കോഴിക്കോട്. അബു ദബി ആസ്ഥാനമായ ഇത്തിഹാദ് എയര്‍വേയ്‌സ് (Etihad Airways) ജനുവരി ഒന്നു മുതല്‍ കോഴിക്കോട് നിന്നും തിരുവനന്തപുരത്തു നിന്നും എല്ലാ ദിവസവും അബു ദബിയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കും. എല്ലാ ദിവസവും രാത്രി 9.30ന് കോഴിക്കോട് നിന്ന് പുറപ്പെടുന്ന വിമാനം രാത്രി 12 മണിക്ക് അബു ദബിയിലിറങ്ങും. എയര്‍ ബസ് 320 വിമാനമാണ് ഈ സര്‍വീസിന് ഉപയോഗിക്കുന്നത്. എട്ട് ബിസിനസ് ക്ലാസ് സീറ്റുകളും 157 ഇക്കോണി സീറ്റുകളുമാണ് ഈ വിമാനത്തിലുള്ളത്. അബു ദബിയില്‍ നിന്ന് എല്ലാ ദിവസവും ഉച്ച കഴിഞ്ഞ് 2.40ന് പുറപ്പെടുന്ന വിമാനം ഇന്ത്യന്‍ സമയം വൈകീട്ട് 7.55ന് കോഴിക്കോടെത്തും. വിമാനത്താവളം അറ്റക്കുറ്റപ്പണിക്കായി രാത്രി ലാൻഡിങിന് വിലക്കേർപ്പെടുത്തിയതോടെ 2022 ജൂണിലാണ് ഇത്തിഹാദ് കോഴിക്കോട്ടേക്കുള്ള നേരിട്ടുള്ള സർവീസ് നിർത്തിവച്ചത്.
തിരുവനന്തപുരത്ത് നിന്ന് എല്ലാ ദിവസവും രാവിലെ 10.05നാണ് അബു ദബിയിലേക്കുള്ള വിമാനം. പ്രാദേശിക സമയം 12.55ന് അബു ദബിയില്‍ ഇറങ്ങും. അബു ദബിയില്‍ നിന്ന് പുലര്‍ച്ചെ 3.20ന് പുറപ്പെട്ട് രാവിലെ 9 മണിക്ക് തിരുവനന്തപുരത്തും ഇറങ്ങും.
ബാഗേജിന്റെ തൂക്കത്തിനനുസരിച്ച് ടിക്കറ്റ് നിരക്കില്‍ മാറ്റമുണ്ടാകും. ഏഴു കിലോ വരെ കാബിന്‍ ബാഗേജും 30 കിലോ ചെക്ക് ഇന്‍ ബാഗേജും ടിക്കറ്റില്‍ ഉള്‍പ്പെടും.അധിക നിരക്ക് നല്‍കിയാല്‍ 35 കിലോ ആയി ഉയര്‍ത്താം. ദുബയിൽ നിന്നുള്ള യാത്രക്കാർക്കായി അല്‍ വാസില്‍ സെന്‍ററിലെ ശൈഖ് സായിദ് റോഡില്‍ നിന്ന് അബു ദബിയിലേക്കും തിരിച്ചും സൗജന്യ ബസ് സർവീസും ഇത്തിഹാദ് ഒരുക്കിയിട്ടുണ്ട്. ഇതിന് മുൻകൂട്ടി ബുക്ക് ചെയ്യണം.
നിലവിൽ ഇത്തിഹാദിന് കൊച്ചിയിൽ നിന്ന് നേരിട്ടുള്ള മൂന്ന് പ്രതിദിന സർവീസുകളുണ്ട്. പുതിയ സർവീസുകൾ ജനുവരി മുതൽ ആരംഭിക്കുന്നതോടെ കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളിൽ നിന്നും ഇത്തിഹാദിന് നേരിട്ടുള്ള സർവീസ് ആകും.