മൈസൂരു. ചാമരാജ്നഗർ ജില്ലയിലെ വിശാലമായ വനമേഖലയിൽ കർണാടക വനം വകുപ്പ് വിനോദ സഞ്ചാരികൾക്കായി ടൈഗർ സഫാരി (Tiger Safari) ആരംഭിക്കുന്നു. ഓൾഡ് മൈസൂരു മേഖലയിലെ ടൂറിസം വികസനത്തിൽ പുതിയ നാഴികക്കല്ലായി മാറാനിരിക്കുന്ന പദ്ധതി അടുത്ത മാസം തന്നെ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയേക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നാഗർഹോളെ, ബന്ദിപൂർ സംരക്ഷിത വനമേഖലകളിലെ വിജയകരമായ സഫാരി മാതൃകയിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. എംഎം ഹിൽസ് വനം ഡിവിഷനിലെ പി ജി പാല്യ റേഞ്ചിനു കീഴിലുള്ള ലൊക്കനഹള്ളിയിൽ നിന്നാണ് 18 കിലോമീറ്റർ ദൂരമുള്ള പുതിയ സഫാരി ആരംഭിക്കുക. വയനാടിനോട് അതിർത്തി പങ്കിടുന്ന പ്രദേശമായതിനാൽ കേരളത്തിൽ നിന്നുള്ള വിനോദ സഞ്ചാരികൾക്കും ഇത് പുതിയ അവസരമാകും.
വൈന്യജീവി വൈവിധ്യം അടുത്തറിയുന്നതോടൊപ്പം നിബിഡവും ഗാംഭീര്യവുമുള്ള വനത്തിലൂടെയുള്ള യാത്രയിൽ പ്രധാനമായും കടുവ അടക്കമുള്ള വന്യജീവികളെ കാണാനുള്ള അവസരത്തോടൊപ്പം ശിലായുഗത്തിലെ അത്യപൂർവ്വ ചരിത്ര ശേഷിപ്പുകളും കാണാൻ സഞ്ചാരികൾക്ക് അവസരം ലഭിക്കും. ആന ഇടനാഴിയോട് ചേർന്നുള്ള ഈ സഫാരി പാത ആനകളെ അടുത്തു കാണാവുന്ന ഒരു പ്രധാന ഇടമായി മാറും. പുള്ളിപ്പുലി, കാട്ടുപോത്ത്, മ്ലാവ്, പുള്ളിമാൻ, കാട്ടുമുയൽ എന്നിവയേയും കാണാം. ഡിസംബർ ആദ്യ വാരത്തിൽ പ്രത്യേകം തയാറാക്കിയ ഒരു വാഹനവുമായി രണ്ടു മാസത്തേക്ക് പരീക്ഷണ സഫാരി ആരംഭിക്കാനാണു പദ്ധതി.
ഏറെ വിനോദ സഞ്ചാരികളെത്തുന്ന പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ ധോന്ദെലിങ് തിബറ്റൻ ക്യാമ്പ്, ഭാരാചുക്കി വെള്ളച്ചാട്ടം, ഗുണ്ടൽ ഡാം എന്നിവയ്ക്ക് സമീപത്താണ് പുതിയ സഫാരി വരുന്നത്. ഇത് ഈ മേഖലയിലെ ടൂറിസം രംഗത്ത് വലിയ അവസരങ്ങൾ തുറന്നിടും. ഒറ്റ ദിവസം എക്സ്പ്ലോർ ചെയ്യാവുന്ന പുതിയൊരു കൊല്ലഗൽ ടൂറിസ്റ്റ് സർക്യൂട്ടിനും സാധ്യതയേറും. കോഴിക്കോട് നിന്നും വയനാട് നിന്നും മൈസുരു, ഊട്ടി, ബെംഗുളൂരു എന്നിവിടങ്ങളിലേക്കുള്ള പ്രധാന പാതയാണ് കോഴിക്കോട്-കൊല്ലഗൽ ദേശീയ പാത 766.