താനൂർ. ഒട്ടുമ്പുറം തൂവൽ തീരം ബീച്ചിലെത്തുന്ന സന്ദർശകർക്ക് ഇനി തിരമാലകൾക്കു മുകളിലൂടെയും നടക്കാം. ബീച്ചിൽ നിന്ന് 100 മീറ്റർ കടലിലേക്ക് പാകിയ ഫ്ളോട്ടിങ് ബ്രിഡ്ജ് പൊതുജനങ്ങൾക്കായി തുറന്നു നൽകി. മലപ്പുറം ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൻ മുൻകൈയെടുത്താണ് കടലിൽ പൊങ്ങിക്കിടക്കുന്ന നടപ്പാലം ഒരുക്കിയത്.
രാവിലെ 10 മുതൽ വൈകീട്ട് 6:45 വരെയാണ് പ്രവേശനം. 120 രൂപയാണ് പ്രവേശന ഫീസ്. മികച്ച സുരക്ഷാ സന്നാഹങ്ങളും സന്ദർകരുടെ സുരക്ഷയ്ക്കായി ഒരുക്കിയിട്ടുണ്ട്. ലൈഫ് ജാക്കറ്റുകൾ, ലൈഫ് ഗാർഡ് എന്നിവയ്ക്കു പുറമെ വിദഗ്ധരായ മത്സ്യത്തൊഴിലാളികളുടെ സേവനവും ഉപയോഗപ്പെടുത്തുന്നു. 7000 കിലോ ഗ്രാം ഭാരമുള്ള നങ്കൂരം ഉപയോഗിച്ചാണ് പാലത്തേയും അറ്റത്ത് സ്ഥാപിച്ച പ്ലാറ്റ്ഫോമിനേയും ഉറപ്പിച്ചു നിർത്തിയിരിക്കുന്നത്. വിദേശ നിർമിത ഫൈബർ ഇന്റർലോക്ക് ബ്ലോക്കുകൾ ഉപയോഗിച്ചാണ് കടൽപരപ്പിൽ നടപ്പാലം നിർമിച്ചിരിക്കുന്നത്.
പഴുതടച്ച സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി സുരക്ഷ ബോട്ടുകളും ലൈഫ് ജാക്കറ്റുകളും കൂടാതെ ലൈഫ് ഗാർഡ്, മത്സ്യത്തൊഴിലാളികൾ എന്നിവരുടെ സേവനവും ഉപയോഗപ്പെടുത്തുന്നുണ്ട്. പാലത്തിനെ, 7000 കിലോ ഭാരമുള്ള നങ്കൂരം ഉപയോഗിച്ച് ഉറപ്പിച്ചു നിർത്തി സുരക്ഷിതമാക്കും. ഫൈബർ HDPE വിദേശ നിർമിത പാലത്തിൽ ഇൻറർലോക്ക് മാതൃകയിൽ കട്ടകൾ ലോക്ക് ചെയ്ത് അടുക്കിവെച്ചാണ് കടൽ പരപ്പിന് മുകളിൽ യാത്ര ചെയ്യാനുതകുന്ന രീതിയിൽ സജ്ജീകരിക്കുന്നത്.
മൂന്നു മീറ്റർ വീതിയിൽ ഇരുവശങ്ങളിലം സ്റ്റീൽ കൈവരികളുണ്ട്. പാതയുടെ അവസാന ഭാഗത്ത് 11 മീറ്റർ നീളവും ഏഴ് മീറ്റർ വീതിയിലും ഒഴുകുന്ന സൈറ്റ് സീയിങ് പ്ലാറ്റ്ഫോമും ഉണ്ട്. ഇവിടെ നിന്ന് കടലിനേയും തിരമാലകളേയും അടുത്തറിയാം. മൂന്ന് വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്കും പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും ലഹരി ഉപയോഗിച്ചവർക്കും പ്രവേശനമില്ല.