കേന്ദ്ര ടൂറിസം മന്ത്രാലയം നടപ്പിലാക്കുന്ന വിപുലമായ സ്വദേശ് ദര്‍ശന്‍ പദ്ധതിയില്‍ ബേപ്പൂരിനേയും കുമരകത്തേയും ഉള്‍പ്പെടുത്തി. പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ 19 സംസ്ഥാനങ്ങളിലെ 36 വിനോദ സഞ്ചാരകേന്ദ്രങ്ങളാണ് പുതുതായി ഉള്‍പ്പെടുത്തിയത്. സംസ്ഥാന ടൂറിസം വകുപ്പിന്റെ നിര്‍ദേശം പരിഗണിച്ചാണിത്. അതിവേഗം വികസിക്കുന്ന ബേപ്പൂരിനെ ഒരു മികച്ച ഡെസ്റ്റിനേഷനാക്കി മാറ്റാന്‍ ഈ പദ്ധതി സഹായകമാകും. സുസ്ഥിര, ഉത്തരവാദിത്ത വിനോദ സഞ്ചാര പദ്ധതികളാണ് സ്വദേശ് ദര്‍ശന്‍ വഴി നടപ്പിലാക്കി വരുന്നത്. നേരത്തെ തന്നെ കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി അറിയപ്പെടുന്ന കുമരകത്തിന് ഈ പദ്ധതി കൂടുതല്‍ ഗുണം ചെയ്യും.
ഈ ടൂറിസം കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് പദ്ധതിയിലൂടെ സാധിക്കും. വിശദമായ പദ്ധതി രേഖയുടെ അടിസ്ഥാനത്തില്‍ മികച്ച സൗകര്യങ്ങളാകും ഈ ഡെസ്റ്റിനേഷനുകളില്‍ ഒരുക്കുക. ബേപ്പൂരിലെ ഉരു ടൂറിസം, ജലാസാഹസിക ടൂറിസം , കുമരകത്തെ കായല്‍ ടൂറിസം എന്നിവയെ അടിസ്ഥാനപ്പെടുത്തിയാകും പദ്ധതികളെന്ന് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു.
ചരിത്ര പ്രാധാന്യമുള്ള ബേപ്പൂര്‍ കേരളത്തിലെ ടൂറിസം ഭൂപടത്തില്‍ പുതിയൊരു ഡെസ്റ്റിനേഷനായി വളര്‍ന്ന് വരുന്ന കേന്ദ്രമാണ്. രണ്ടു സീസണുകളിലായി നടന്ന ബേപ്പൂര്‍ ഇന്റര്‍നാഷനല്‍ വാട്ടര്‍ ഫെസ്റ്റ് വലിയ വിജയമായിരുന്നു.