✍🏻 പ്രണവ് സുകൃതം
കാടും മലയും കേറാൻ ഇഷ്ടപ്പെടുന്നവരുടെ പ്രിയപ്പെട്ട ഭൂമികയാണ് വയനാട് (Wayanad). മഴയൊന്ന് പെയ്ത് തോർന്നപ്പോൾ ഞങ്ങളും കേറി ബാണാസുര മലയിലേക്ക്. വയനാട് ഒരു വിധം ട്രെക്കിങ്ങുകളൊക്കെ പോയിട്ടുണ്ടേലും കഴിഞ്ഞ ഒരു വർഷമായി ലിസ്റ്റിലുണ്ടായിരുന്നതാണ് കാറ്റ് കുന്ന് & സായ്പ് കുന്ന് ട്രെക്കിംഗ്. 2073 മീറ്റർ ഉയരമുള്ള ബാണാസുര, പശ്ചിമഘട്ടത്തിലെ ഉയരം കൂടിയ പർവതങ്ങളിൽ ഒന്നാണ്. ആ പർലതനിരകളിലെ ചെറിയൊരു ഭാഗമാണ് കാറ്റ് കുന്നും സായ്പ് കുന്നും. ബാണാസുര ഡാമിൽ നിന്നും കുറച്ചകലെ മീൻമുട്ടി വെള്ളച്ചാട്ടത്തിലേക്കുള്ള ടിക്കറ്റ് കൗണ്ടറിൽ നിന്നാണ് ഈ ട്രെക്കിങ്ങിൻ്റെയും തുടക്കം. എത്താൻ വൈകിയ കാരണം ഏറ്റവും ലാസ്റ്റ് ടീം ആയാണ് ഞങ്ങൾ മലകയറിയത്. കയറ്റവും ഇറക്കവും ഉൾപ്പെടെ എട്ടു മണിക്കൂർ സമയം പറയുമെങ്കിലും ട്രെക്കിങ് പരിചയമുള്ളവർക്ക് അഞ്ച് മണിക്കൂർ ധാരാളമാണ്.
നല്ലൊരു മഴയോടെയാണ് ഞങ്ങൾ ആറു പേർ തുടങ്ങിയത്. പക്ഷേ കാട് കേറിയതോടെ മഴയൊക്കെ പോയി. മഴയിൽ കുതിർന്ന കാട്. ഒരു പക്ഷേ ഈ ട്രെക്കിങ്ങിലെ കുറച്ച് പ്രയാസമേറിയ ഒരേയൊരു ഭാഗം ഇത് മാത്രമാണ്. തുടക്കത്തിൽ തന്നെ കുത്തനെയുള്ള കയറ്റം ഇച്ചിരി തളർത്തുമെങ്കിലും തുടക്കത്തിൻ്റെ ആവേശം കൊണ്ട് അതങ്ങ് കേറി പോയാൽ ബാക്കി സിംപിളാ. പിന്നെ ഈ ഒരു ഭാഗത്ത് അധികം നിന്ന് റെസ്റ്റടുത്താൽ കാലിൽ എപ്പോൾ ചോര പൊടിഞ്ഞെന്ന് ചോദിച്ചാ മതി. അട്ടകൾ കേറി അങ്ങ് മേയും.
ആദ്യത്തെ കുന്നിൻ ചെരിവിലേക്ക് എത്തുമ്പോൾ വെള്ളച്ചാട്ടത്തിൻ്റെ ശബ്ദം നന്നായി കേൾക്കാം. മീൻമുട്ടി വെള്ളച്ചാട്ടമാണ്. ട്രെക്കിങിന് ശേഷം പോയി കുളിക്കാം എന്നാണ് ഗൈഡ് പറഞ്ഞത്. ട്രെക്കിങ് എടുത്തവർക്ക് പിന്നെ വെള്ളച്ചാട്ടത്തിന് പ്രത്യേകം ടിക്കറ്റ് ആവശ്യമില്ല. നടത്തം തുടർന്നു. കംപ്ലീറ്റ് പച്ചപ്പുല്ല് വിരിച്ച കുന്നുകൾ. അരികിലൂടെ നടന്ന് തെളിഞ്ഞ വഴി. വരി വരിയായി ഞങ്ങൾ.
