റിയാദ്: സൗദി അറേബ്യ പുതിയൊരു വിമാന കമ്പനി കൂടി അവതരിപ്പിച്ചു. തലസ്ഥാനമായ റിയാദ് കേന്ദ്രീകരിച്ച് റിയാദ് എയര്‍ എന്നാണ് പുതിയ എയര്‍ലൈന്‍ കമ്പനിയുടെ പേര്. രാജ്യത്തെ രണ്ടാം ദേശീയ വിമാന കമ്പനിയായിരിക്കുമിത്. പ്രധാനമന്ത്രിയും കിരീടവകാശിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനാണ് റിയാദ് എയറിന്റെ പ്രഖ്യാപനം നടത്തിയത്. സൗദിയുടെ നിക്ഷേപ ഏജന്‍സിയായ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് (പി.ഐ.എഫ്) ആണ് റിയാദ് എയറിന്റെ ഉടമ. പിഐഎഫ് ഗവര്‍ണര്‍ യാസിര്‍ അല്‍ റുമയ്യാന്‍ ആണ് റിയാദ് എയര്‍ മേധാവി. വ്യോമയാന രംഗത്ത് 40 വര്‍ഷത്തെ അനുഭവ സമ്പത്തുള്ള ടോണി ഡഗ്ലസ് ആണ് റിയാദ് എയര്‍ സിഇഒ.
റിയാദ് കേന്ദ്രീകരിച്ചായിരിക്കും പ്രവര്‍ത്തനം. 2030ഓടെ ലോകത്തൊട്ടാകെയുള്ള 100ലേറെ ഇടങ്ങളിലേക്ക് സര്‍വീസ് വിപുലീകരിക്കുകയാണ് ലക്ഷ്യം. റിയാദ് എയര്‍ പ്രത്യക്ഷമായും പരോക്ഷമായും രണ്ടു ലക്ഷത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൂടാതെ 20 ബില്യന്‍ ഡോളറിന്റെ വരുമാനവും പ്രതീക്ഷിക്കപ്പെടുന്നു. ഗതാഗതം, വ്യാപാരം, ടൂറിസം മേഖലകള്‍ക്ക് റിയാദ് എയര്‍ പുത്തനുണര്‍വേകും.