തിരുവനന്തപുരം. സംസ്ഥാനത്തെ പാര്‍ക്കുകളുടെ തീം ഇനി മാറും. നഗരങ്ങളിലെ പാര്‍ക്കുകളെ വിവിധ തീമുകളില്‍ അണിയിച്ചൊരുക്കാന്‍ പുതിയ പദ്ധതിയുമായി ടൂറിസം വകുപ്പ്. വലിയ നഗരങ്ങളിലാണ് ഇത് നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തില്‍ തിരുവനന്തപുരത്തെ ശ്രീചിത്ര പാര്‍ക്ക്, ശ്രികണ്ഠേശ്വരം പാര്‍ക്ക്, ഇഎംഎസ് പാര്‍ക്ക് എന്നിവയാണ് തീം അടിസ്ഥാനമാക്കി നവീകരിക്കുന്നത്. നിയമസഭയ്ക്കു സമീപത്തെ ഇഎംഎസ് പാര്‍ക്ക് വായന എന്ന തീമിലാണ് നവീകരിക്കുന്നത്. സംവാദങ്ങള്‍, ചര്‍ച്ചകള്‍, വായനയെ പ്രോത്സാഹിപ്പിക്കുന്ന പരിപാടികള്‍ എന്നിവയ്ക്കുള്ള ഇടമാക്കി പാര്‍ക്കിനെ മാറ്റും. കിഴക്കേകോട്ട ശ്രീചിത്ര പാര്‍ക്കിനെ പരമ്പരാഗത കലാരൂപങ്ങള്‍ക്കായുള്ള ഇടമാക്കി മാറ്റും. ഭിന്നശേഷി സൗഹൃദ കേന്ദ്രമായാണ് ശ്രീകണ്ഠേശ്വരം പാര്‍ക്കിനെ ഒരുക്കുക. ഭിന്നശേഷിക്കാര്‍ക്കായി കൂടുതല്‍ സൗകര്യങ്ങളും കളി ഉപകരണങ്ങലും ഇവിടെ ഒരുക്കും.
2.5 കോടി രൂപ ചെലവില്‍ ഊരാളുങ്കല്‍ സൊസൈറ്റിയാണ് നിര്‍മാണം നടത്തുന്നത്. അടുത്ത മാസം ആരംഭിക്കുന്ന ജോലികള്‍ സെപ്തംബറോടെ പൂര്‍ത്തിയാക്കാനാണു പദ്ധതി. കേരളത്തിലെ വിവിധ ഭക്ഷണ രീതികളെ അനുഭവിച്ചറിയാവുന്ന ഫുഡ് സ്ട്രീറ്റുകളും ഇതിനൊപ്പം ഉണ്ടാകും.
പദ്ധതിയുടെ അടുത്ത ഘട്ടത്തില്‍ എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ നഗരങ്ങളിലെ വിവിധ പാര്‍ക്കുകളേയും പ്രാദേശികമായി പ്രസക്തമായ വിവിധ തീമുകളെ അടിസ്ഥാനമാക്കി നവീകരിക്കും.