കൊച്ചി. കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഏക വിമാന കമ്പനിയായ ALLIANCE AIR കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ (Cochin International Airport Limited – CIAL) നിന്ന് ചെറു നഗരങ്ങളിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ നടത്തും. സംസ്ഥാനത്തിനകത്തും അയല്‍ സംസ്ഥാനങ്ങളിലേക്കും വിമാന സര്‍വീസുകള്‍ മെച്ചപ്പെടുത്തുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് അലയന്‍സ് എയറുമായി സഹകരിച്ച് സിയാല്‍ കൊച്ചി കേന്ദ്രീകരിച്ച് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നത്.
ടൂറിസം മേഖലയ്ക്കു കൂടി ഗുണകരമാകുന്ന രീതിയില്‍ കൊച്ചിയില്‍ നിന്ന് കണ്ണൂര്‍, മൈസൂര്‍, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്കാണ് സര്‍വീസ്. തിരിച്ചിറപ്പള്ളിയില്‍ നിന്ന് ചെന്നൈ വരേയും മൈസൂരില്‍ നിന്ന് തിരുപ്പതി വരേയും സര്‍വീസ് നീട്ടും. അലയന്‍സ് എയറിന്റെ എടിആര്‍ വിമാനത്തിന് പാര്‍ക്കിങ് സ്ലോട്ടും സിയാല്‍ അനുവദിച്ചിട്ടുണ്ട്. നിലവിൽ കൊച്ചിയിൽ നിന്ന് ബെംഗളൂരു, സേലം, ലക്ഷദ്വീപ് (അഗത്തി) എന്നിവിടങ്ങളിലേക്ക് അലയൻസ് എയർ സർവീസ് നടത്തി വരുന്നുണ്ട്.
കൂടുതല്‍ ചെറു നഗരങ്ങളുമായി എയര്‍ കണക്ടിവിറ്റി വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ സിയാല്‍ ത്വരിതപ്പെടുത്തിയിരിക്കുകയാണ്. ഇതുവഴി മേഖലയിലെ പ്രധാന ഹബ് ആയി മാറുകയാണ് സിയാലിന്റെ ലക്ഷ്യം. വര്‍ഷം ഒരു കോടിയിലേറെ യാത്രക്കാര്‍ കടന്നുപോയ സംസ്ഥാനത്തെ ഏക വിമാനത്താവളമാണ് സിയാല്‍. ദക്ഷിണേന്ത്യയില്‍ നാലാമത്തേതും. നിലവില്‍ വിന്റര്‍ ഷെഡ്യൂളില്‍ ആഴ്ചയില്‍ 1360 വിമാനങ്ങളാണ് 40 ആഭ്യന്തര, രാജ്യാന്തര നഗരങ്ങളിലേക്കായി സിയാലില്‍ നിന്ന് സര്‍വീസ് നടത്തി വരുന്നത്.