ശിരുവാണി ഇക്കോ ടൂറിസം വീണ്ടും തുറന്നു; കിടിലൻ പാക്കേജ്, നിരക്കുകളും സമയക്രമവും അറിയാം

siruvani forest safari

പാലക്കാട്. പ്രളയത്തിൽ റോഡ് തകർന്നതിനെ തുടർന്ന് കഴിഞ്ഞ ആറു വർഷമായി അടച്ചിട്ട ശിരുവാണി ഇക്കോ ടൂറിസം കേന്ദ്രത്തിലേക്ക് വിനോദ സഞ്ചാരികളെ വീണ്ടും പ്രവേശിപ്പിച്ചു തുടങ്ങി. ഗൈഡിന്റെ സഹായത്തോടെ സഞ്ചാരികളുടെ വാഹനങ്ങളിലാണ് അകത്തേക്ക് പ്രവേശനമുള്ളൂ. മൂന്ന് സമയങ്ങളിലായാണ് ഈ വൈൽഡ് ലൈഫ് സഫാരി ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 9, ഉച്ചയ്ക്ക് 12, ഉച്ച തിരിഞ്ഞ് 2.30 എന്നിങ്ങനെയാണ് പ്രവേശന സമയം.

കാടും വെള്ളച്ചാട്ടവും അണക്കെട്ടുമെല്ലാം കാണാവുന്ന മികച്ച ഇക്കോ ടൂറിസം പാക്കേജാണിത്. മുത്തിക്കുളം സംരക്ഷിത വനത്തിലൂടെയാണ് യാത്ര. ശിരുവാണി അണക്കെട്ടിന്റെ കാഴ്ചകൾ, മൂന്നു ഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട ബ്രിട്ടീഷ് നിർമിത പട്യാർ ബംഗ്ലാവ്, കേരളമേട്ടിലെ പുൽമേട്ടിലേക്കുള്ള ട്രെക്കിങ്, മുത്തിക്കുളം വെള്ളച്ചാട്ടം എന്നിവയാണ് ഈ പാക്കേജിൽ ഉൾപ്പെടുന്നത്. 21 കിലോമീറ്ററോളമാണ് യാത്ര അനുവദിക്കുക. സാഹചര്യം അനുകൂലമാണെങ്കിൽ വന്യമൃഗങ്ങളേയും കാണാം.മുത്തികുളം റിസര്‍വ് വനത്തിലൂടെയുള്ള യാത്ര, ശിരുവാണി അണക്കെട്ടിന്റെ കാഴ്ചകള്‍, കേരളാമേടിലെ പുല്‍മേട്ടിലേക്കുള്ള ട്രക്കിങ് എന്നിവയാണ് ഉള്‍പ്പെടുന്നത്. 21 കിലോമീറ്റര്‍ ദൂരത്തിലാണ് യാത്ര അനുവദിക്കുക.

പ്രവേശന നിരക്കുകൾ ഇങ്ങനെ

പാലക്കയത്തെ ഇഞ്ചിക്കുന്ന് വനംവകുപ്പ് ചെക്ക്പോസ്റ്റിൽ നിന്നാണ് പാസ് എടുക്കേണ്ടത്. വാഹന പാർക്കിങ് ഫീ, പ്രവേശന പാസ്, ക്യാമറ പാസ്, ഗൈഡ് ഫീസ് എന്നിവയെല്ലാം ഉൾപ്പെടുത്തിയാണ് പാക്കേജ് നിരക്കുകൾ നിശ്ചയിച്ചിരിക്കുന്നത്. അഞ്ച് യാത്രക്കാരുള്ള കാറിന് 2000 രൂപയാണ് നിരക്ക്. ഏഴു പേരെ ഉൾക്കൊള്ളുന്ന വാഹനങ്ങൾക്ക് 3000, 12 പേരടങ്ങുന്ന വാഹനത്തിന് 5000, 17 പേരുൾപ്പെടുന്ന വാഹനത്തിന് 6,500 രൂപ എന്നിങ്ങനെയാണ് വിവിധ നിരക്കുകൾ.

പട്യാർ ബംഗ്ലാവിൽ തങ്ങാം  

മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് വനത്തിനുള്ളിലെ അതിമനോഹരമായ പട്യാർ ബംഗ്ലാവിൽ താമസിക്കുകയും ചെയ്യാം. ഭക്ഷണ തയാറാക്കുന്നതിനുള്ള എല്ലാം സഞ്ചാരികൾ കരുതണം. ബംഗ്ലാവിൽ മൂന്ന് മുറികളാണുള്ളത്.

വഴി: പാലക്കാട്-കോഴിക്കോട് ഹൈവേയില്‍ മണ്ണാര്‍ക്കാടിനു സമീപമാണ് ശിരുവാണി. ഈ പാതയിലെ ഇടക്കുറുശി-ശിരുവാണി ജങ്ഷൻ വഴിയും കാഞ്ഞിരപ്പുഴ ഡാം റോഡ് വഴിയും പാലക്കയത്ത് എത്താം. ഈ യാത്രയിൽ കാഞ്ഞിരപ്പുഴ ഡാമും കാണാം. പാലക്കയത്ത് നിന്ന് ചുരം കയറി 16 കിലോമീറ്റർ യാത്ര ചെയ്താൽ ശിരുവാണിയിലെത്താം.

2012ലാണ് സംസ്ഥാന വനം വകുപ്പ് ശിരുവാണി ഇക്കോ ടൂറിസം പദ്ധതിക്ക് തുടക്കം കുറിച്ചത്. 2018ൽ പ്രളയത്തെ തുടർന്ന് പ്രവർത്തനം നിർത്തിവച്ചതായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Legal permission needed