ഇന്ത്യക്കാര്‍ക്ക് ചുരുങ്ങിയ ചെലവില്‍ ബജറ്റിലൊതുങ്ങുന്ന വിദേശ വിനോദ യാത്ര നടത്താന്‍ പറ്റിയ ഒരിടമാണ് ഇന്തൊനേഷ്യയിലെ ബാലി. എന്നാല്‍ ലോകമൊട്ടാകെയുള്ള വിനോദ സഞ്ചാരികള്‍ക്കിനി ഈ യാത്ര അല്‍പ്പം ചെലവേറിയതാകും. ടൂറിസ്റ്റുകള്‍ക്ക് നികുതി ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായാണ് റിപോര്‍ട്ടുകള്‍. ഇവിടെ എത്തുന്ന ടൂറിസ്റ്റുകളുടെ മോശം പെരുമാറ്റവും നിയമ ലംഘനങ്ങളും നിയന്ത്രിക്കാനാണ് ഇന്തൊനേഷ്യന്‍ സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക് നീങ്ങുന്നത്. ടൂറിസ്റ്റ് നികുതി ഏര്‍പ്പെടുത്തുന്ന കാര്യം പരിശോധിച്ചു വരികയാണെന്ന് ടൂറിസം ആന്റ് ക്രിയേറ്റീവ് ഇക്കോണമി മന്ത്രി സന്‍ദിയാഗ യുനോ ദിവസങ്ങള്‍ക്ക് മുമ്പാണ് പറഞ്ഞത്. അന്തിമ തീരുമാനം വൈകാതെ ഉണ്ടായേക്കും.
ലോകത്തെ ചെലവ് കുറഞ്ഞ മികച്ച ടൂറിസം ഡെസ്റ്റിനേഷനുകളിലൊന്നാണ് ബാലി. കുറഞ്ഞ വരുമാനക്കാരായ വിദേശികളാണ് ഇവിടെ എത്തുന്നവരില്‍ വലിയൊരു പങ്കും. ഇത് മോശം പെരുമാറ്റങ്ങള്‍ വര്‍ധിക്കാന്‍ കാരണമായിട്ടുണ്ടെന്ന് നേരത്തെ മാരിറ്റൈം അഫയേഴ്‌സ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ് മന്ത്രി ലുഹുത് പഡ്ജയ്താന്‍ പറഞ്ഞിരുന്നു. ജനകീയ ടൂറിസത്തില്‍ നിന്നും ഗുണമേന്മയുള്ള ടൂറിസത്തിലേക്ക് ബാലിയെ മാറ്റേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സര്‍ക്കാരിന്റെ ഈ നീക്കം ടൂറിസം രംഗത്ത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. നികുതി ഏര്‍പ്പെടുത്തുന്നതോടെ വിദേശികളുടെ വരവ് കുറയകയും അത് കോവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറി വരുന്ന ടൂറിസം മേഖലയ്ക്ക് തിരിച്ചടിയാകുമെന്നും ഈ രംഗത്തുള്ളവര്‍ പറയുന്നു. കോവിഡിന് മുമ്പ് പ്രതിവര്‍ഷം 62 ലക്ഷം വിദേശികളാണ് ബാലി ദ്വീപില്‍ ടൂറിസ്റ്റുകളായി എത്തിയിരുന്നത്. ബാലിയുടെ 60 ശതമാനം വരുമാനവും ടൂറിസത്തില്‍ നിന്നാണ്.
അതേസമയം ടൂറിസ്റ്റുകളുടെ മോശം പെരുമാറ്റത്തില്‍ ബാലിയിലെ സ്വദേശികള്‍ക്കും പരാതികളുണ്ട്. പവിത്രമായ ഇടങ്ങളില്‍ നിന്ന് പരസ്യമായി നഗ്നരായി ഫോട്ടോകള്‍ക്ക് പോസ് ചെയ്യുക, റോഡില്‍ മോശം ഡ്രൈവിങ് നടത്തുക തുടങ്ങി ഒട്ടേറെ പരാതികള്‍ ഇവര്‍ ഉന്നയിക്കുന്നുണ്ട്. ടൂറിസ്റ്റുകൾക്ക് ഇരുചക്രവാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്നത് നിര്‍ത്തുമെന്ന് ബാലി ഗവര്‍ണര്‍ വയന്‍ കോസ്തര്‍ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.
One thought on “ബാലി യാത്ര ചെലവേറുമോ? ടൂറിസ്റ്റ് ടാക്‌സ് ഏര്‍പ്പെടുത്താന്‍ നീക്കം”