ന്യൂഡല്‍ഹി. അടുത്ത വര്‍ഷം ഏപ്രില്‍ മാസത്തോടെ പൂര്‍ണമായും ഇക്കോണമി ക്ലാസ് എയര്‍ലൈന്‍ ആയി മാറാനുള്ള പദ്ധതിയുമായി AIR INDIA EXPRESS. ബജറ്റ് വിമാനക്കമ്പനി ആയാണ് അറിയപ്പെടുന്നതെങ്കിലും നിലവില്‍ ബിസിനസ് ക്ലാസ്, പ്രീമിയം ഇക്കോണി ക്ലാസ് സീറ്റുകള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിലുണ്ട്. ഇവ പൂര്‍ണമായും ഒഴിവാക്കും. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ള വിഭാഗമാണ് താങ്ങാവുന്ന ചെലവില്‍ യാത്ര ചെയ്യാവുന്ന ഇക്കോണമി ക്ലാസ്. ഈ യാത്രക്കാരെ ആകര്‍ഷിക്കുകയും സര്‍വീസ് കാര്യക്ഷമത മെച്ചപ്പെടുത്തുകയുമാണ് ടാറ്റ ഗ്രൂപ്പിന്റെ ഉമസ്ഥതയിലുള്ള വിമാന കമ്പനിയുടെ ലക്ഷ്യം. സീറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ച് ചെലവ് കുറഞ്ഞ യാത്രകളില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കാനുള്ള പദ്ധതി കമ്പനി സിഇഒ അലോക് സിങ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവില്‍ 103 വിമാനങ്ങളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിനുള്ളത്. സര്‍വീസ് വിപുലീകരണം ലക്ഷ്യമിട്ട് വിവിധ പദ്ധതികള്‍ കമ്പനി നടപ്പിലാക്കി വരികയാണ്. 2025-26 വര്‍ഷം മൂന്ന് കോടി യാത്രക്കാരെ വഹിക്കുകയാണ് ലക്ഷ്യം. ഇത് 50 ശതമാനം വാര്‍ഷിക വര്‍ധനയോളം വരും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാനത്തോടെ പുതുതായി ഇറക്കിയ വിമാനങ്ങളായിരിക്കും ഈ വളര്‍ച്ചയില്‍ മുഖ്യ പങ്ക് വഹിക്കുകയെന്നും അലോക് സിങ് പറഞ്ഞു.
വിമാനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിലും കമ്പനി കാര്യമായ ശ്രദ്ധപതിപ്പിക്കുന്നുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷം മാത്രം കമ്പനി 37 വിമാനങ്ങളാണ് പുതുതായി തങ്ങളുടെ ഫ്‌ളീറ്റില്‍ ഉള്‍പ്പെടുത്തിയത്. പ്രവര്‍ത്തന കാര്യക്ഷമത പരിപാലിച്ചുകൊണ്ട് ബജറ്റ് സൗഹൃദ യാത്രകള്‍ ഒരുക്കുന്നതിലായിരിക്കും ഇനി കമ്പനിയുടെ ശ്രദ്ധ. ഇതിലൂടെ ഇന്ത്യയിലെ മുന്‍നിര ബജറ്റ് വിമാന കമ്പനി ആയി മാറുകയാണ് ലക്ഷ്യം. വിമാനയാത്രാ മേഖലയില്‍ ഡിമാന്‍ഡ് വര്‍ധിച്ച് വരുന്ന പശ്ചാത്തലത്തില്‍ പൂര്‍ണമായും ഇക്കോണി ക്ലാസിലേക്ക് മാറാനുള്ള പദ്ധതി എയര്‍ ഇന്ത്യ എക്‌സ്പ്രസിന് സുസ്ഥിര വളര്‍ച്ചയ്ക്ക് സാഹചര്യമൊരുക്കും. മത്സരം കടുക്കുന്ന ബജറ്റ് യാത്രാ വിഭാഗത്തില്‍ കമ്പനിയുടെ സ്ഥാനം ഉറപ്പിക്കാനും ഇതു സഹായകമാകും.