താനൂർ: മലപ്പുറം ജില്ലയിലെ താനൂർ തൂവൽതീരം ബീച്ചിലും ഫ്ലോട്ടിംഗ് ബ്രിഡ്ജ് ഒരുങ്ങുന്നു. തിരമാലകൾക്ക് മുകളിലൂടെ നടക്കാനുള്ള പദ്ധതിക്കാണ് തുടക്കമാകുന്നത്. സാഹസിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലാണ് കടലിൽ പൊങ്ങിക്കിടക്കുന്ന പാലത്തിലൂടെയുള്ള നടത്തത്തിന് അവസരമൊരുക്കുന്നത്.
തീരത്ത് നിന്ന് കടലിലേക്ക് 100 മീറ്റർ വരെ കാൽനടയായി പോകാവുന്യാന രീതിയിലാണ് ഫ്ലോട്ടിംഗ് ബ്രിഡ്ജ്. തൂവൽതീരം അമ്യൂസ്മെന്റ് പ്രൈവറ്റ് ലിമിറ്റഡിനാണ് നിർമാണ ചുമതല. രാവിലെ പത്ത് മുതൽ വൈകിട്ട് 6.45 വരെയാണ് പ്രവേശനം. 120 രൂപ ആയിരിക്കും നിരക്ക്. പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി സുരക്ഷാ ബോട്ടുകളും ലൈഫ് ജാക്കറ്റുകളുമുണ്ടാകും. ലൈഫ് ഗാർഡ്, മത്സ്യത്തൊഴിലാളികൾ എന്നിവരുടെ സേവനവും ഉപയോഗപ്പെടുത്തും.
7000 കിലോഗ്രാം ഭാരമുള്ള നങ്കൂരം ഉപയോഗിച്ച് പാലം ഉറപ്പിച്ചുനിർത്തി സുരക്ഷിതമാക്കും. വിദേശ നിർമിത ഫൈബർ എച്ച് ഡി പി ഇ ബ്ലോക്കുകൾ ഇന്റർലോക്ക് ചെയ്ത് അടുക്കിവച്ചാണ് കടൽ പരപ്പിന് മുകളിൽ പാലം സജ്ജീകരിക്കുന്നത്. മൂന്ന് മീറ്റർ വീതിയിൽ ഇരുഭാഗത്തും സ്റ്റീൽ കൈവരികളുമുണ്ട്. പാതയുടെ അവസാന ഭാഗത്ത് 11 മീറ്റർ നീളവും ഏഴ് മീറ്റർ വീതിയിലും ഒഴുകുന്ന സൈറ്റ് സീയിംഗ് പ്ലാറ്റ്ഫോമും പണിതിട്ടുണ്ട്. ഇവിടെ നിന്ന് കടലിനെ കൂടുതൽ അടുത്തറിയാം. മൂന്ന് വയസ്സിന് താഴെയുള്ളവർക്കും പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും ലഹരി വസ്തുക്കൾ ഉപയോഗിച്ചവർക്കും പ്രവേശനം അനുവദിക്കില്ല.