Wow… അങ്ങേ വശത്തുള്ള മലനിരകൾ കോടയിൽ നിന്നും പുറത്ത് വരുന്ന കാഴ്ച. പച്ച നിറത്തിൽ പ്രകൃതിയുടെ ഒരു കോട്ട മതിൽ പോലെ. എന്ത് ഭംഗിയാ.. കാണാൻ. ആവേശത്തോടെ ഞങ്ങൾ നടന്നു. ഏറെ വൈകാതെ ഒരു പോയൻ്റ് എത്തി. ഇവിടന്ന് ലെഫ്റ്റ് കാറ്റ് കുന്ന് കേറി തുടങ്ങാം. റൈറ്റ് സായ്പ്പ് കുന്നിലേക്ക്. ഏത് വേണം? കാറ്റ് കുന്നിന് മുകളിൽ കോട മൂടിയ കാരണം ഡാം വ്യൂ കിട്ടില്ല. അത് കൊണ്ട് ആദ്യം സായ്പ് കുന്ന് കേറി റിട്ടേൺ വരാം എന്ന ഗൈഡിൻ്റ തീരുമാനം ശരിവച്ചു.
ഇനിയങ്ങോട്ട് ഫുൾ ട്രെക്കിങ് പാത്ത് നമ്മടെ കൺമുന്നിൽ തന്നെയുണ്ട്. പച്ചപ്പുതച്ച കുന്നിൻ മുകളിലൂടെ നീണ്ടു കിടക്കുന്ന വഴി. ഇഷ്ടാനുസരണം കാഴ്ചകൾ ആസ്വദിച്ച് നടക്കാം. നല്ല തെളിഞ്ഞ കാലാവസ്ഥ. പച്ചപ്പിൻ്റെ വിവിധ രൂപ ഭാവങ്ങളാണ് ഇവിടം മൊത്തം. അകലെ മലയിടുക്കിലുള്ള തൂവെള്ള നിറം വെള്ളച്ചാട്ടമാണ്. ഇത് ഒഴുകിയൊഴി താഴെ മീൻമുട്ടിയിലെത്തുന്നു.
വെള്ള പഞ്ഞിക്കെട്ട് മേഘങ്ങൾ പർവ്വത മുകളിൽ തൊട്ടുരുമ്മി നിൽക്കുന്നുണ്ട്. പക്ഷേ അവിടം വരെയൊന്നും കേറി ചെല്ലാൻ നമ്മുക്ക് അനുവാദമില്ല. ചെമ്പ്രയും ചിറപ്പുല്ലും എല്ലാം ഇങ്ങനെ തന്നെ. ഒരു ക്ലൈമാക്സ് ഫീൽ കിട്ടുമ്പോഴേക്കും സംഗതി തീരും. ഞങ്ങൾ ഇടക്ക് ചെറിയ ബ്രേക്കെടുത്തു. വീണ്ടും നടക്കും. ചിലപ്പോൾ കുന്നിൻ്റെ അറ്റത്ത് ചെന്ന് നിൽക്കും ചിലപ്പോൾ പാറമേൽ വലിഞ്ഞ് കേറും. വട്ട് അല്ലാതെന്താ. വെയില് മൂക്കും മുൻപെ ഞങ്ങൾ സായ്പ് കുന്നിന് മുകളിലെത്തി.
കൊണ്ടു വന്ന പഴവും ഡ്രൈ ഫ്രൂട്സും കഴിച്ച് വിശപ്പകറ്റി. വിശ്രമിച്ചു. കയറാൻ സാധിക്കാത്ത മലകളെ നോക്കി ഒന്ന് നെടുവീർപ്പിട്ടു. എന്നെങ്കിലും..? ആവോ. വേറെ ചിന്തയൊന്നുമില്ലാതെ ഇങ്ങനെ മല കേറി നടക്കാൻ എന്ത് രസാല്ലെ.! ആകാശം മാറി തുടങ്ങി.. മേഘങ്ങളൊക്കെ കറുത്തിരുണ്ടു. ഇനി മഴയുടെ വരവാണ്. വാ മലയിറങ്ങാം.
