പറമ്പിക്കുളത്തെ കാനനഭംഗി

parambikulam-tiger-reserve tripupdates

പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ താലൂക്കിലാണ് പറമ്പിക്കുളം വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. 1971ല്‍ സ്ഥാപിതമായ പറമ്പിക്കുളം വന്യജീവി സങ്കേതം 2010ലാണ് കേന്ദ്ര സർക്കാർ സംരക്ഷിത കടുവാ സങ്കേതമായി പ്രഖ്യാപിച്ചത്. പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഈ സംരക്ഷിത വനമേഖലയുടെ വലിപ്പം 643.66 ചതുരശ്ര കിലോമീറ്ററാണ്. പറമ്പിക്കുളം, തുണക്കടവ്, പെരുവരിപ്പള്ളം എന്നീ മൂന്ന് ഡാമുകളാണുള്ളത്. എന്നാല്‍ ഈ ഡാമുകളുടെ കൈവശാവകാശം അന്നത്തെ കരാര്‍ അനുസരിച്ചു തമിഴ്‌നാടിനാണ്. അവര്‍ ഈ വെള്ളം ടണല്‍ വഴി അളിയാറിലേക്ക് കൊണ്ട് പോകുന്നു.

പറമ്പിക്കുളത്തെ കാഴ്ചകള്‍

കാടര്‍, മലസര്‍, മുതുവ, മലമലസര്‍ എന്നീ ആദിവാസി ഗോത്ര വിഭാഗങ്ങളും കരിയാര്‍കുറ്റി, സംഗം കോളനി, കടവ് കോളനി, പൂപ്പാറ, എര്‍ത്ത് ഡാം കോളനി, കടവ് കോളനി എന്നീ ആദിവാസി കോളനികളുമാണ് പറമ്പികുളത്ത് ഉള്ളത്. കൂടാതെ ലോകപ്രശസ്തമായ പറമ്പിക്കുളം ട്രാം ഇവിടെയാണ്. ആനകളുടെ താവളം എന്നതിലുപരി പ്രധാനമായും കാട്ടുപോത്ത്, കടുവ, പുലി, മുതല, മ്ലാവ്, മാന്‍, കരിങ്കുരങ്ങ് എന്നീ വന്യജീവികളുടെ കേരളത്തിലെ ഏറ്റവും വലിയ ആവാസ വ്യവസ്ഥയാണ് പറമ്പിക്കുളം വനമേഖല. കണക്ക് പ്രകാരം 28 കടുവകളും 77 പുലികളും ഈ കാട്ടില്‍ അധിവസിക്കുന്നു. കിഴക്ക് തമിഴ്‌നാട്ടിലെ ആനമല വന്യജീവിസങ്കേതവും തെക്ക് പടിഞ്ഞാറായി അതിരപ്പിള്ളി, പീച്ചി, ചിമ്മിണി വനമേഖലകളും വടക്ക് നെല്ലിയാമ്പതി മലനിരകളും അതിരിടുന്നു. നാല് ആദിവാസി ഗോത്ര വര്‍ഗങ്ങളുടെ പാര്‍പ്പിട മേഖല കൂടിയാണ് പറമ്പിക്കുളം.

Parambikkulam-tiger-reserve

പറമ്പിക്കുളത്തേക്കുള്ള യാത്രയിലുടനീളം ഒട്ടേറെ മനോഹരമായ കാഴ്ചകള്‍ കാണാം. പൊള്ളാച്ചി കഴിയുമ്പോള്‍ വഴിയരികിലെല്ലാം പുളി മരങ്ങള്‍ നിരനിരയായി പൂത്തുനില്‍ക്കുന്നത് കാണാന്‍ വല്ലാത്തൊരു ചന്തമാണ്. സ്വപ്നം പോല്‍ സുന്ദരമായ കാഴ്ചകൾ. മുള കൊണ്ട് നിർമിച്ച ഏറുമാടത്തിലെ താമസം, ബാംബു റാഫ്റ്റിംഗ്, ചരിത്രമുറങ്ങുന്ന ഭീമാകാരമായ കന്നിമാര തേക്ക്, വിശാലമായ അണക്കെട്ട്, വനത്തിലൂടെയുള്ള രാത്രി സഫാരി, ട്രൈബല്‍ ഡാന്‍സ് തുടങ്ങി ഒട്ടേറെ മനോഹരമായ കാഴ്ചകളുണ്ടിവിടെ. തൂണക്കടവ് എന്ന പേരില്‍ അറിയപ്പെടുന്ന പറമ്പിക്കുളം ഡാമിന് ഇതര ഡാമുകളില്‍ നിന്ന് ഒരു പ്രത്യേകതകൂടെയുണ്ട്. മലകള്‍ തുരന്ന് രണ്ട് ഡാമുകള്‍ തമ്മില്‍ ബന്ധിപ്പിച്ചിട്ടുണ്ട് എന്നതാണ് ഈ സവിശേഷത.

