ബാങ്കോക്ക്. കൂടുതല്‍ വിദേശ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി Thailand ടൂറിസ്റ്റ് ഫീ ഒഴിവാക്കി. വിമാന മാര്‍ഗമെത്തുന്ന വിനോദ സഞ്ചാരികളില്‍ നിന്ന് 300 തായ് ബാത്ത് (680 രൂപ) ആണ് ടൂറിസ്റ്റ് ഫീ ആയി ഈടാക്കിയിരുന്നത്. രാജ്യത്തിനകത്ത് തന്നെ കൂടുത ചെലവഴിക്കാന്‍ ടൂറിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ ഫീസ് നിര്‍ത്തലാക്കിയത്. ടൂറിസം രംഗത്തെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ട് 2023 ഫെബ്രുവരിയിലാണ് തായ്ലന്ഡിലെ മുന്‍ സര്‍ക്കാര്‍ ഈ ഫീസ് നടപ്പിലാക്കിയിരുന്നത്. സ്വകാര്യ മേഖലയില്‍ നിന്ന് കടുത്ത എതിര്‍പ്പുകളും ഇതിനെതിരെ ഉയര്‍ന്നിരുന്നു. പുതിയ സര്‍ക്കാര്‍ ഇപ്പോള്‍ ഈ ഫീസ് നിര്‍ത്തലാക്കി. കൂടുതല്‍ വിദേശ ടൂറിസ്റ്റുകളെ രാജ്യത്തേക്ക് ആകര്‍ഷിക്കാനായി വിവിധ പദ്ധതികള്‍ നടപ്പിലാക്കി വരികയാണ് തായ്ലാന്ഡ്.
ഇതിന്റെ ഭാഗമായി വിസ കാലാവധി നീട്ടിനല്കുന്നതിനു തുടക്കമിട്ടിട്ടുണ്ട്. വിനോദ സഞ്ചാരികള്‍ക്കൊപ്പം റിമോട്ട് വര്‍ക്ക് ചെയ്യുന്നവരെ കൂടി ലക്ഷ്യമിട്ടാണിത്. കൂടാതെ അമേസിങ് തായ്ലന്ഡ് (Amazing Thailand) എന്ന പേരില്‍ സര്‍ക്കാര്‍ പുതിയ പരസ്യ പ്രചാരണത്തിനു തുടക്കമിട്ടിട്ടുണ്ട്. വെല്‍നസ്, ലക്ഷുറി കേന്ദ്രമായി തായ്ലന്‍ഡിനെ കാണിക്കുന്നതാണീ പ്രചാരണം. കൂടാതെ ചരിത്ര പ്രാധാന്യമുള്ള നാന് പ്രവിശ്യയ്ക്ക് യുനെസ്കോ ലോക പൈതൃക പദവി ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളും സര്‍ക്കാര്‍ നടത്തിവരുന്നു. ടൂറിസ്റ്റുകളുടെ വരവ് കുറയുന്ന മേയ്-നവംബറില്‍ സീസണില്‍ ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ നികുതി ഇളവുകള്‍ ഉള്‍പ്പെടെ വിവിധ പദ്ധതികളും സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുണ്ട്.
ഈ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍ 28 വരെ തായ്ലൻഡിലെത്തിയത് 1.2 കോടി വിദേശ ടൂറിസ്റ്റുകളാണ്. ഇത് റെക്കോഡാണ്. ഇതുവഴി 15.5 ബില്യന്‍ യുഎസ് ഡോളറിന്റെ വരുമാനമാണ് രാജ്യത്തിനു ലഭിച്ചത്. 2024ല്‍ നാല് കോടി ടൂറിസ്റ്റുകളെ രാജ്യത്തെത്തിക്കുകയാണ് തായ്ലന്‍ഡിന്റെ ലക്ഷ്യം.