക്ക് വീസ ആവശ്യമില്ല, പകരം ഒരു ഫോം പൂരിപ്പിക്കാനുണ്ട്. ഈ ലിങ്കിൽ ഫോം ലഭിക്കും. ഫ്‌ളൈറ്റ്, ഹോട്ടൽ വിവിരങ്ങളെല്ലാം നൽകിയാൽ ഒരു മണിക്കൂർ കൊണ്ട് മലേഷ്യയിലെ എമിഗ്രേഷൻ ഡിപ്പാർട്മെന്റിൽ നിന്ന് ഈമെയിലിൽ പാസ് വേർഡ് അയച്ചു തരും. ആ ലിങ്കിൽ ചെന്ന് ARRIVAL CARD കാർഡ് പ്രിന്റ് ചെയ്തടുക്കാം. ടിക്കറ്റ്, റിട്ടേൺ ടിക്കറ്റ്, ഹോട്ടൽ ബുക്കിംഗ്, Arrival Card എന്നിവയാണ് എയർപോർട്ടിൽ ചെക്ക്-ഇൻ ചെയ്യുമ്പോൾ ആവശ്യമുള്ള രേഖകൾ.
കുലാലമ്പൂർ എയർപോർട്ടിൽ മുകളിൽ പറഞ്ഞ രേഖകൾ തന്നെയാണ് വേണ്ടത്, നൂറിൽ രണ്ട് പേരോട് കയ്യിൽ കാശുണ്ടോ എന്ന് ചോദിക്കും. അവർ എണ്ണി നോക്കുകയൊന്നും ഇല്ല, കാണിക്കാൻ എന്തെങ്കിലും ഉണ്ടായാൽ മതി. ഇന്ത്യൻ രൂപ പോരാ, റിങ്കിറ്റോ ഡോളറോ വേണം. ഇന്ത്യൻ രൂപ കൊടുത്ത് യുഎസ് ഡോളർ വാങ്ങി പിന്നീട് മലേഷ്യയിൽ എത്തിയ ശേഷം റിങ്കിറ്റിലേക്ക് മാറ്റിയാൽ മതി. എക്സ്ചേഞ്ചിൽ നഷ്ടമൊന്നും വരില്ല. എയർപോർട്ടിൽ എക്സ്ചേഞ്ചു ചെയ്യരുത് കത്തിയാണ്.
മൊബൈൽ സിമ്മും ട്രാവൽ കാർഡും
കുലാലമ്പൂരിൽ രണ്ട് ടെർമിനലുകളുണ്ട്, ടെർമിനൽ 2ൽ എയർ ഏഷ്യ മാത്രം. ബാക്കി എല്ലാം ടെർമിനൽ ഒന്നിൽ. പുറത്തിറങ്ങിയാൽ സിം കാർഡ് ആവശ്യമുള്ളവർക്ക് വാങ്ങാം, 30 റിങ്കിറ്റിന് രണ്ടാഴ്ചത്തേക്കുള്ള അൺലിമിറ്റഡ് പ്ലാൻ കിട്ടും. U MOBILE, അല്ലെങ്കിൽ HOTLINK സിമ്മുകൾ വാങ്ങുക. എയർപോർട്ടിൽ നിന്ന് തന്നെ ഒരു TOUCH N GO കാർഡ് കൂടി വാങ്ങുക. KK, 7ELEVEN തുടങ്ങിയ ഷോപ്പുകളിൽ കിട്ടും. കാർഡിൽ 50 റിങിറ്റെങ്കിലും ലോഡ് ചെയ്യുക. ടെർമിനൽ രണ്ടിലാണെങ്കിൽ ഏറ്റവും താഴെയുള്ള ഫ്ലോറിൽ ഒരു തമിഴ് റസ്റോറന്റുണ്ട്, ABC ONE. തൊട്ടടുത്ത് വാഷ്‌റൂമുണ്ട്, ഒന്ന് ഫ്രഷായി ഇന്ത്യൻ ബ്രെക്ക് ഫാസ്റ്റ് കഴിച്ച് യാത്ര തുടങ്ങാം. മിതമായ വിലയെ ഉള്ളൂ.
