മൂന്നാര്‍. ഒരാഴ്ചയിലേറെയായി നല്ല മഴ ലഭിച്ചതോടെ പള്ളിവാസല്‍ ആറ്റുകാട് വെള്ളച്ചാട്ടം ജലസമൃദ്ധമായി. കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ പെട്ട പള്ളിവാസലില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ താഴെയാണ് ആറ്റുകാട് വെള്ളച്ചാട്ടം. മൂന്നാര്‍ മേഖലയിലെത്തുന്ന നിരവധി സഞ്ചാരികള്‍ ദിവസവും ഇവിടെ എത്തുന്നുണ്ട്. 200 അടി ഉയരത്തില്‍ നിന്ന് പാറക്കെട്ടുകളിലൂടെ താഴേക്കു പതിക്കുന്ന ജലപാതം വിനോദ സഞ്ചാരികള്‍ക്ക് മികച്ച ദൃശ്യവിരുന്നൊരുക്കും. പഴയ മുന്നാറിലെ ഹെഡ് വര്‍ക്സ് ഡാമില്‍ നിന്നുള്ള വെള്ളമാണ് മുതിരപ്പുഴയിലൂടെ ഒഴുകി ഇവിടെ എത്തുന്നത്.
വെള്ളച്ചാട്ടത്തിന് താഴെ മുതിരപ്പുഴയ്ക്ക് കുറുകെയുള്ള പാലത്തില്‍ നിന്ന് വെള്ളച്ചാട്ടം അടുത്ത് നിന്ന് കാണാന്‍ കഴിയും. വെള്ളച്ചാട്ടത്തില്‍ ഇറങ്ങുന്നത് അപകടകരമാണ്. നിരവധി പേര് ഇവിടെ അപകടത്തില്‍പ്പെട്ടിട്ടുണ്ട്.