സായ്പ് കുന്നിറങ്ങുമ്പോൾ മഴ കൂട്ടു വന്നു. എല്ലാരും 100 രൂപ കോട്ടിലേക്ക് മാറിയതോടെ മല മുകളിൽ ബഹുവർണം. ട്രെക്കിങ് ട്രെയിൽ പല വർണത്തിൽ വരിയായി പോകുന്നത് ഭംഗിയുള്ള കാഴ്ചയാണ്. ഈ ട്രെക്കിൽ മലയാളികൾ മാത്രമല്ല ഒത്തിരി തമിഴ്നാട്, കർണാടക സംഘങ്ങളേയും കാണാനായി. കേരള ടൂറിസം വളരട്ടെ.
തിരിച്ചിറങ്ങും വഴി കാണുന്ന കാറ്റ് കുന്നിലേക്കുള്ള വിദൂര ദൃശ്യം കിടിലനാണ്. കേറി വന്ന അതേ വഴി തന്നെയാണ്. വർത്താനവും തമാശേം പറഞ്ഞ് മാറി മാറി വന്ന മഴയും വെയിലും കൊണ്ട് നടന്നു. മഴയൊന്ന് പെയ്തതോടെ കാറ്റ് കുന്ന് ശരിക്കും കാറ്റ് കുന്നായി. നല്ല തണുപ്പുള്ള വീശിയടിക്കുന്ന കാറ്റ്. മലമേലെ നിന്ന് നോക്കുമ്പോൾ കാണുന്നത് ബാണാസുര ഡാം എരിയയാണ്. സുന്ദരമായ കാഴ്‌ച. വെള്ളത്തിൽ ചുറ്റപ്പെട്ട കുഞ്ഞ് കുഞ്ഞ് തുരുത്തുകൾ. കാണാൻ റോസ് മലയിലെയും കല്യാണതണ്ടിലെയും വ്യൂ പോലെ തന്നെ. റിസർവോയർ എരിയയിൽ സ്പീഡ് ബോട്ടിങ് ഉണ്ട്. അതൊരിക്കൽ ട്രൈ ചെയ്യണം. ത്രില്ലിങ് ആകും. കാണുമ്പോഴെ അറിയാം.
ദൂരെ മൗണ്ടന്‍ ഷാഡോ റിസോട്ട് കാണാം. അതൊരു വേറിട്ട സ്‌റ്റേ അനുഭവം തന്നെയാണ്. മലയുടെ ഒരു വശത്ത് നിന്ന് കോട പൊങ്ങി വരുന്നുണ്ട്. എല്ലാരും പലയിടത്ത് ഇരിപ്പായി. തികഞ്ഞ ശാന്തത. ഇത്ര ദൂരം സഞ്ചരിച്ചതും മല കേറി കഷ്ടപ്പെട്ടതും ഇതിനായിരുന്നു. ഇവിടെ ഈ നിമിഷം ഇങ്ങനെ ഇരിക്കാൻ. പുതിയ കാഴ്ചകൾ പകർത്തി കാറ്റിലും മഴയിലും അലിഞ്ഞ് ചേർന്നു. ബാണാസുര മലയുടെ ഒരംശം ഇപ്പോൾ ഞങ്ങളിലുമുണ്ട്. ഇനി പോകാം.
ഗൈഡിനൊപ്പം തിരിച്ച് നടന്നു. ഇറക്കം സിംപിളാണ്. എല്ലാവർക്കും നല്ല വിശപ്പുണ്ട്. അപ്പോൾ സ്പീഡ് കൂടും. വെറും 45 മിനിറ്റ്സ്. അത്രേ വേണ്ടി വന്നുള്ളൂ. താഴെയെത്തി തണുത്ത ഒരു സർബത്തും പിടിപ്പിച്ച് അങ്ങ് ഇരുന്നു.
ടാ എങ്ങനെണ്ട്..?
ഇത് പെട്ടെന്ന് തീർന്നല്ലോടാ.
എന്ത്..?
ട്രെക്കിങ്ങും പിന്നെ ഈ സർബത്തും.
ട്രെക്കിങ് നിരക്കുകൾ
അഞ്ചു പേർക്ക് 3,110 രൂപ. അധികം വരുന്ന ഓരോരുത്തർക്കും 413 രൂപ വീതം. പരമാവധി ഒമ്പത് പേർ. കൂടെ ഒരു ഗൈഡിനേയും കിട്ടും. രാവിലെ 7:30 മുതൽ 9 വരെയാണ് ട്രെക്കിങ്ങിന് പെർമിഷൻ ലഭിക്കുക.