വയനാട് ECO TOURISM കേന്ദ്രങ്ങളിൽ ട്രെക്കിങ് നിർത്തി; വന്യമൃഗങ്ങൾ സഞ്ചാരികൾക്ക് ഭീഷണി

മാനന്തവാടി. കാട്ടാന, കടുവ തുടങ്ങിയ വന്യമൃഗങ്ങളുടെ ആക്രമണ ഭീഷണി നിലനിൽക്കുന്നതിനാൽ നോർത്ത് വയനാട് ഫോറസ്റ്റ് ഡിവിഷൻ പരിധിയിൽ ഉൾപ്പെടുന്ന മീൻമുട്ടി, മുനീശ്വരൻകുന്ന്, ബ്രഹ്മഗിരി എന്നീ ഇക്കോ ടൂറിസം (ECO TOURISM) കേന്ദ്രങ്ങളിൽ വിനോദ സഞ്ചാരികളുടെ ട്രെക്കിങ് നിർത്തിവച്ചു. മീൻമുട്ടി ഇക്കോ ടൂറിസം സെന്ററിലെ ഗൈഡ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഡിഎഫ്ഒ കെ.ജെ മാർട്ടിൻ ലോവൽ ട്രെക്കിങ് നിർത്തി വെക്കാൻ ഉത്തരവിട്ടത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വിലക്ക് തുടരുമെന്നും ഉത്തരവിൽ പറയുന്നു.

മറ്റു ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെ ട്രെക്കിങ് അല്ലാത്ത ആക്ടിവിറ്റികൾ മതിയായ സുരക്ഷ ഉറപ്പാക്കി മാത്രമെ നടത്താവൂ എന്നും ഡിഎഫ്ഒ വ്യക്തമാക്കി. കാനന ഭംഗി ആസ്വദിക്കാൻ ഒട്ടേറെ പേരാണ് ട്രെക്കിങ്ങിനായി ഇവിടങ്ങളിലെത്തുന്നത്. എന്നാൽ സഞ്ചാരികൾക്കോ, വഴികാട്ടികളായി കൂടെ പോകുന്ന ഗൈഡുകൾക്കോ മതിയായ സുരക്ഷിയില്ല എന്നതാണ് വസ്തുത.

ബൂട്ടും യൂനിഫോമും മാത്രമാണ് ഗൈഡുമാർക്ക് വനം വകുപ്പ് നൽകുന്നത്. മറ്റു സുരക്ഷാ ഉപകരണങ്ങളൊന്നുമില്ല. സഞ്ചാരികളും ഗൈഡുമാരും ജീവൻ പണയം വച്ചാണ് ട്രെക്കിങ് നടത്തുന്നത്. നോർത്ത് വയനാട് ഡിവിഷൻ പരിധിയിൽ മാത്രം ഈ വർഷം രണ്ടു പേരാണ് വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മരിച്ചത്. വനപാലകർക്ക് മൃഗങ്ങളുടെ ആക്രമണങ്ങളിൽ പരിക്കേൽക്കുന്നതും പതിവാണ്.

സുരക്ഷാ ഭീഷണി ഉണ്ടെങ്കിലും നിരവധി സഞ്ചാരികളാണ് ട്രെക്കിങ്ങിനായി ദിവസവും എത്തുന്നത്. മഴക്കാലം പിൻവാങ്ങിയതോടെ പ്രധാന ഇക്കോ ടൂറിസം കേന്ദ്രങ്ങളുടെ കാനനഭംഗി സഞ്ചാരികളെ മാടിവിളിക്കുകയാണ്. പലയിടത്തും ഇടതിങ്ങിയ വനവും പുൽമേടുകളുമാണ്. മലമുകളിൽ ആനയുടെ സാന്നിധ്യം ഉണ്ടാകാറുണ്ടെങ്കിലും ഇവയുടെ ആക്രമണത്തിൽ ആളപായം സംഭവിക്കുന്നത് ആദ്യമായാണ്. മലകളിലെല്ലാം അപകടം പതിയിരിക്കുന്നുവെന്നാണ് മുന്നറിയിപ്പ്.

Legal permission needed