ഇന്ത്യക്കാരുടെ പ്രിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഇന്തൊനേഷ്യയിലെ ബാലിയില്‍ Tourist Tax നിലവില്‍ വന്നു. 9.62 ഡോളറാണ് (1.5 ലക്ഷം ഇന്തൊനേഷ്യന്‍ റുപ്പിയ) ടൂറിസം നികുതിയായി വിദേശ വിനോദസഞ്ചാരികള്‍ നല്‍കേണ്ടത്. കുട്ടികള്‍ക്കും നികുതം ബാധകമാണ്. വാലന്റൈന്‍സ് ദിനമായ ഫെബ്രുവരി 14 മുതല്‍ ഇതു പ്രാബല്യത്തില്‍ വന്നു. ഏഴ് ഇനം വിസകളെ ഈ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവര്‍ക്ക് ഈ നികുതി ഇളവ് ലഭിക്കണമെങ്കില്‍ ബാലിയില്‍ എത്തുന്നതിന് ഒരു മാസം മുമ്പെങ്കിലും ടൂറിസം നികുതി ഇളവിനായി പ്രത്യേകം അപേക്ഷ സമര്‍പ്പിച്ചിരിക്കണമെന്ന് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
നയതന്ത്ര ഉദ്യോഗസ്ഥരുടെ വിസ, യാത്രാ വാഹനങ്ങളിലെ ജീവനക്കാര്‍, താല്‍ക്കാലികമോ സ്ഥിരമോ ആയ താമസാനുമതി കാര്‍ഡ് (KITAS, KITAP), കുടുംബ വിസ, ഗോള്‍ഡന്‍ വിസ, സ്റ്റുഡന്റ് വിസ, ബിസിനസ് ആവശ്യങ്ങള്‍ക്കുള്ള വിസ എന്നിവയാണ് ടൂറിസം നികുതിയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. ഈ ഇളവിന് അപേക്ഷിച്ചാല്‍ ബാലി ടൂറിസം വകുപ്പ് അഞ്ചു പ്രവര്‍ത്തി ദിവസങ്ങള്‍ക്കകം പരിശോധന പൂര്‍ത്തിയാക്കും. ടൂറിസം വകുപ്പിന്റെ ലവ് ബാലി വെബ്‌സൈറ്റ് മുഖേന ഈ നികുതി അടയ്ക്കാം.
ബാലിയിലെ ദെന്‍പസാര്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിലെ (I Gusti Ngurah Rai International Airport) ആഗമന ടെര്‍മിനലിലും ബെനോവ തുറമുഖത്തും വിനോദസഞ്ചാരികള്‍ക്ക് ടൂറിസം നികുതി നേരിട്ട് അടച്ച് രസീത് കൈപ്പറ്റാന്‍ സൗകര്യമുണ്ടാകും. ബാലിക്കടുത്ത നുസ പെനിഡ, നുസ സെനിംഗന്‍, നുസ ലെംബോംഗന്‍ ദ്വീപുകളില്‍ ടൂറിസം നികുതി ബാധകമല്ല. ബാലിയിലെത്തുന്ന എല്ലാ വിദേശികള്‍ക്കും ടൂറിസം നികുതി നിര്‍ബന്ധമാണ്. ദ്വീപിലെ സംസ്‌കാരം സംരക്ഷിക്കുന്നതിനും അധികവരുമാനം കണ്ടെത്തുന്നതിനുമാണ് പുതിയ നികുതി ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്.