കേരളത്തിൽ നിന്നുള്ള ഫളൈറ്റുകളെല്ലാം രാത്രി പുറപ്പെട്ട് രാവിലെ മലേഷ്യയിൽ എത്തുന്നവയാണ്. ഹോട്ടൽ ചെക്ക്-ഇൻ ഉച്ചയ്ക്ക് രണ്ടു മണിക്കായിരിക്കും. ഉച്ചവരെയുള്ള സമയം നിങ്ങൾക്ക് മലേഷ്യയുടെ തലസ്ഥാന നഗരിയായ പുത്രജയയിൽ ചെലവഴിക്കാം. എയർപ്പോർട്ടിൽ നിന്ന് പുത്രജയയിലേക്ക് ട്രെയിനുണ്ട്, 9.80 റിങ്കിറ്റ് ആണ് ടിക്കറ്റ്. ക്യാഷ് പേയ്‌മെന്റ് ഇല്ല. നിങ്ങളുടെ കയ്യിലുള്ള TOUCH N GO കാർഡിൽ നിന്നാണ് പേയ്‌മെന്റ് ചെയ്യേണ്ടത്.
നാലു ദിവസം കറങ്ങാൻ മികച്ച കേന്ദ്രങ്ങൾ
പുത്രജയയിൽ ട്രെയിൻ ഇറങ്ങി പുറത്തേക്ക് കടക്കുമ്പോൾ ഇടത്തോട്ട് തിരിഞ്ഞാൽ ഫീഡർ ബസ്സുകൾ നിർത്തിയിട്ടത് കാണാം, ഗൂഗിളിൽ പുത്രജയയിൽ നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന ലൊക്കേഷനുകൾ നോക്കി വെക്കുക. എല്ലായിടത്തേക്കും ബസ്സുണ്ട്. ടിക്കറ്റിന് രണ്ട് റിങ്കിറ്റ് കൊടുത്താൽ മതി. ഓർക്കുക ക്യാഷ് വാങ്ങില്ല. കാർഡ് വേണം.
പുത്രജയിൽ നിന്ന് ഹോട്ടലിലേക്ക് മെട്രോ ട്രെയിൻ കിട്ടും, നഗരം മുഴുവനും ചിലന്തി വല പോലെ വ്യാപിച്ച് കിടക്കുന്ന മെട്രോ ലൈനിൽ കയറി നിങ്ങളുടെ ഹോട്ടലിന്റെ ഏറ്റവും അടുത്തുള്ള സ്റ്റേഷനിൽ ഇറങ്ങാം. ചിലപ്പോൾ ഇന്റർചെയ്ഞ്ചിൽ ട്രെയിൻ മാറിക്കയറേണ്ടി വരും, ഈസിയാണ്, റെയിൽവേ സ്റ്റേഷനിൽ മാപ്പ് ഉണ്ടാകും. ഗൂഗിളിലും കിട്ടും.
റസ്റ്റെടുത്ത ശേഷം രാത്രി BUKIT BINTANGലെ നൈറ്റ് ലൈഫ് കാണാൻ ഇറങ്ങാം. നമ്മുടെ നാട്ടിൽ നിന്ന് വരുന്ന വ്ലോഗ്ഗർ അണ്ണന്മാരൊക്കെ അഭിരമിക്കുന്ന ഫുഡ് സ്ട്രീറ്റ് ഇവിടെയാണ്.
അടുത്ത ദിവസം രാവിലെ മുതൽ നഗരക്കാഴ്ചകളിലേക്കിറങ്ങാം, രാവിലെ 6 മുതൽ രാത്രി 11 വരെ പീക് ടൈമിൽ അഞ്ചു മിനിറ്റ് ഇടവിട്ടും ഓഫ് പീക്കിൽ 15 മിനിറ്റ് ഇടവിട്ടും GO KL എന്നെഴുതിയ ബസ്സുകൾ വരും, പർപ്പിൾ കളറാണ്, ഫ്രീയാണ്. എവിടെയും ഇറങ്ങാം എവിടെനിന്നും കയറാം. ട്വിൻ ടവർ, ചൈന ടൌൺ, മസ്ജിദ് ഇന്ത്യ, ചൗകിറ്റ്, പവിലിയോൺ മാൾ, KL ടവർ, കോട്ട റായ, പാസാർ സെനി, നാഷണൽ മ്യുസിയം, മസ്ജിദ് നെഗാര തുടങ്ങിയ ഡെസ്റ്റിനേഷനുകളെല്ലാം ഈ ബസ്സിൽ കവർ ചെയ്യാം.
