കല്‍പ്പറ്റ. തൊഴിലാളി സമരത്തെ തുടര്‍ന്ന് ഒരു മാസക്കാലം അടച്ചിട്ട വയനാട്ടിലെ ബാണാസുര സാഗര്‍ ഡാം വിനോദ സഞ്ചാര കേന്ദ്രം സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു. ദിവസവും ആയിരക്കണക്കിന് ടൂറിസ്റ്റുകളെത്തുന്ന ബാണാസുര ടൂറിസം കേന്ദ്രം അടച്ചിട്ടതിലൂടെ കോടികളുടെ നഷ്ടമാണ് ഉണ്ടായത്. സഞ്ചാരികളുടെ വരവില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 30 ശതമാനത്തിലേറെ ഇടിവുണ്ടായതായി ഡിടിപിസി പറയുന്നു. ഈ ടൂറിസം കേന്ദ്രത്തെ ചുറ്റിപ്പറ്റിയുള്ള കച്ചവട സ്ഥാപനങ്ങള്‍ക്കും ടാക്‌സികള്‍ക്കും സമീപത്തെ റിസോര്‍ട്ടുകള്‍ക്കുമുണ്ടായ നഷ്ടം ഇതിനു പുറമെയാണ്.
വയനാട്ടില്‍ വന്യജീവി ആക്രമണവും കാട്ടൂതീ ഭീഷണിയും കൂടി ഉണ്ടായതോടെ എല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങളും നേരത്തെ തന്നെ അടച്ചിരിക്കുകയാണിപ്പോള്‍. വേനല്‍ കനക്കുമ്പോള്‍ കാട്ടുതീ പ്രതിരോധിക്കാന്‍ മാര്‍ച്ച് അവസാനത്തോടെയോ ഏപ്രിലിലോ ആണ് സാധരണ ഇവ അടച്ചിടാറുള്ളത്. നേരത്തെ തന്നെ അടച്ചതോടെ ടൂറിസം മേഖല വലിയ പ്രതിസന്ധിയിലായി. ടൂറിസ്റ്റുകളുടെ വരവും ഇടിഞ്ഞു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സാധ്യമായ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറക്കാന്‍ ധാരണയായിട്ടുണ്ട്. എന്നാല്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ തീരുമാനം ഉണ്ടായാലെ ഇവ തുറക്കൂ. ഡിടിപിസിയുടെ നേതൃത്വത്തിലുള്ള ചുരുക്കം ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ മാത്രമാണിപ്പോള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത്.
സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന ജില്ലയിലെ പ്രധാന കേന്ദ്രങ്ങളായ കുറുവ ദ്വീപ്, സൂചിപ്പാറ, ചെമ്പ്ര മല, മീന്‍മുട്ടി, തോല്‍പ്പെട്ടി, മുത്തങ്ങ എന്നിവയുള്‍പ്പെടെയാണ് വനം വകുപ്പ് പൂട്ടിയത്. കാരാപ്പുഴ ഡാമിലും എടക്കല്‍ ഗുഹയിലും വിലക്ക് ഇല്ല. ബാണാസുര ഡാം തുറന്നത് വിനോദ സഞ്ചാരികള്‍ക്ക് ആശ്വാസമാകും.