കൊച്ചി. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന കുട്ടികള്‍ക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് (Air India Express) ഈടാക്കുന്ന സര്‍വീസ് ചാര്‍ജ് ഇരട്ടിയാക്കി. ടിക്കറ്റ് നിരക്കിനു പുറമെ നല്‍കേണ്ട മൈനര്‍ സര്‍വീസ് ചാര്‍ജാണ് (Minor Service Charges) മുന്നറിയിപ്പില്ലാതെ വര്‍ധിപ്പിച്ചത്. 5000 രൂപയായിരുന്ന ഈ നിരക്ക് ഇപ്പോള്‍ 10000 രൂപയാണ്. രണ്ടു മാസം മുമ്പാണ് നിരക്കു വര്‍ധന നിലവില്‍ വന്നതെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചതായി ഖലീജ് ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു. 5 മുതല്‍ 18 വരെ വയസ്സുള്ള കുട്ടികള്‍ക്കാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിരക്ക് ഈടാക്കുന്നത്.
ദുബായില്‍ കുടുംബത്തോടൊപ്പം കഴിയുന്ന ബാലതാരം ഇസിന്‍ ഹാശ് ആണ് ഈ നിരക്കു വര്‍ധന പൊതുജനശ്രദ്ധയില്‍ കൊണ്ടുവന്നത്. ഈയിടെ ഒറ്റയ്ക്ക് യാത്ര ചെയ്തപ്പോള്‍ സര്‍വീസ് ചാര്‍ജ് ഇരട്ടിയാക്കി വര്‍ധിപ്പിച്ചതിലുള്ള അമ്പരപ്പ് പത്തു വയസ്സുകാരനായ ഇസിന്‍ സമൂഹ മാധ്യമത്തില്‍ പങ്കുവച്ചിരുന്നു.
ദുബായ് എയര്‍പോര്‍ട്ടില്‍ നിന്ന് ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന കുട്ടികള്‍ക്ക് (Unaccompanied Minors) 2018ലാണ് ടിക്കറ്റ് ചാര്‍ജിനു പുറമെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധിക സര്‍വീസ് ചാര്‍ജ് ഈടാക്കി തുടങ്ങിയത്. ഈ നിരക്കാണ് ഇപ്പോള്‍ ഇരട്ടിയാക്കി വര്‍ധിപ്പിച്ചത്.
യുഎഇയില്‍ നിന്ന് ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന 5-18 പ്രായമുള്ള കുട്ടികള്‍ക്കും മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന 5-16 വയസ്സുള്ള കുട്ടികള്‍ക്കും സിംഗപൂരിൽ നിന്നുള്ള 5-12 വയസ്സുള്ള കുട്ടികൾക്കും അധിക സര്‍വീസ് ചാര്‍ജ് ഇടാക്കുന്നതായി എയര്‍ ഇന്ത്യ എക്സ്പ്രസ് വെബ്‌സൈറ്റില്‍ പറയുന്നു. 5 വയസ്സിനു താഴെ പ്രായമുള്ള കുട്ടികളോടൊപ്പം 18 വയസ്സിനു മുകളിൽ പ്രായമുള്ള മുതിർന്ന ആളുണ്ടായിരിക്കണമെന്ന നിർബന്ധനയമുണ്ട്.