ഒട്ടാവ. വിസ നയത്തില്‍ CANADA പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കി. 10 വര്‍ഷം കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ ഇനി അനുവദിക്കില്ല. പുതിയ നയം അനുസരിച്ച് വിസയുടെ കാലാവധിയും സിംഗിള്‍ എന്‍ട്രിയാണോ അതോ മള്‍ട്ടിപ്പിള്‍ എന്‍ട്രിയാണോ എന്നും ഇമിഗ്രേഷന്‍ ഓഫീസര്‍മാര്‍ക്ക് തീരുമാനിക്കാം. 10 വര്‍ഷം ടൂറിസ്റ്റ് വിസയുള്ളവര്‍ക്ക് ഇക്കാലയളവില്‍ എത്ര തവണ വേണമെങ്കിലും കാനഡയിലേക്ക് വന്നു പോകാമായിരുന്നു.
ഇനി മുതല്‍ വിസ അപേക്ഷകന്റെ യോഗ്യതകള്‍, പ്രൊഫൈല്‍, കാനഡയിലെ കുടിയേറ്റ നയങ്ങള്‍ എന്നിവയ്ക്ക് അനുസരിച്ച് ഇമിഗ്രേഷന്‍ ഒഫീസര്‍മാര്‍ക്ക് വിസ കാലാവധി തീരുമാനിക്കാം. കാനഡയിലേക്കുള്ള കുടിയേറ്റം പരിമിതപ്പെടുത്തുന്നതിനുള്ള സര്‍ക്കാരിന്റെ ഏറ്റവും പുതിയ നയങ്ങള്‍ക്കനുസരിച്ചാണ് ഈ ദീര്‍ഘകാല വിസയിലും മാറ്റം കൊണ്ടുവന്നത്. വീടുകളുടെ ലഭ്യതക്കുറവും ഉയരുന്ന ജീവിതച്ചെലവും ആശങ്കസൃഷ്ടിക്കുന്ന പശ്ചാത്തലത്തിലാണ് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള താല്‍ക്കാലിക, സ്ഥിര കുടിയേറ്റങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയത്.
നിലവില്‍ 10 വര്‍ഷ വിസയുള്ളവര്‍ തങ്ങളുടെ വിസ കാലാവധി പരിശോധിക്കുന്നത് നന്നാകും. രാജ്യത്ത് തുടരുന്നതു അനിശ്ചിതത്തിലാകുന്നതിനു മുമ്പ് തീരുമാനമെടുക്കേണ്ടി വരും. റിപോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ കാനഡയില്‍ താല്‍ക്കാലികമായി തങ്ങുന്ന പത്തു ലക്ഷത്തിലേറെ വിദേശികള്‍ക്കാണ് അവരുടെ ദീര്‍ഘകാല വിസ കാലാവധി പൂര്‍ത്തിയാകുന്നതോടെ സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചു പോരേണ്ടി വരിക. അനധികൃതമായി രാജ്യത്ത് തുടരുന്ന വരെ നാടുകടത്താനാണ് പദ്ധതി.
വിനോദ സഞ്ചാരികളെ സംബന്ധിച്ചിടത്തോളം ഇനി ഹ്രസകാലത്തേക്കു മാത്രമെ പുതുയി നയ പ്രകാരം വിസകള്‍ അനുവദിക്കപ്പെടൂ. കൂടുതല്‍ കാലം തങ്ങണമെങ്കിലും മള്‍ട്ടിപ്പിള്‍ എന്‍ട്രി വേണമെങ്കിലും വീണ്ടും നടപടിക്രമങ്ങളിലൂടെ കടന്നു പോകേണ്ടി വരും. വിസ പ്രോസസിങ് സമയം അധികമായി എടുക്കുന്നതിനൊപ്പം ചെലവുകളും വര്‍ധിക്കും.