THAILAND കണ്ടു തീര്‍ന്നില്ലെ? ഫുക്കെറ്റില്‍ ഇനി ഓണ്‍ലൈനായി വിസ കാലാവധി നീട്ടാം

tripupdates.in

ബാങ്കോക്. തായ്‌ലന്‍ഡില്‍ (Thailand) വിനോദ സഞ്ചാരികളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന പ്രധാന നഗരമാണ് ഫുക്കെറ്റ്. പ്ലാന്‍ ചെയ്ത ദിവസങ്ങള്‍ക്കുള്ളില്‍ ഇവിടെ കാഴ്ചകള്‍ കണ്ടും എക്‌സ്‌പ്ലോര്‍ ചെയ്തും തീര്‍ന്നില്ലെങ്കില്‍ നിരാശപ്പെടേണ്ട. ഓണ്‍ലൈനായി വിസ കാലാവധി നീട്ടാന്‍ പുതിയ സംവിധാനം ഇമിഗ്രേഷന്‍ ബ്യൂറോ അവതരിപ്പിച്ചിട്ടുണ്ട്. വിദേശികള്‍ക്ക് 12 ഇനം വിസകളുടെ കാലാവധി ഈ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ ദീര്‍ഘിപ്പിക്കാം. ഇമിഗ്രേഷന്‍ നടപടികള്‍ കൂടുതല്‍ ആയാസ രഹിതമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സൗകര്യം അവതരിപ്പിച്ചത്.

തായ്‌ലന്‍ഡിലെ തെക്കന്‍ മേഖലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ഫുക്കെറ്റിലെത്തുന്ന സഞ്ചാരികള്‍ക്ക് സര്‍ക്കാര്‍ കൂടുതല്‍ സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുന്നുണ്ട്. നിലവില്‍ ഇന്ത്യക്കാര്‍ക്കും ചൈനക്കാര്‍ക്കും വിസ ഇല്ലാതെ ഇവിടെ എത്താം. ഈയിടെ നടപ്പിലാക്കിയ വിസ ഫ്രീ പ്രവേശനം കൂടുതല്‍ രാജ്യക്കാര്‍ പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് കണക്കുകള്‍ കാണിക്കുന്നു. റഷ്യയില്‍ നിന്ന് ഇപ്പോള്‍ ശരാശരി 3600 സഞ്ചാരികളാണ് ദിവസേന എത്തുന്നത്. ചൈനയില്‍ നിന്ന് 1500 ടൂറിസ്റ്റുകളും ബ്രിട്ടനില്‍ നിന്ന് 780 ടൂറിസ്റ്റുകളും ഇന്ത്യയില്‍ നിന്ന് 720 ടൂറിസ്റ്റുകളും ദിവസേന ഫുക്കെറ്റിലെത്തുന്നുണ്ട്. ഈ മാസം മാത്രം 3.5 ലക്ഷം യാത്രക്കാര്‍ ഫുക്കെറ്റ് എയര്‍പോര്‍ട്ടില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വിസ കാലാവധി ഓണ്‍ലൈനായി നീട്ടാവുന്ന ഇ-എക്‌സ്റ്റന്‍ഷന്‍ വിസ സേവനം ഇപ്പോള്‍ ബാങ്കോക്കിലെ ഇമിഗ്രേഷന്‍ ബ്യൂറോയിലും ജനസംഖ്യ ഏറെയുള്ള ചൊന്‍ബുരി, ചിയാങ് മായ്, ഫുക്കെറ്റ് എന്നിവിടങ്ങളിലെ ഇമിഗ്രേഷന്‍ ഓഫീസുകളിലും ലഭ്യമാണ്.

Legal permission needed