മുംബൈ. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള Air India Express പുതിയ രൂപത്തില്‍ പുനരവതരിപ്പിച്ചു. പുതിയ ബ്രാന്‍ഡ് മുദ്രയും നിറക്കൂട്ടും ഉള്‍പ്പെടുന്ന ലിവറി പതിച്ച ഏറ്റവും പുതിയ ബോയിങ് ബി737-8 വിമാനവും മുംബൈ വിമാനത്താവളത്തില്‍ നടന്ന ചടങ്ങില്‍ കമ്പനി അവതരിപ്പിച്ചു. ചുവപ്പിനു പകരം ഓറഞ്ച് ആണ് പുതിയ നിറം. ഹരിത നീലിമയാണ് രണ്ടാമത്തെ പ്രധാന നിറമായി നല്‍കിയിരിക്കുന്നത്. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ മാത്രം പ്രത്യേകതയായിരുന്ന, വ്യത്യസ്ത കലാരൂപങ്ങളെ ചിത്രീകരിക്കുന്ന വാലിലെ ടെയില്‍ ആര്‍ട്ട് പൂര്‍ണമായും മാറ്റി. പകരം ഇന്ത്യയിലെ കലാ വൈവിധ്യത്തെ സൂചിപ്പിക്കുന്ന പരമ്പരാഗത വസ്ത്രാലങ്കരങ്ങളായ ബന്ധനി, അജ്റഖ്, പട്ടോല, കാഞ്ചീവരം, കലങ്കരി തുടങ്ങിയ പാറ്റേണുകളിലായിരിക്കും പുതിയ വിമാനങ്ങളിലെ ഡിസൈന്‍.
എയര്‍ ഇന്ത്യ എക്സ്പ്രസ് – എയര്‍ ഏഷ്യ ഇന്ത്യ (AIX Connect) ലയനം ഇതോടെ ഏതാണ്ട് പൂര്‍ണമായി. പേരിനൊപ്പമുള്ള എയര്‍ ഏഷ്യ ഇന്ത്യ ഇനിയുണ്ടാവില്ല. ടാറ്റയുടെ പൂര്‍ണ ബജറ്റ് എയര്‍ലൈന്‍ ആയാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് വിപണിയില്‍ സ്ഥാനമുറപ്പിക്കുക. 15 മാസത്തിനകം പുതിയ 50 വിമാനങ്ങളാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് ഇറക്കാനിരിക്കുന്നത്. ആഭ്യന്തര സര്‍വീസുകളില്‍ വലിയ മുന്നേറ്റം കമ്പനി ലക്ഷ്യമിടുന്നു.
എയര്‍ ഇന്ത്യ ഗ്രൂപ്പിന്റെ ഏറ്റവും പ്രധാന ഭാഗമാണ് എയര്‍ ഇന്ത്യ എക്സ്പ്രസെന്നും ഓരോ ഇന്ത്യക്കാരനും ഏറ്റവും മികച്ച ആഭ്യന്തര, റീജനല്‍ കണക്ടിവിറ്റി ലഭ്യമാക്കി പുതുതലമുറാ എയര്‍ലൈനായി കമ്പനി മാറുകയാണെന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് ചെയര്മാന് കാംപെല്‍ വില്‍സണ്‍ പറഞ്ഞു.
ഒരു വര്‍ഷം കൊണ്ട് നിലവിലെ സര്‍വീസുകള്‍ ഇരട്ടിയാക്കും. അടുത്ത അഞ്ചു വര്‍ഷത്തിനകം വിമാനങ്ങളുടെ എണ്ണം 170 ആയി വര്‍ധിപ്പിക്കും. ആഭ്യന്തര സര്‍വീസുകള്‍ വിപുലീകരിക്കുന്നതോടൊപ്പം ചെറിയ ദൂര വിദേശ സര്‍വീസുകളും വര്‍ധിപ്പിക്കുമെന്നും കമ്പനി അറിയിച്ചു.