കൊച്ചി. ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റ് ലോക്ക് ചെയ്യാനുള്ള പുതിയ സൗകര്യവുമായി AIR INDIA EXPRESS. മുന്‍കൂട്ടി ഉറപ്പിക്കാതെ, അവസാന നിമിഷം തീരുമാനിക്കുന്ന യാത്രകള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ നല്‍കേണ്ടി വരുന്ന ഉയര്‍ന്ന നിരക്ക് ഒഴിവാക്കാനുള്ള മാര്‍ഗമായാണ് കമ്പനി തന്നെ ഈ സൗകര്യമൊരുക്കിയിരിക്കുന്നത്. പുതിയ ഫെയര്‍ ലോക്ക് സംവിധാന വഴി കുറഞ്ഞ ടിക്കറ്റ് നിരക്കിലുള്ള ടിക്കറ്റ് യാത്രക്കാര്‍ക്ക് ഒരാഴ്ചത്തേക്ക് വരെ ലോക്ക് ചെയ്യാം. ആഭ്യന്തര ടിക്കറ്റുകള്‍ക്ക് 250 രൂപയും വിദേശ ടിക്കറ്റുകള്‍ക്ക് 500 രൂപയുമാണ് ഇതിനായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഈടാക്കുന്നത്.
യാത്ര തീയതി യാത്രക്കാരുടെ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാമെങ്കിലും ഏഴു ദിവസത്തേക്ക് മാത്രമെ ഫെയര്‍ ലോക്ക് ചെയ്യാന്‍ കഴിയൂ. ലോക്ക് ചെയ്യാന്‍ ടിക്കറ്റ് നിരക്ക് നല്‍കേണ്ടതില്ല. ഫെയര്‍ ലോക്ക് ഫീസ് മാത്രം നല്‍കിയാല്‍ മതി. ഈ ഏഴു ദിവസത്തിനുള്ളില്‍ നിരക്ക് എത്ര വര്‍ധിച്ചാലും ലോക്ക് ചെയ്ത കുറഞ്ഞ നിരക്ക് മാത്രം നല്‍കിയാല്‍ മതി. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റിലാണ് ഈ സേവനം ലഭിക്കുക. എല്ലാ സര്‍വീസുകള്‍ക്കും ഫെയര്‍ ലോക്ക് സൗകര്യം ഇല്ല. ലഭ്യമായവ വെബ്‌സൈറ്റില്‍ കാണിക്കും.