ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴകള്‍ ഓൺലൈനായി അടയ്ക്കാന്‍ വണ്‍ ടൈം പാസ്‌വേഡ് (OTP) നിര്‍ബന്ധമാക്കി. പരിവഹന്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത വാഹന ഉടമയുടെ മൊബൈല്‍ നമ്പറിലേക്കാണ് ഫീസ് അടക്കുന്ന വേളയില്‍ ഈ OTP വരിക. ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ സമാനപേരിലുള്ള വെബ്‌സൈറ്റുകള്‍ സൃഷ്ടിച്ച് വ്യാജ ഓണ്‍ലൈന്‍ പേമെന്റിലൂടെ പണം തട്ടുന്നതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയത്. വാഹന ഉടമ ഉപയോഗിക്കുന്ന മൊബൈല്‍ നമ്പര്‍ പരിവഹന്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുകയോ, അപ്‌ഡേറ്റ് ചെയ്യുകയോ ചെയ്തിട്ടില്ലെങ്കില്‍ ചെലാന്‍ പിഴകള്‍ ഓണ്‍ലൈനായി അടയ്ക്കാന്‍ കഴിയില്ല. ഇതിനു പരിഹാരമുണ്ട്.
വാഹന ഉടമകളുടെ ഓണ്‍ലൈന്‍ പേമെന്റുകള്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നതിനാണ് OTP സംവിധാനം നടപ്പിലാക്കിയത്. ഉടമയുടെ പേരിലുള്ള, വെരിഫൈ ചെയ്ത മൊബൈല്‍ നമ്പറില്‍ മാത്രമെ ഒടിപി ലഭിക്കൂവെന്നതിനാല്‍ തട്ടിപ്പുകാര്‍ക്ക് ഒരിക്കലും പണം തട്ടാന്‍ കഴിയില്ല.
ഒടിപി ലഭിക്കുന്നില്ലെങ്കില്‍ ചെയ്യേണ്ടത്
ഒടിപി നിങ്ങളുടെ മൊബൈലില്‍ ലഭിക്കുന്നില്ലെങ്കില്‍ അതിനര്‍ത്ഥം നിങ്ങളുടെ മൊബൈല്‍ നമ്പര്‍ മോട്ടോര്‍ വാഹന വകുപ്പ് വെരിഫൈ ചെയ്തിട്ടില്ല എന്നതാണ്. പരിവഹന്‍ സൈറ്റില്‍ പുതിയ നമ്പര്‍ ചേര്‍ക്കുന്നതിനോ, പഴയ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനോ ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍ നിര്‍ബന്ധമാണ്. ആധാര്‍ വെരിഫിക്കേഷനിലൂടെയാണ് പരിവഹന്‍ വാഹന ഉടമകളുടെ മൊബൈല്‍ നമ്പര്‍ ശരിയായ നമ്പറാണെന്ന് ഉറപ്പാക്കുന്നത്. ആധാറില്‍ ഈ മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്തിട്ടെങ്കില്‍ ഈ വെരിഫിക്കേഷന്‍ നടക്കില്ല. ഇങ്ങനെ വന്നാല്‍ ആദ്യം ആധാര്‍ അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്.
ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍ പരിവഹന്‍ സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്. അക്ഷയ കേന്ദ്രങ്ങള്‍ പോലുള്ള ഓണ്‍ലൈന്‍ സേവന കേന്ദ്രങ്ങള്‍ വഴി പരിവഹന്‍ സൈറ്റിലെ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്.
ഈ വെരിഫിക്കേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ ഇ-ചെലാന്‍ പിഴയകളടക്കാനുള്ള ഒടിപി കൃത്യമായി വാഹന ഉടമകളുടെ മൊബൈലില്‍ തന്നെ എത്തും.
വെബ്‌സൈറ്റ് പരിശോധിച്ച് ഉറപ്പാക്കുക
ഓണ്‍ലൈനായി പിഴകള്‍ അടയ്ക്കുമ്പോള്‍ യഥാര്‍ത്ഥ പരിവഹന്‍ വെബ്‌സൈറ്റ് (echallan.parivahan.gov.in) തന്നെയാണെന്ന് ആദ്യം ഉറപ്പാക്കണം. കാരണം, പരിവഹന്‍ എന്ന പേര് ചേര്‍ത്ത് തെറ്റിദ്ധാരണാജനകമായി ഉണ്ടാക്കിയ വ്യാജ സൈറ്റുകളുടെ ലിങ്കുകളും പലര്‍ക്കും മൊബൈലില്‍ ഇ-ചെലാന്‍ എന്ന പേരില്‍ ലഭിക്കുന്നുണ്ട്. എസ്എംഎസ് ആയി ലഭിക്കുന്ന ഈ ലിങ്കുകളില്‍ കയറി പണം അടച്ചാല്‍ അത് തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് പോകും. അതുകൊണ്ട് ലിങ്കുകള്‍ ശരിയായി പരിശോധിച്ച് ഉറപ്പാക്കണം. പരിവഹൻ ആപ്പ് മുഖനേയും സുരക്ഷിതമായി ഇ-ചെലാൻ പിഴയടക്കാം.