BATU CAVES എന്ന ലോകത്തെ ഏറ്റവും വലിയ മുരുക പ്രതിമയുള്ള പുരാതന ഗുഹയും ക്ഷേത്രവും നഗരത്തിനടുത്താണ്. ബതു കേവ്സിലേക്ക് ബസ്സും ട്രെയിനും കിട്ടും. ടിക്കറ്റ് 4 റിംഗിറ്റെയുള്ളൂ. തീർച്ചയായും പോയിരിക്കേണ്ട ഒരു ഡെസ്റ്റിനേഷനാണ് ഗെന്റിങ് ഹൈലാൻഡ്സ്. (അതെന്താണെന്ന് ഗൂഗിൾ ചെയ്ത് നോക്കിയാൽ മതി)
താമസിക്കുന്ന ഹോട്ടലിൽ നിന്ന് KL സെൻട്രൽ സ്റ്റേഷനിൽ എത്തുക. ദീർഘ ദൂര ട്രെയിനുകളും ബസ്സുകളും മെട്രോ ട്രെയിനും മോണോ റെയിലും ഹൃസ്വദൂര ബസുകളും സംഗമിക്കുന്ന ട്രാൻസ്‌പോർട്ട് ഹബ്ബാണ് കെ എൽ സെൻട്രൽ. അവിടെനിന്ന് GENTIGN HIGHLANDS ബസ് കിട്ടും. 10 റിങ്കിറ്റാണ് നിരക്ക്. ബസ് AWANA സ്റ്റേഷനിൽ നിർത്തും, അവിടെനിന്ന് കേബിൾ കാർ. 18 റിംഗിറ്റാണ് റിട്ടേൺ ടിക്കറ്റ്, ഗെന്റിങ്ങിൽ കറങ്ങിയ ശേഷം AWANA യിലേക്ക് കേബിൾ കാറിൽ തിരിച്ചെത്തി ബസ്സിൽ KL സെൻട്രലിലേക്കും അവിടന്ന് ഹോട്ടലിലേക്കും പോകാം.
വിദ്യാർത്ഥികൾ ഇന്റർനാഷനൽ ഇസ്ലാമിക് യൂനിവേഴ്‌സിറ്റി കാമ്പസ് കാണുന്നത് നല്ലതാണ്, സർവ്വകലാശാലയെക്കുറിച്ചുള്ള നമ്മുടെ ധാരണയിൽ നല്ല പുരോഗതി വരും, കാടുപടർന്ന സമര തോരണങ്ങൾ കൊണ്ട് വൃത്തികേടാക്കിയ പറങ്കിമാവിൻ തോട്ടങ്ങളാണല്ലോ നമ്മുടെമനസ്സിലെ യൂണിവേഴ്‌സിറ്റി ചിത്രങ്ങൾ. മതിലുകൾ ഇല്ലാത്ത ഹോസ്റ്റലുകളിൽ സ്ത്രീപുരുഷന്മാർ താമസിക്കുന്നത് മലയാളികൾക്ക് ‘ഫയങ്കര’ കാഴ്ചയായിരിക്കും. മെട്രോ ട്രെയിനിൽ GOMBAK സ്റ്റേഷനിൽ ഇറങ്ങിയാൽ യൂണിവേഴ്സിറ്റിയിലേക്കുള്ള ബസ്സ് കിട്ടും. 10 റിങ്കിറ്റ് കൊണ്ട് പോയി വരാം. KLSENTRAL – TITIWANGASA സ്റ്റേഷനുകൾക്കിടയിൽ സർവീസ് നടത്തുന്ന മോണോ റയിലിൽ ഇരുവശത്തേക്കും യാത്ര ചെയ്‌താൽ നഗരം മുഴുവനും കാണാം. എട്ട് റിങ്കിറ്റിന്റെ ചിലവേയുള്ളൂ.
സമയമുണ്ടെങ്കിൽ ഇതും കൂടി ഉൾപ്പെടുത്താം
ഇത് വരെ പറഞ്ഞത് നാല് ദിവസത്തേക്കുള്ള കാഴ്ചകളുണ്ട്, നാലാം ദിവസം KL സെൻട്രലിൽ നിന്ന് ബസ്സിൽ എയർപോർട്ടിലേക്ക് അവിടെ നിന്ന് നാട്ടിലേക്ക്. ദിവസങ്ങൾ കൂട്ടാനുള്ള ബജറ്റ് ഉണ്ടെങ്കിൽ ഇനിയും നമ്മുടെ ഊട്ടിപോലുള്ള കാമറൂൺ ഹൈലാൻഡ്‌സ്, ക്രിസ്റ്റൽ ക്ലിയർ നീലവെള്ളമുള്ള ദ്വീപുകൾ, അടിപൊളി ആഘോഷങ്ങൾക്ക് പറ്റിയ ലങ്കാവി ഐലൻഡ്, ചരിത്രവും-ടൂറിസവും ഒന്നിച്ചു ചേരുന്ന പെനാങ് ഐലൻഡ് തുടങ്ങിയ കാഴ്ചകൾ മലേഷ്യയിലുണ്ട്. എല്ലായിടങ്ങളിലേക്കും ഏതു സമയത്തും ബസ്-ട്രെയിൻ-ബോട്ട്-ഫ്‌ളൈറ്റ് സർവീസുകൾ ലഭ്യമാണ്. ചിലപ്പോഴൊക്കെ ഫ്‌ളൈറ്റ് ടിക്കറ്റുകൾ ബസ് ടിക്കെറ്റിനെക്കാൾ കുറഞ്ഞ നിരക്കിലും ലഭിക്കും. ഓരോരുത്തരുടെയും ബജറ്റും സമയവും അനുസരിച്ച് ബാക്ക് പാക്ക് ട്രിപ്പ് പ്ലാൻ ചെയ്യാം.
