കല്‍പ്പറ്റ. വയനാട്ടില്‍ ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികളെത്തുന്ന പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ ബാണാസുര സാഗര്‍ ടൂറിസം കേന്ദ്രം തൊഴിലാളി സമരത്തെ തുടര്‍ന്ന് അടച്ചു. സമരം നാലാം ദിവസത്തിലേക്ക് കടന്നതോടെയാണ് ആയിരക്കണക്കിന് സന്ദര്‍ശകരെ നിരാശരാക്കി ഈ വിനോദ കേന്ദ്രം താല്‍ക്കാലികമായി അടച്ചത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുമായി ദിവസവും ആയിരക്കണക്കിന് സന്ദര്‍ശകരത്തെത്തുന്ന മനോഹര വിനോദ സഞ്ചാര കേന്ദ്രമാണിത്. സംഭവം അറിയാതെ എത്തിയ നിരവധി സന്ദര്‍ശകരാണ് നിരാശരായി മടങ്ങിയത്.
വൈദ്യുതി വകുപ്പിനു കീഴിലുള്ള ഹൈഡല്‍ ടൂറിസം പദ്ധതിയാണ് ബാണാസുര ടൂറിസം കേന്ദ്രത്തിന് മേല്‍നോട്ടം വഹിക്കുന്നത്. ഇവിടെ നിന്ന് പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കുക, ശമ്പളം വര്‍ധിപ്പിക്കുന്ന തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് തൊഴിലാളികള്‍ സമരം ആരംഭിച്ചത്. ഈ ടൂറിസം കേന്ദ്രത്തെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന നിരവധി ഭക്ഷണ ശാലകളേയും കച്ചവട സ്ഥാപനങ്ങളേയും ഇത് പ്രതികൂലമായി ബാധിച്ചു. ഡാമില്‍ മത്സ്യകൃഷി നടത്തുന്നവരും പ്രതിസന്ധിയിലാണ്. സമീപത്തെ ഹോട്ടലുകളിലേക്കും റിസാട്ടുകളിലേക്കുമാണ് ഇവര്‍ പിടിക്കുന്ന മത്സ്യം വിതരണം ചെയ്യുന്നത്.
വയനാട് ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയാണ് ഈ ടൂറിസം കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഏഷ്യയില്‍ മണ്ണു കൊണ്ടു നിര്‍മ്മിച്ച വലിയ ഡാമുകളിലൊന്നാണിത്.