ന്യൂ ദല്‍ഹി. ഓള് ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് (All India Tourist Permit) ഉള്ള ടൂറിസ്റ്റ് വാഹനങ്ങളില്‍ നിന്ന് സംസ്ഥാന അതിര്‍ത്തികളില്‍ അധിക നികുതി പിരിച്ചെടുക്കുന്നത് നിര്‍ത്തണമെന്നും ഇതു ന്യായീകരിക്കാനാകില്ലെന്നും കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം. ഈ പിരിവ് നിർത്തണമെന്ന് എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്രം നിര്‍ദേശവും നല്കി. പല സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും അതിര്‍ത്തികളില്‍ ടൂറിസ്റ്റ് വാഹനങ്ങളില്‍ നിന്ന് പാസഞ്ചര്‍ നികുതി, ചെക്ക്പോസ്റ്റ് നികുതി, അതിര്‍ത്തി നികുതി തുടങ്ങിയ പേരുകളില്‍ അധികമായി നികുതി പിരിച്ചെടുക്കുന്നത് ശ്രദ്ധയിപ്പെട്ടതിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി. ഇതു നടപ്പിലായാൽ അതിർത്തികളിൽ ടൂറിസ്റ്റ് വാഹനങ്ങളും ടാക്സികളും നേരിടുന്ന ചൂഷണത്തിന് അറുതിയാകും.
ഇതിനെല്ലാമുള്ള നികുതി അടച്ചവര്‍ക്കാണ് ഓള് ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് നല്‍കുന്നത്. ഈ പെര്‍മിറ്റ് ഫീസിനത്തില്‍ ലഭിക്കുന്ന തുക സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. നികുതി വീതംവയ്ക്കുന്ന ഇത്തരമൊരു സംവിധാനം നിലനില്‍ക്കെ അതിര്‍ത്തികളില്‍ ടൂറിസ്റ്റ് വാഹനങ്ങളില്‍ നിന്ന് അധികമായി നികുതി പിരിച്ചെടുക്കുന്നത് അവസാനിപ്പിക്കണമെന്ന് എല്ലാ സംസ്ഥാനങ്ങളിലേയും പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ക്കും ഗതാഗത സെക്രട്ടറിമാര്‍ക്കും കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതിനെതിരായ പ്രവര്‍ത്തിക്കുന്നത് ന്യായീകരിക്കാനാകില്ലെന്നും ടൂറിസ്റ്റുകളുടെ സ്വതന്ത്ര സഞ്ചാരത്തെ തടസ്സപ്പെടത്തുന്നതാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.
ഗതാഗത സേവനങ്ങളും അതുമായി ബന്ധപ്പെട്ട ചട്ടങ്ങളും നിയന്ത്രണങ്ങളും നടപ്പിലാക്കുന്നതും സംസ്ഥാന സര്‍ക്കാരിന്റെ അധികാരപരിധിയില്‍ വരുന്നതാണെങ്കിലും 1988ലെ മോട്ടോര്‍ വാഹന നിയമ (Motor Vehicle Act, 1988) പ്രകാരം ഗതാഗത സേവന മേഖലയിലെ ടൂറിസം പ്രോത്സാഹന ചട്ടങ്ങള്‍ നടപ്പിലാക്കാനും ഓള് ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് നല്കുന്നതിനുമുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനാണ്. ഈ പെര്‍മിറ്റുകളുടെ അടിസ്ഥാനത്തിലാണ് ടൂറിസ്റ്റ് വാഹനങ്ങള്‍ അന്തര്‍സംസ്ഥാന സര്‍വീസുകള്‍ നടത്തുന്നത്.
2023ലെ ഏറ്റവും പുതിയ ഓള് ഇന്ത്യ ടൂറിസ്റ്റ് വെഹിക്ക്ള്‍സ് (പെര്‍മിറ്റ്) ചട്ടങ്ങള്‍ (All-lndia Tourist Vehicles (Permit) Rules, 2023) മേയ് മാസം മുതല്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. രാജ്യത്തുടനീളം ടൂറിസ്റ്റുകള്‍ക്ക് തടസ്സങ്ങളില്ലാതെ യാത്ര സുഗമമാക്കുന്നതിനാണ് ഈ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ക്ക് നല്‍കുന്നത്. ചട്ടം മൂന്ന് പ്രകാരം ഇതിനുള്ള ഫീസും വാങ്ങുന്നു. തൊട്ടടുത്ത മാസം തന്നെ ഈ ഫീസ് അതത് സംസ്ഥാനങ്ങളുമായി പങ്കുവയക്കുകയും ചെയ്യണമെന്നാണ് മൂന്നാം ചട്ടം വ്യക്തമാക്കുന്നത്. ഈ പരിഷ്ക്കരിച്ച ചട്ടങ്ങളെ കുറിച്ച് അറിവില്ലാത്തതു മൂലമാണ് ചില സംസ്ഥാനങ്ങള്‍ അധിക പെര്‍മിറ്റ് ഫീസ് പരിക്കുന്നത്.