സിംഗപൂർ കൂടി കാണാനുള്ള എളുപ്പ മാർഗം
റിട്ടേൺ ടിക്കറ്റ് സിംഗപ്പൂരിൽ നിന്നാക്കിയാൽ രണ്ടു ദിവസം സിംഗപ്പൂർ കൂടി കവർ ചെയ്യാം, രാവിലെ കുലാലമ്പൂരിൽ നിന്ന് പുറപ്പെട്ടാൽ ഉച്ചക്ക് സിംഗപ്പൂരിലെത്തും 50 റിങ്കിറ്റ് ബസ് ചാർജ്ജ്, ഹോസ്റ്റലുകൾ അവിടെയും ലഭ്യമാണ്. സിംഗപൂർ വിസ നാട്ടിൽ നിന്ന് തന്നെ എടുക്കണം. 30 യുഎസ് ഡോളറാണ് വിസ ഫീസ്. അടുത്ത ദിവസം രാത്രിയുള്ള ഫ്‌ളൈറ്റിൽ നാട്ടിലേക്ക് പോകാം. SKOOT ഫ്‌ളൈറ്റുകൾ പൊതുവെ ചീപ്പാണ്. നേരത്തെ ടിക്കറ്റ് എടുക്കുകയാണെങ്കിൽ 50-100 റിങ്കിറ്റിനു കുലാലമ്പൂർ-സിംഗപ്പൂർ ഫ്ലൈറ്റ് ടിക്കെറ്റ് കിട്ടും. റിട്ടേൺ ടിക്കറ്റ് എയർ ഏഷ്യയിൽ തന്നെ എടുത്താൽ കുലാലമ്പൂരിൽ വഴി തിരിച്ചു പോകാം. അതാകുമ്പോൾ എയർപോർട്ടിൽ റിട്ടേൺ ടിക്കറ്റ് കാണിക്കുമ്പോഴുള്ള കൺഫ്യുഷൻ ഒഴിവായിക്കിട്ടും.
പൊതുവെ ടൂർ പോകുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം: മിനിമം ബഡ്ജറ്റിൽ നിന്ന് ഇത്തിരികൂട്ടിപ്പിടിച്ചാൽ യാത്ര മനോഹരമാകും. ഉദാഹരണത്തിന് 30,000 രൂപക്ക് 4 ദിവസത്തെ മലേഷ്യൻ ട്രിപ്പ് ഉണ്ടെന്നിരിക്കട്ടെ, നിങ്ങൾ അതിലേക്ക് 10 ശതമാനം ആഡ് ചെയ്ത് 33,000 ആക്കിയാൽ കിട്ടുന്ന സർവീസിൽ 20 ശതമാനം വ്യത്യാസമുണ്ടാകും. 20 കൂട്ടിയാൽ സർവ്വീസ് 40 ശതമാനം മെച്ചപ്പെടും.
ഒരു കാര്യം കൂടി, എണ്ണപ്പണത്തിന്റെ നാട്ടിൽ കാണാൻ കഴിയാത്ത വിധം ബൗദ്ധിക മേഖലയിൽ മലേഷ്യ ഇൻവെസ്റ്റ് ചെയ്തിട്ടുണ്ട്. 50 ലേറെ വർഷങ്ങൾ പഴക്കമുള്ള വലിയ യുണിവേഴ്സിറ്റികളുണ്ട്. വിദ്യാർത്ഥികൾക്ക് മൊബിലിറ്റി പ്രോഗ്രാമിന്റെ ഭാഗമായി മലേഷ്യയിലെ യൂണിവേഴ്‌സിറ്റികൾ സന്ദർശിക്കാം. അവരവർ പഠിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട ഷോർട്ട് ടെം കോഴ്‌സുകൾ ചെയ്യാം, ടൂറും പഠനവും നടക്കും. ഭാവിയിൽ പ്രയോജനപ്പെടാവുന്ന സർട്ടിഫിക്കറ്റും കിട്ടും. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ടൂറുകൾ മലേഷ്യയിലേക്ക് നടത്തുന്നതും ആലോചിക്കാം. അന്വേഷണങ്ങൾക്ക് ഈ ലിങ്കിൽ ബന്ധപ്പെടാം.