ന്യുദൽഹി. ആഭ്യന്തര റൂട്ടുകളിൽ വൻ നിരക്ക് ഇളവുമായി AIR INDIA EXPRESS മിന്നൽ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. കൊച്ചി-ബെംഗളൂരു, ബെംഗളൂരു-ചെന്നൈ, ദൽഹി-ഗ്വാളിയോർ, ഗുവാഹത്തി-അഗർത്തല തുടങ്ങി നിരവധി ആഭ്യന്തര റൂട്ടുകളിലാണ് എക്സ്പ്രസ് ലൈറ്റ് ടിക്കറ്റുകൾ 932 രൂപ മുതൽ ലഭിക്കുക. ഈ ഫ്ളാഷ് സെയിലിൽ എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റ്, മൊബൈൽ ആപ്പ് എന്നിവ മുഖേന സെപ്തംബർ 16 വരെ ടിക്കറ്റ് ബുക്ക് ചെയ്യാം. 2025 മാർച്ച് 31 വരെയുള്ള യാത്രകൾക്കാണ് ഈ ഓഫർ ലഭിക്കുക. 1088 രൂപ മുതൽ എക്സ്പ്രസ് വാല്യൂ ടിക്കറ്റുകളും ലഭിക്കും.
വെബ്സൈറ്റിലോ മൊബൈൽ ആപ്പിലോ ലോഗിൻ ചെയ്ത് എക്സ്പ്രസ് ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്ക് അധികമായി 350 രൂപ (കൺവീനിയൻസ് ഫീസ്) ഇളവും ലഭിക്കാം. അടിസ്ഥാന നിരക്ക്, നികുതികൾ, എയർപോർട്ട് ചാർജ് എന്നിവയാണ് ഓഫർ ടിക്കറ്റ് നിരക്കിൽ ഉൾപ്പെടുന്നത്. മറ്റു ഫീസുകൾ ഉൾപ്പെടില്ല.

സീറ്റുകൾ പരിമിതമാണ്. എല്ലാ ദിവസത്തേക്കും, എല്ലാ വിമാനത്തിലും എല്ലാ റൂട്ടുകളിലും ഈ ഓഫർ ലഭിക്കണമെന്നില്ല. പൂർണ കാൻസലേഷൻ ഓപ്ഷൻ ഇല്ലാതെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കാണ് ഓഫർ ലഭിക്കുക. ഒരു തവണ പണം അടച്ചാൽ റീഫണ്ട് ചെയ്യില്ല.