ശിരുവാണി ഡാം പോലെ തന്നെ ഡാം മുഴുവന്‍ കേരളത്തില്‍ ആണെങ്കിലും വെള്ളം മുഴുവന്‍ തമിഴ്‌നാടിന് തന്നെയാണ്. കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ വളരെ വിശാലമായി നിറഞ്ഞുനില്‍ക്കുന്ന വനമേഖലകൂടിയാണിത്. കാട്ടില്‍ തടാകക്കരയില്‍ തേക്ക് മരങ്ങള്‍ക്ക് നടുവില്‍ കെട്ടിപൊക്കിയ ഹൃദയഹാരിയായ മുളസൗധം എല്ലാവര്‍ക്കും ഇഷ്ടപ്പെടും. ഈ കാഴ്ച പുറത്ത് നിന്ന് കാണാന്‍ തന്നെ ബഹുരസമാണ്.

വനം വകുപ്പിന്റെ വാഹനങ്ങളിൽ അവിടത്തെ ട്രൈബല്‍ കോളനിയിലെ ആദിവാസി യുവാക്കളാണ് ഡ്രൈവറായും ഗൈഡായും സഞ്ചാരികള്‍ക്കൊപ്പം പോരുന്നത്. നല്ല സഹായം ചെയ്യുന്ന വ്യക്തികള്‍. നന്നായി ഭക്ഷണം പാചകം ചെയ്യാനും ഇവര്‍ക്കറിയാം. ഇവിടെ നിന്നും ആറ് കിലോ മീറ്റര്‍ യാത്ര ചെയ്ത് കന്നിമരത്തേക്കിനടുത്തെത്താം. നൂറ്റാണ്ടിന്റെ കഥകള്‍ പറയുന്ന തേക്കു മരം. ഒട്ടേറെ ചരിത്രങ്ങള്‍ ഈ തേക്കിന് നമ്മോട് പറയാനുണ്ട്. 465 വര്‍ഷം പഴക്കമുണ്ട് കന്നിമരത്തേക്കിന്.

പ്രകൃതിയിലേക്ക് അലിഞ്ഞ് ചേരാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഇതിലും മനോഹരമായ കാട് വേറേയില്ല എന്നു പറയാം. നിരവധി രാത്രി താമസ പാക്കേജുകള്‍ വനം വകുപ്പ് തന്നെ വിനോദ സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്. അതില്‍ ടെന്റ് പാക്കേജ് ഏറ്റവും നല്ലതായി തോന്നി. രാത്രി സഫാരിയിലൂടെ പുലിയടക്കമുള്ള വന്യമൃഗങ്ങളെ കാണാന്‍ സാധ്യത കൂടുതലാണ്.

ബാംബൂ റാഫ്റ്റിംഗ്

ബാംബു റാഫ്റ്റിംഗിനടുത്തുള്ള കാഴ്ചകൾ ഏറെ മനോഹരമാണ്. വാക്കുകള്‍ക്കൊണ്ട് പറഞ്ഞറിയിക്കാന്‍ പറ്റാത്തത്ര മനോഹരമായ സ്ഥലം. ഏതൊരു സഞ്ചാരിയും ഇവിടം ഇഷ്ടപ്പെടുമെന്ന് ഉറപ്പ്. നാല് പേരാണ് ബാംബു തുഴയുന്നത്. ഇവരും ഇവിടത്തെ ട്രൈബല്‍ കോളനിയിലുള്ളവരാണ്. 1438 മീറ്റര്‍ ഉയരമുള്ള കരിമല ഗോപുരവും ഇവിടെനിന്നും കാണാം.

