വിദേശ ടൂറിന് പ്ലാനുണ്ടോ? MALAYSIA വിളിക്കുന്നു, താങ്ങാവുന്ന ചെലവിലൊരു യാത്രയ്ക്ക്

malaysia trip updates

താങ്ങാവുന്ന ചെലവില്‍ വിദേശ വിനോദ യാത്രാ പ്ലാന്‍ മനസ്സിലുണ്ടോ? എങ്കില്‍ മലേഷ്യന്‍ (MALAYSIA) യാത്ര തീര്‍ച്ചയായും പരിഗണിക്കാവുന്ന ഇടമാണ്. ഇന്ത്യക്കാരുടെ ഇഷ്ട കേന്ദ്രങ്ങളിലൊന്നാണ് മലേഷ്യ. 2022ല്‍ 3.24 ലക്ഷം ഇന്ത്യക്കാരാണ് മലേഷ്യ സന്ദര്‍ശിച്ചത്. ഈ വര്‍ഷം ആദ്യ പാദത്തില്‍ മാത്രം 1.64 ലക്ഷം ഇന്ത്യന്‍ സഞ്ചാരികളാണ് അവിടെ എത്തിയത്. മുന്‍ വര്‍ഷത്തെ കണക്കുകള്‍ ഇത്തവണ മറികടക്കുമെന്ന് ഉറപ്പാണ്. വര്‍ഷത്തില്‍ ഏതു സമയത്തും സന്ദര്‍ശിക്കാവുന്ന മികച്ച ഇടം കൂടിയാണ് മലേഷ്യ. ഏറിയ സമയവും ഈര്‍പ്പമുള്ള കാലാവസ്ഥയാണ്. ഏതു സമയത്തും ചാറ്റല്‍മഴ ഉണ്ടാകാം.

ഏഷ്യന്‍ വംശജരുടെ ഒരു സംഗമ ഭൂമി കൂടിയാണ് മലേഷ്യ, മലയ്, ചൈനീസ്, ഇന്ത്യന്‍ വംശജരാണ് ഏറിയ പങ്കും. ഇന്ത്യന്‍ വംശജരില്‍ തമിഴ് വംശജരാണ് വലിയൊരു പങ്ക്. ക്വലലംപൂര്‍ ആണ് പ്രധാന നഗരവും തലസ്ഥാനവും. ഭരണസിരാകേന്ദ്രമായ പുത്രജയ എന്ന പുതിയ നഗരം, ലങ്കാവി, പെനാങ് തുടങ്ങി ഒട്ടേറെ സ്ഥലങ്ങളും കാണാനുണ്ട്.

കൂടുതല്‍ ഇന്ത്യക്കാരെ ആകര്‍ഷിക്കാനായി മലേഷ്യന്‍ ടൂറിസം മന്ത്രാലയം ഇന്ത്യയിലെ ചെറുപട്ടണങ്ങളില്‍ റോഡ് ഷോകളും പ്രചാരണ പരിപാടികളുമായി സജീവമാണ്. കഴിഞ്ഞ ദിവസം കൊച്ചിയിലും ടൂറിസം മലേഷ്യയുടെ റോഡ് ഷോ നടന്നു. മലേഷ്യയുടെ ടൂറിസം വകുപ്പ് സഹമന്ത്രി വൈബി തുവാന്‍ ഖൈറുല്‍ ഫിര്‍ദൗസ് അക്ബര്‍ ഖാന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൊച്ചിയിലെത്തിയത്. മലേഷ്യ ഇക്കൊല്ലം 1.61 കോടി വിനോദ സഞ്ചാരികളെയാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വലിയൊരു പങ്ക് ഇന്ത്യയില്‍ നിന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനായി മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഹോട്ടലുകള്‍, ട്രാവല്‍ ഏജന്റുകള്‍, ടൂറിസം സേവന ദാതാക്കള്‍, കണ്‍സല്‍ട്ടന്റുകള്‍, വിമാന കമ്പനികള്‍, സംസ്ഥാന ടൂറിസം വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ദിവസവും ശരാശരി 22 വിമാനങ്ങള്‍ എന്ന തോതില്‍ ആഴ്ചയില്‍ 158 വിമാന സര്‍വീസുകളാണ് വിവിധ ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് മലേഷ്യയിലേക്കുള്ളത്. ആകെ 30,032 സീറ്റുകള്‍ ലഭ്യമാണ്. മലേഷ്യ എയര്‍ലൈന്‍സ്, ബാതിക് എയര്‍ (മലിന്‍ഡോ), എയര്‍ ഏഷ്യ, ഇന്‍ഡിഗോ എന്നീ കമ്പനികളാണ് സര്‍വീസുകള്‍ നടത്തുന്നത്. കൊച്ചിയില്‍ നിന്നുള്ള 18 വിമാനങ്ങളും ഇതിലുള്‍പ്പെടും.

വിസ രണ്ടു ദിവസത്തിനകം

മലേഷ്യന്‍ യാത്രയ്ക്കുള്ള ഇ-വിസ ഓണ്‍ലൈന്‍ വഴി അപേക്ഷിച്ചാല്‍ രണ്ടു പ്രവര്‍ത്തി ദിവസങ്ങള്‍ക്കുള്ളില്‍ ലഭിക്കും. ഈ സിംഗിള്‍ എന്‍ട്രി വിസയുടെ ഫീസും വളരെ കുറവാണ്. മുന്‍കൂട്ടി ബുക്ക് ചെയ്യുകയാണെങ്കില്‍ വളരെ കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റും ലഭിക്കും. കേരളത്തില്‍ നിന്ന് നിരവധി ഏജന്‍സികള്‍ മലേഷ്യയിലേക്ക് പാക്കേജ് ടൂറുകള്‍ സംഘടിപ്പിക്കുന്നുണ്ട്. 35000-40000 രൂപയാണ് ഒരാള്‍ക്ക് ശരാശരി നിരക്ക്.

Also Read വിദേശ വിനോദ യാത്രാ വിവരണങ്ങൾ വായിക്കാം

Legal permission needed