ട്രൈബൽ ഡാൻസ്, ജംഗിൾ സഫാരി

രാത്രി ഏഴ് മണിയോടെ കോളനിയിലുള്ള പത്തോളം സ്ത്രീകളുടെ നൃത്തം കാണാം. ഉച്ചത്തില്‍ ശബ്ദമുണ്ടാക്കി അതിനൊപ്പം ഉടുക്കിലുള്ള കൊട്ടിനൊപ്പമുള്ള നൃത്തച്ചുവടും മനോഹരമാണ്. അര മണിക്കൂര്‍ ഇവിടെ വനത്തിലൂടെ കാടറിഞ്ഞുള്ള ജംഗിള്‍ സഫാരി അത് അനുഭവിക്കേണ്ടത് തന്നെയാണ്. കടുവയെ കണ്ടില്ലെങ്കിലും കാട്ടുപോത്ത്, ആന, കാട്ടുപന്നി , മാന്‍, മയില്‍, മലയണ്ണാന്‍ ,വരയന്‍പുലി തുടങ്ങിയ മൃഗങ്ങളെ കാണാന്‍ സാധിക്കും. മൃഗങ്ങളുടെ അനക്കം കണ്ടാല്‍ ഗൈഡുമാര്‍ ടോര്‍ച്ചടിച്ചു തരും. ഉടന്‍ തന്നെ സഞ്ചാരികളുടെ മൊബൈല്‍ ഫ്ലാഷുകള്‍ മിന്നിത്തുടങ്ങും. കൂടുതലും കണ്ടത് കാട്ടുപോത്തുകളയാണ്. ഒരു പക്ഷേ ഇവിടെ ഏറ്റവും കൂടുതലുള്ളത് കാട്ടുപോത്തായിരിക്കാം.

സീസൺ

ജൂണ്‍ മുതല്‍ ഡിസംബര്‍ വരെയാണ് യാത്രക്ക് പറ്റിയ നല്ല സമയം. വിവിധ തരം പാക്കേജുകള്‍ ലഭ്യമാണ്. മുന്‍കൂട്ടി ബുക്ക് ചെയ്ത് മാത്രം പോകുക. ഫോണ്‍ നമ്പര്‍. : 04253277233, 944797910, 9442201690 , 9442201691.

ഭക്ഷണം

വിവിധ തരത്തിലുള്ള യാത്രാ പാക്കേജുകള്‍ ഇവിടെയുണ്ട്. കുടുംബവുമൊത്ത് പോകുന്നവര്‍ക്ക് മനോഹരമായ മുള ഹട്ടില്‍ താമസിക്കാം. ചെറിയ റൂമുകളും കുറഞ്ഞ നിരക്കില്‍ ലഭിക്കും. നമുക്ക് ഇഷ്ടപ്പെട്ട ഭക്ഷണവും ഇവര്‍ ഉണ്ടാക്കിത്തരും.

യാത്രാസൗകര്യം

ബസ് ടൈം: പാലക്കാട് നിന്നും രാവിലെ എട്ട് മണിക്ക് പറമ്പിക്കുളത്തേക്ക് കെ എസ് ആര്‍ ടി സി ബസ്സുണ്ട്. ഉച്ചയ്ക്ക് 12.30ന് തിരികെ തൂണക്കടവില്‍ നിന്ന് രാവിലെ ഒന്‍പത് മണിക്ക് പൊള്ളാച്ചിയിലേക്ക് തമിഴ്‌നാട് ബസുണ്ട്. പൊള്ളാച്ചിയില്‍ നിന്ന് മിക്ക സമയങ്ങളിലും പാലക്കാട്ടേക്ക് ബസുണ്ട്.

പാലക്കാട് നിന്ന് പൊള്ളാച്ചിക്ക് 45 കി.മീ. പൊള്ളാച്ചിയില്‍ നിന്ന് പറമ്പിക്കുളത്തേക്ക് 65 കിലോ മീറ്റര്‍.
സമീപ റെയില്‍വെ സ്‌റ്റേഷന്‍: പൊള്ളാച്ചി, 65 കി. മീ
സമീപ വിമാനത്താവളം കൊയമ്പത്തൂര്‍, പാലക്കാട് നിന്ന് 55 കി. മീ.

അനുമതിക്കും താമസത്തിനുമായി ബന്ധപ്പെടേണ്ട വിലാസം :

The Wild Life Warden, Parambikulam Wildlife Division
Anappad, Via Pollachi, Palakkad Phone: +91 4253 277233
E-mail: ww-parambikulam@forest.kerala.gov.in I Website: www.parambikulam.org

Legal permission needed